അ‍ഞ്ച് വർഷമായി! മാസ്ക് വച്ചതും സാനിറ്റൈസറിട്ട് കൈ കഴുകിയതുമൊക്കെ മറക്കാനാകുമോ? ഓർമയിൽ ഒരു 'മഹാമാരി'ക്കാലം

ആദ്യ മരണത്തോടെ ചൈന അല്‍പം വിറച്ചു പോയി എന്നുള്ളതാണ് സത്യം.
Covid 19
കോവിഡ് 19സമകാലിക മലയാളം
Updated on
4 min read

മാസ്ക് വച്ച് മുഖം മറച്ചാൽ, സാനിറ്റൈസറും സോപ്പും ഉപയോ​ഗിച്ച് കൈ കഴുകിയാൽ പേടിച്ചോടുന്ന കൊറോണ വൈറസ് ലോകത്തെയാകെ തലകീഴായി മറിച്ചിട്ട് അഞ്ച് വർഷമാകുന്നു. 'പോസിറ്റീവ്' എന്ന വാക്കിന് ഭീതിയുടെ മാനം നൽകിയ കോവിഡ് ഒരു 'മഹാമാരി'യായി പ്രഖ്യാപിച്ചിട്ട് അഞ്ച് വയസ് തികയുകയാണ്. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗണ്‍ ദിനങ്ങള്‍. ഒറ്റ ദിവസം കൊണ്ട് എല്ലാവരും വീടിനുള്ളില്‍ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ. ലോകത്താകമാനം മുൻ കരുതലുകൾ സ്വീകരിച്ചെങ്കിലും കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചു കെട്ടാൻ ആയിട്ടില്ല.

കോവിഡ് 19 നാൾവഴികൾ

2019 ഡിസംബര്‍ 10 നാണ് കൊറോണ എന്ന വില്ലന്‍ ആളുകൾക്കിടയിലിറങ്ങി പണി തുടങ്ങിയത്. ചൈനയിലെ വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണ് വൈറസ് ആദ്യം പടർന്നു പിടിച്ചത്. എന്നാല്‍ ഇന്ന് നമ്മൾ കാണുന്നതു പോലെയായിരുന്നില്ല അന്നത്തെ അവസ്ഥ. സ്ഥിതി​ഗതികൾ അത്ര ഭീകരമല്ലാതിരുന്നിടത്തു നിന്നാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറസ് വ്യാപിച്ചു തുടങ്ങിയത്.

ഡിസംബര്‍ 29 ന് വുഹാനിലെ മാര്‍ക്കറ്റിനടുത്ത് ഉള്ള വ്യക്തികളില്‍ പലര്‍ക്കും ന്യുമോണിയ പോലുള്ള അസ്വസ്ഥകള്‍ കാണപ്പെട്ടു.

മാര്‍ക്കറ്റില്‍ പിടിപെട്ടത് പോലെ തന്നെ ഉള്ള അസ്വസ്ഥതകള്‍ ആയിരുന്നു രോഗം പുതുതായി കണ്ടെത്തിയവര്‍ക്കും ഉണ്ടായ ലക്ഷണങ്ങള്‍. ഇതിനെത്തുടര്‍ന്ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 2020 ജനുവരി 1ന് തന്നെ വുഹാനിലെ രോഗം പൊട്ടിപ്പുറപ്പെട്ട മാര്‍ക്കറ്റ് അടച്ചു.

കൊറോണ കുടുംബത്തില്‍ പെട്ട നോവല്‍ കൊറോണ വൈറസ് എന്ന വൈറസാണ് വില്ലനെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ജനുവരി ഏഴിനാണ് ചൈനയിലെ ശാസ്ത്രജ്ഞർ ഈ പുതിയ വൈറസിനെ കണ്ടെത്തിയത്. സാർസ് കോവ് 2 എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയത്. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥകളിലേക്കാണ് പിന്നീട് കാര്യങ്ങള്‍ ചൈനയെ കൊണ്ട് ചെന്ന് എത്തിച്ചത്. ഇതോടൊപ്പം പനിയും രോഗികളെ ബാധിച്ചു കൊണ്ടിരുന്നു. പിന്നീട് ജനുവരി 9ന് ചൈനയില്‍ 44 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Covid 19
കോവിഡ് 19എക്സ്പ്രസ്

ആദ്യ മരണത്തോടെ ചൈന അല്‍പം വിറച്ചു പോയി എന്നുള്ളതാണ് സത്യം. 2020 ജനുവരി 11 ന് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിയ 60 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് മരണപ്പെട്ടത്. പിന്നീടി നിരവധി പേര്‍ രോഗബാധിതരായി മാറുകയും ചെയ്തു.

ജനുവരി 13 ആയപ്പോഴേക്കും ചൈനക്ക് പുറത്ത് തായ്‌ലന്റിലും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. ജനുവരി 20 ന് അമേരിക്കയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 35 വയസുള്ള വാഷിങ്ടണ്ണിൽ സ്ഥിര താമസമാക്കിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിലും കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2020 ജനുവരി 23ന് വുഹാനിലെ പല പ്രദേശങ്ങളും ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. ഇത് കൂടാതെ വുഹാന്‍ സിറ്റിയില്‍ 11 ദശലക്ഷത്തോളം ആളുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി.

ജനുവരി 25-ന് മരണ സംഖ്യ 1000 കടന്നു. ജനുവരി 30 ന് ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ജനുവരി 30-ന് തന്നെ ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. വുഹാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.

Covid 19
കോവിഡ് 19എക്സ്പ്രസ്

ഫെബ്രുവരി 1 ന് ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണം 10000 കടന്നു. ചൈനയില്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണവും വളരെയധികം കൂടി. ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, വിയറ്റനാം എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഫെബ്രുവരി 2 ന് ചൈനക്ക് പുറത്ത് ഫിലിപ്പിന്‍സില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2-ന് കേരളത്തിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

ഫെബ്രുവരി 7 ന് ആദ്യ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ്ങ് കൊറോണ വൈറസ് മൂലം മരണപ്പെട്ടു.

ഫെബ്രുവരി 11 ന് കൊറോണ വൈറസിന് കോവിഡ് 19 എന്ന പേര് നൽകി.

Covid 19
കോവിഡ് 19എക്സ്പ്രസ്

മാര്‍ച്ച് 2 ന് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് എത്തിയ ഒരാള്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 4 ആയപ്പോഴേക്കും കൂടുതല്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 7 ന് ലോകത്താകമാനം ഒരു ലക്ഷം കേസുകള്‍ പിന്നിട്ടു. മാര്‍ച്ച് 8 ഇറ്റലിയില്‍ 60 മില്ല്യണ്‍ ആളുകള്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടു.

മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതേ ദിവസം തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 26 യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള ആളുകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

മാർച്ച് 12 ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ 76 കാരനാണ് മരിച്ചത്.

മാർച്ച് 22 ജനത കർഫ്യു പ്രഖ്യാപിച്ചു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടും 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പിന്നീട് പല തവണ ലോക്ക്ഡൗൺ നീട്ടുകയും ചെയ്തു.

ഏപ്രിൽ നാലിന് ലോകമെമ്പാടുമായി ഒരു മില്യൺ ആളുകളെ കോവിഡ് ബാധിച്ചതായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു.

ഓ​ഗസ്റ്റ് 15 കോവിഡിനെതിരായി ഇന്ത്യയിൽ ആദ്യമായി വാക്സിൻ കണ്ടെത്തി. ഐസിഎംആറിനൊപ്പം സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമിച്ചത്.

ഡിസംബർ 2 കോവിഡ് വാക്സിൻ അം​ഗീകാ‌രം നൽകുന്ന ആദ്യ രാജ്യമായി യുകെ. ഫൈസർ ബയോടെക് വാക്സിൻ ആയിരുന്നു‌ അം​ഗീകാരം. ഡിസംബർ 14 ന് യുകെയിലുള്ള 90 വയസുകാരിയിൽ വാക്സിൻ പരീക്ഷിച്ചു. ഡിസംബർ 31 ന് ലോകാരോ​ഗ്യ സംഘടന ലോകമെമ്പാടും ഫൈസർ വാക്സിന് അം​ഗീകാരം നൽകി.

Covid 19
കോവിഡ് 19എക്സ്പ്രസ്

2021 ജനുവരി 3 കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകൾ ഉപയോ​ഗിക്കാൻ ഇന്ത്യയിൽ അനുമതി നൽകി. ജനുവരി 16 മുതൽ ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വാക്സിൻ ഡ്രൈവ് ആരംഭിച്ചു.

മാർച്ച് 1 മുതിർന്ന പൗരൻമാർക്കും (60 വയസിന് മുകളിൽ) വാക്സിൻ അനുമതി നൽകി. മെയ് 1 കുട്ടികൾക്കും വാക്സിൻ നൽകാൻ ആരംഭിച്ചു.

ജൂൺ 21 ഒരു ദിവസം 86 ലക്ഷം ആളുകൾക്ക് വാക്സിൻ എത്തിക്കുന്ന റെക്കോഡിലേക്ക് ഇന്ത്യയെത്തി.

നവംബർ 21 കൊറോണയുടെ വകഭേദമായ ഒമിക്രോണിനേക്കുറിച്ച് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഡിസംബറിൽ ഇന്ത്യയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തി.

Covid 19
കോവിഡ് 19എക്സ്പ്രസ്

2022 ജനുവരി 3 കൗമാരക്കാരിലേക്കും ഇന്ത്യ വാക്സിൻ നൽകി തുടങ്ങി.

ജനുവരി 20 മൂന്നാം തരം​ഗം അതിതീവ്രതയിലേക്ക് എത്തി.

മാർച്ച് 31 മാസ്ക് ഒഴിച്ചുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം ഇന്ത്യ നീക്കി.

2023 മെയ് 5 കോവിഡ് ഇനി ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോ​ഗ്യ സംഘടന പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി അവസാനിച്ചതായി സ്ഥിരീകരിക്കുന്നു.

അഞ്ചു വര്‍ഷത്തിനിപ്പുറം മാസ്‌കും സാനിറ്റൈസറുമെല്ലാം നമ്മള്‍ ഉപേക്ഷിച്ചെങ്കിലും 2024-ൽ മാത്രം ഏറ്റവും കൂടുതല്‍ കോവിഡ് മരണം കേരളത്തിലാണുണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com