

കേരളത്തിൽ കാൻസർ ചികിത്സയ്ക്ക് മുൻപ്, ട്യൂമർ ബോർഡ് അവലോകനം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നത് വളരെ കുറവാണ്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റും കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുൻ ഡയറക്ടറുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ്. 2000-ൽ സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ രൂപീകരിക്കുകയും ദേശീയ കാൻസർ ഗ്രിഡ് പിന്തുടരുകയും ചെയ്യുന്നുണ്ട്. KASP ഇൻഷുറൻസിന് കീഴിൽ, ട്യൂമർ ബോർഡ് അവലോകനം നിർബന്ധമാണ്. എന്നാൽ പലപ്പോഴും ഇത് കടലാസിൽ ഒതുങ്ങുകയാണ് ചെയ്യുന്നതെന്നും ഡോ. മോനി എബ്രഹാം കുര്യാക്കോസ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസിന്റെ ഡയലോഗ്സിൽ പറഞ്ഞു.
വികസിത രാജ്യങ്ങളിൽ ലഭ്യമായ മിക്കവാറും എല്ലാ നൂതന സംവിധാനങ്ങളും മരുന്നുകളും കേരളത്തിലും ലഭ്യമാണ്. എന്നാൽ പ്രോസസ്, പ്രോട്ടോക്കോൾ അടിസ്ഥാനമായ പരിചരണം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇവിടെ രോഗികൾ പലപ്പോഴും 'ഡോക്ടർ ഷോപ്പിങ്' നടത്തുന്നു. സ്ഥിരതയില്ലാതെ പല ചികിത്സയിലേക്കും, പല ഡോക്ടമാരുടെ അടുത്തേക്കും അച്ചടക്കം ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. സ്തനാർബുദ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് 60 ശതമാനം വരെ കുറവാണ്.
ഹൃദയാഘാതം പോലെ കാൻസർ ഒരു അടിയന്തര അവസ്ഥയല്ല, എന്നാൽ ഭയം പലപ്പോഴും രോഗികളെ വലിയ കേന്ദ്രങ്ങളിലേക്ക് തള്ളിവിടുകയും ഏകോപിത പരിചരണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചികിത്സയിൽ സ്ഥിരത ഇല്ലാതാക്കുകയും അച്ചടക്കം സംയോജനത്തിന്റെ അഭാവം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
ഓങ്കോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് രോഗികൾ ട്യൂമർ ബോർഡിന് സമീപിക്കേണ്ടത്. ഓരോ കേസുകളും ട്യൂമർ ബോർഡ് ചർച്ച ചെയ്യുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു. കേരളത്തിന് സമാനമായ ജനസംഖ്യയുള്ള പ്രദേശമാണ് വെയിൽസ്, അവിടെ ആകെ രണ്ട് പ്രധാന കാൻസർ സെന്ററുകൾ മാത്രമാണ് ഉള്ളത്. എന്നാൽ എല്ലാ ജില്ലാ ആശുപത്രികളിലും മിക്ക കാൻസർ ചികിത്സകളും ലഭ്യമാണ്. പ്രോട്ടോക്കോളും ഓങ്കോളജി പരിചരണവും അവർ കർശനമായി പാലിക്കുന്നതു കൊണ്ട് ഫലങ്ങളും മികച്ചതാണ്. അത്തരമൊരു അച്ചടക്കമുള്ള സംവിധാനമാണ് നമുക്കും വേണ്ടതെന്നും ഡോ. മോനി എബ്രഹാം കുര്യാക്കോസ് വ്യക്തമാക്കി.
ട്യൂമർ ബോർഡുകൾ ഇല്ലാതെ ആശുപത്രികൾ രോഗികളെ ചികിത്സിക്കുന്നത് അപകടമാണ്. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് രോഗികളും കുടുംബങ്ങളും ട്യൂമർ ബോർഡ് വിലയിരുത്തലിന് നിർബന്ധിക്കണം. ഏകദേശം 30 ശതമാനം കാൻസറുകളും തടയാൻ സാധിക്കുന്നതാണ്. നേരത്തെ കണ്ടെത്തിയാൽ മറ്റൊരു 30 ശതമാനം കേസുകളും ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കും. പുകയിലയുടെ ഉപയോഗം, മദ്യപാനം, പൊണ്ണത്തടി, നാരുകൾ കുറഞ്ഞ ഭക്ഷണക്രമം, നിഷ്ക്രിയത്വം എന്നിവ ഒഴിവാക്കുന്ന അപകട സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
അൾട്രാസൗണ്ട് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ യുഎസിലും ദക്ഷിണ കൊറിയയിലും തൈറോയ്ഡ് കാൻസർ 100 മടങ്ങ് വർധിച്ചു. എന്നാൽ മരണനിരക്ക് വർധിച്ചിട്ടില്ല. കേരളത്തിലും ഇതേ രീതിയാണ് കാണാൻ കഴിയുക. ഒരു സെന്റിമീറ്ററിൽ താഴെയുള്ള മുഴകളെ കാൻസറായി കണക്കാക്കരുതെന്നാണ് മാർഗനിർദ്ദേശങ്ങൾ. എന്നാൽ ഭയം രോഗികളെയും ഡോക്ടർമാരെയും അനാവശ്യ ശസ്ത്രക്രിയയിലേക്ക് തള്ളിവിടുന്നു. ചില കാൻസർ കേസുകളിൽ സുസ്ഥിരമായ നിരീക്ഷണം മാത്രം മതിയാകും. ശസ്ത്രക്രിയ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അനാപ്ലാസ്റ്റിക് തൈറോയ്ഡ് കാൻസർ ആണ് ഏറ്റവും അപകടകരമായ കാൻസർ. അവ വളരെ വേഗത്തിൽ പുരോഗമിക്കുന്നതാണ്. അതിജീവന സാധ്യത വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പാൻക്രിയാറ്റിക്, കരൾ കാൻസറുകളും ആക്രമണാത്മകമാണ്. വൈകിയുള്ള രോഗനിർണയമാണ് വെല്ലുവിളിയാകുന്നത്. ഏതാണ്ട് 90 ശതമാനം വൻകുടൽ കാൻസറും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
വളരെ ചെറിയ ശതമാനം മാത്രമാണ് ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നത്. മാംസം കഴിക്കുന്നത് ദോഷകരമല്ല, എന്നാൽ അത് പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് സന്തുലിതമാക്കാൻ ശ്രദ്ധിക്കണം. FIT (മലം ഇമ്മ്യൂണോകെമിക്കൽ ടെസ്റ്റ്) പോലുള്ള ലളിതമായ പരിശോധനകളിലൂടെ വൻകുടൽ കാൻസർ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ആരോഗ്യകരമായ ഡയറ്റ് എന്ന് പറയുമ്പോൾ പ്ലേറ്റിലെ പകുതി ഭക്ഷണം പഴങ്ങളും പച്ചക്കറികളും കാൽഭാഗം കാർബോഹൈഡ്രേറ്റുകളും ബാക്കി പ്രോട്ടീനും ആയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates