

ഒരു സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് എന്ന നിലയിൽ എന്റെ ഒപിയിൽ ദിവസവും പലതരം വയറുവേദനകളുമായി രോഗികളെത്താറുണ്ട്. കഴിഞ്ഞ ദിവസം വന്ന രമയുടെ (പേര് യഥാർത്ഥമല്ല) കാര്യം പറയാം. ഇടയ്ക്കിടെ വരുന്ന കഠിനമായ വയറുവേദന, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയായിരുന്നു അവരുടെ പ്രശ്നം. വിശേഷദിവസങ്ങളിൽ നല്ലപോലെ ഭക്ഷണം കഴിച്ചാൽ അന്ന് രാത്രി ഉറപ്പായും വേദന തുടങ്ങും.
വലതുവശത്തെ വാരിയെല്ലിന് താഴെ തുടങ്ങി പുറത്തേക്ക് പടരുന്ന വേദന. പലപ്പോഴും ഗ്യാസ്ട്രബിളിനുള്ള മരുന്ന് കഴിച്ച് ആശ്വാസം കണ്ടെത്തും. വിശദമായി ലക്ഷണങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എനിക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. ഭക്ഷണശേഷം, പ്രത്യേകിച്ച് കൊഴുപ്പടങ്ങിയവ കഴിക്കുമ്പോൾ വരുന്ന വേദന, വലതു തോളിലേക്ക് പടരുന്ന അസ്വസ്ഥത - ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരേ ദിക്കിലേക്കാണ്. ഒരു അൾട്രാസൗണ്ട് സ്കാൻ നിർദ്ദേശിച്ചു, ഫലം വന്നപ്പോൾ സംശയം ശരിയായിരുന്നു: രമയുടെ പ്രശ്നം പിത്താശയക്കല്ലായിരുന്നു.
ഈ രോഗിയുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. എന്റെയടുത്തെത്തുന്ന നിരവധിയാളുകളിൽ കണ്ടുവരുന്ന, എന്നാൽ പലപ്പോഴും വൈകി തിരിച്ചറിയപ്പെടുന്ന ഒരവസ്ഥയാണിത്. അതുകൊണ്ട് എന്താണ് പിത്താശയത്തിലെ കല്ലുകൾ എന്നും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും വിശദീകരിക്കാം.
നമ്മുടെ ദഹനപ്രക്രിയയിലെ ഒരു പ്രധാന സഹായിയാണ് കരളിന് താഴെ സ്ഥിതി ചെയ്യുന്ന പിത്താശയം. കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുകയും ആവശ്യാനുസരണം ചെറുകുടലിലേക്ക് എത്തിക്കുകയുമാണ് ഇതിന്റെ ധർമ്മം. ഈ പിത്തരസത്തിലെ ഘടകങ്ങളുടെ അളവ് തെറ്റുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പിത്തരസത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴോ ബിലിറൂബിൻ പോലുള്ള പദാർത്ഥങ്ങൾ അധികമാകുമ്പോഴോ അവ സാന്ദ്രീകരിച്ച് കട്ടിയുള്ള ക്രിസ്റ്റലുകളായി മാറും. കാലക്രമേണ ഈ ക്രിസ്റ്റലുകൾ ഒന്നിച്ചുചേർന്ന് വലുതായി കല്ലുകളായി രൂപാന്തരപ്പെടുന്നു. കൊളസ്‌ട്രോൾ കല്ലുകളാണ് ഇവയിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.
കാരണങ്ങളും സാധ്യതകളും
എന്തുകൊണ്ട് ചിലരിൽ മാത്രം ഇത് രൂപപ്പെടുന്നു എന്നതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നതിന് പിന്നിൽ ഈസ്ട്രജൻ ഹോർമോണിന് ഒരു പങ്കുണ്ട്. ഗർഭകാലത്തും ഹോർമോൺ ചികിത്സയുടെ ഭാഗമായും ഇത് സംഭവിക്കാം. അമിതവണ്ണം, നാൽപത് വയസ്സിന് മുകളിലുള്ള പ്രായം, പാരമ്പര്യം എന്നിവ പ്രധാന ഘടകങ്ങളാണ്. പെട്ടെന്ന് തടി കുറയ്ക്കുന്നതും ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നതും പിത്താശയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കല്ലുകൾ രൂപപ്പെടാൻ കാരണമാകുകയും ചെയ്യും.
തിരിച്ചറിയേണ്ട ലക്ഷണങ്ങൾ
പിത്താശയത്തിൽ കല്ലുണ്ടെന്ന് കരുതി എല്ലാവർക്കും ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പലരിലും യാദൃശ്ചികമായി മറ്റ് ആവശ്യങ്ങൾക്കായി സ്കാൻ ചെയ്യുമ്പോഴാണ് ഇത് കണ്ടെത്തുന്നത്. എന്നാൽ കല്ലുകൾ പിത്തനാളിയിൽ തടസ്സമുണ്ടാക്കുമ്പോൾ 'ബിലിയറി കോളിക്' (Biliary Colic) എന്നറിയപ്പെടുന്ന കഠിനമായ വേദന അനുഭവപ്പെടാം. പിത്താശയം ശക്തിയായി സങ്കോചിക്കുന്നതിന്റെ ഫലമായാണ് ഈ വേദന ഉണ്ടാകുന്നത്. ഇത് സാധാരണയായി 30 മിനിറ്റ് മുതൽ പല മണിക്കൂറുകൾ വരെ നീണ്ടുനിൽക്കാം. വേദനയോടൊപ്പം ഓക്കാനം, ഛർദ്ദി എന്നിവയും ഉണ്ടാകാം.
രോഗനിർണയവും സങ്കീർണതകളും
ലക്ഷണങ്ങൾ കേട്ടുകഴിഞ്ഞാൽ, രോഗനിർണയം ഉറപ്പിക്കാനുള്ള ഏറ്റവും ലളിതവും കൃത്യവുമായ മാർഗ്ഗം വയറിന്റെ ഒരു അൾട്രാസൗണ്ട് സ്കാനിംഗ് ആണ്. ഇത് പൂർണ്ണമായും സുരക്ഷിതമാണ്. ചികിത്സ വൈകുന്നത് പലപ്പോഴും കാര്യങ്ങൾ സങ്കീർണ്ണമാക്കും. കല്ലുകൾ പിത്തനാളിയിൽ സ്ഥിരമായി തടസ്സമുണ്ടാക്കിയാൽ പിത്താശയത്തിൽ അണുബാധയും നീർക്കെട്ടും (Acute Cholecystitis) ഉണ്ടാകാം. ഇത് കടുത്ത പനിയിലേക്കും വേദനയിലേക്കും നയിക്കും.
കല്ല് പൊതുപിത്തനാളിയിലേക്ക് (Common Bile Duct) നീങ്ങിയാൽ പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് മഞ്ഞപ്പിത്തം ഉണ്ടാകാം. ഏറ്റവും അപകടകരമായ അവസ്ഥ, ഈ കല്ല് ആഗ്നേയഗ്രന്ഥിയുടെ (Pancreas) കുഴലിന് തടസ്സമുണ്ടാക്കി അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതാണ്.
ചികിത്സാരീതിയും യാഥാർത്ഥ്യങ്ങളും
പിത്താശയക്കല്ലിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഏറ്റവും മികച്ചതും ശാശ്വതവുമായ പരിഹാരം ശസ്ത്രക്രിയയിലൂടെ പിത്താശയം നീക്കം ചെയ്യുക എന്നതാണ്. മരുന്ന് കഴിച്ച് കല്ല് അലിയിച്ചു കളയാം എന്ന് പലരും ധരിച്ചുവെച്ചിട്ടുണ്ട്. എന്നാൽ ഇത് വളരെ ചെറിയ ശതമാനം രോഗികളിൽ മാത്രമേ ഫലപ്രദമാകൂ. മാത്രമല്ല, മരുന്ന് നിർത്തിയാൽ കല്ലുകൾ വീണ്ടും രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
ഇന്ന് ഈ ശസ്ത്രക്രിയയുടെ 'ഗോൾഡ് സ്റ്റാൻഡേർഡ്' രീതി താക്കോൽദ്വാര ശസ്ത്രക്രിയയാണ്. വയറിൽ വലിയ മുറിവുണ്ടാക്കുന്നതിന് പകരം ചെറിയ സുഷിരങ്ങളിലൂടെ കാമറയും ഉപകരണങ്ങളും കടത്തിയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാം, വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിക്കും.
ആവർത്തിച്ചു വരുന്ന വയറുവേദന, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ എന്നിവയെ കേവലം 'ഗ്യാസ്ട്രബിൾ' എന്ന് മുദ്രകുത്തി സ്വയം ചികിത്സിക്കരുത്. പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ ഈ പ്രശ്നങ്ങൾ വർധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സഹായം തേടണം. ശരിയായ സമയത്തുള്ള രോഗനിർണയവും ചികിത്സയും അപകടകരമായ പല സങ്കീർണതകളിൽ നിന്നും നമ്മെ രക്ഷിക്കും. ആധുനിക ശസ്ത്രക്രിയാ രീതികളിലൂടെ വളരെ സുരക്ഷിതമായി ഈ പ്രശ്നത്തെ മറികടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ ഇന്ന് സാധ്യമാണ്.
തയ്യാറാക്കിയത്: സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകന്‍, ഡോ. ബൈജു സേനാധിപൻ, ലാപ്പറോസ്കോപ്പിക് ആൻഡ് സർജിക്കൽ ഗാസ്ട്രോ എന്ററോളജിസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates