
വർഷംതോറും ലോകമെമ്പാടും ഏതാണ്ട് 20 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഏതെങ്കിലും തരത്തിലുള്ള കാൻസർ സ്ഥിരീകരിക്കുന്നത്. ഇതിൽ ഏകദേശം 9.5 ദശലക്ഷം ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. രോഗം ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുന്നതാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.
കാൻസർ സാധ്യത തിരിച്ചറിയുന്നതിന് ഇപ്പോൾ പല സ്ക്രീനിങ് പരിശോധനകളും നിലവിലുണ്ട്. അത് പ്രയോജനപ്പെടുത്തുന്നത് കാൻസർ വരുന്നതിന് മുൻപ് തന്നെ അവയെ പ്രതിരോധിക്കാൻ സഹായിക്കും. പ്രായം കൂടുന്തോറും കാൻസർ വരാനുള്ള സാധ്യത വർധിക്കുന്നതിനാൽ പ്രായം ഒരു പ്രധാന അപകട ഘടകമാണ്.
കുടുംബത്തോടെ സ്ഥിരമായി ഒരു ഫിസിഷ്യനെ തന്നെ കാണുന്നത് കുടുംബത്തിൽ കാൻസറിന്റെ ചരിത്രത്തെ കുറിച്ചും അല്ലെങ്കിൽ അസാധാരണമായ ശാരീരിക മാറ്റങ്ങളെ കുറിച്ചും കൃത്യമായി രേഖപ്പെടുത്താന്‍ സഹായിക്കും. ഇടയ്ക്കിടെ പ്രായം അല്ലെങ്കിൽ മറ്റ് അപകട ഘടകങ്ങൾ (കുടുംബ ചരിത്രം, ശാരീരിക ലക്ഷണങ്ങൾ) അടിസ്ഥാനമാക്കി പ്രത്യേകിച്ച് സ്തനാർബുദത്തിന് ശാരീരിക പരിശോധനയ്ക്കും പ്രോസ്റ്റേറ്റ് കാൻസറിനുള്ള ഡിജിറ്റൽ റെക്ടൽ പരിശോധനയ്ക്കും വിധേയമാകാം. വര്‍ഷത്തിലൊരിക്കല്‍ സമഗ്രമായ രക്തപരിശോധന നടത്തുന്നത് വിശദമായ വിലയിരുത്തലിന് സഹായിക്കും.
പല കാൻസറുകളും വരാനുള്ള പ്രധാന ഘടകം ജനികതമാണ്. കുടുംബത്തില്‍ കാന്‍സര്‍ പാരമ്പര്യം ഉള്ളവര്‍ പ്രീ-എംപ്റ്റീവ് ജനിതക പരിശോധന നടത്തുന്നത് കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാനും നിരീക്ഷണം ശക്തമാക്കാനും സഹായിക്കും. എന്നാൽ കുറഞ്ഞ അപകടസാധ്യത കാണിക്കുന്ന ഒരു ജനിതക പരിശോധനാ ഫലം ഒരാൾക്ക് ഒരിക്കലും കാൻസർ വരില്ല എന്നല്ല അർത്ഥമാക്കുന്നത്.
21 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് സാധാരണയായി ശുപാർശ ചെയ്യുന്ന ഒരു പരിശോധനയാണ് പാപ് സ്മിയർ. 21 വയസ് മുതൽ 65 വയസ് വരെ മൂന്ന് വർഷത്തിലൊരിക്കൽ ഈ പരിശോധന നടത്താം. കൂടാതെ, ഇടയ്ക്കിടെ, സാധാരണയായി 5 വർഷത്തിലൊരിക്കൽ ഒരു എച്ച്പിവി പരിശോധനയും നടത്താവുന്നതാണ്. സ്ത്രീകളിൽ സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് തടയുന്നതിനും കുറയ്ക്കുന്നതിനും അടുത്തിടെ എച്ച്പിവി വാക്സിനേഷനുകളും നിലവിലുണ്ട്.
21 വയസിനു ശേഷം പ്രതിമാസം നടത്തുന്ന ശാരീരിക സ്തന സ്വയം പരിശോധനകളും ജനിതക പരിശോധനയും സ്തനാർബുദത്തിന് മുൻകൂറായി നടത്തേണ്ട പ്രധാന പരിശോധനകളാണ്. കൂടാതെ ജനിതക ഘടകം സ്തനാർബുദ സാധ്യത വർധിപ്പിക്കും. മറ്റ് അപകട ഘടകങ്ങളുടെ അഭാവത്തിൽ പോലും 40 വയസിനു ശേഷം വർഷം തോറും മാമോഗ്രാം നടത്തണം.
50 വയസിനു ശേഷം കാൻസർ വരാനുള്ള ശരാശരി സാധ്യതയുള്ള പുരുഷന്മാർക്ക് എല്ലാ വർഷവും പ്രോസ്റ്റേറ്റ് കാൻസറിനുള്ള സ്ക്രീനിങ് നടത്തണം. സാധാരണയായി 50 വയസിൽ സ്ക്രീനിങ് ആരംഭിക്കും, എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള പുരുഷന്മാർക്ക് 45 വയസിൽ സ്ക്രീനിങ് ആരംഭിക്കാം. പ്രധാന സ്ക്രീനിങ് പരിശോധനയിൽ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ (പിഎസ്എ) അളവ് കണക്കാക്കുന്ന ഒരു രക്തപരിശോധനയും ശാരീരിക പരിശോധനയായ ഡിജിറ്റൽ റെക്ടൽ എക്സാമും (ഡിആർഇ) ആണ് ഉള്ളത്. സാധാരണയായി, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനുള്ള ഏറ്റവും വലിയ അപകട ഘടക പ്രായമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates