ഒരാളെ പരിചയപ്പെടുമ്പോള്‍ ഒരുപക്ഷെ നമ്മള്‍ ആദ്യം ശ്രദ്ധിക്കുക അവരുടെ കണ്ണുകളായിരിക്കും. അയാളെ കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും ആദ്യം ഓടിയെത്തുകയും അതെ കണ്ണുകള്‍ തന്നെയാകും. ലോകത്ത് മനുഷ്യരുടെ കണ്ണുകള്‍ക്ക് വിശാലമായ ഒരു പാലറ്റുണ്ട്.
ആഫ്രിക്കയിലും ഏഷ്യയിലും ഏറ്റവും സാധാരണമായ നിറം തവിട്ടുനിറമാണ്. അതേസമയം യൂറോപ്പില്‍ നീല കണ്ണുകളുള്ളവരാണ് കൂടുതല്‍. ലോകത്ത് ഏറ്റവും അപൂര്‍വമായി കാണപ്പെടുന്ന നിറം പച്ചയാണ്. ലോക ജനസംഖ്യയില്‍ ആകെ രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പച്ചനിറത്തിലുള്ള കണ്ണുകളുള്ളത്.
എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? മെലാനിന്‍ എന്ന പിഗ്മെന്റ് ആണ് പ്രധാന കാരണം. തവിട്ട് നിറമുള്ള കണ്ണുകളിൽ ഉയർന്ന സാന്ദ്രതയിൽ മെലാനിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകാശത്തെ ആഗിരണം ചെയ്ത് ഇരുണ്ട നിറത്തിലേക്ക് ആകുന്നു. എന്നാല്‍ നീലക്കണ്ണുകളിൽ വളരെ കുറച്ച് മെലാനിൻ മാത്രമേ ഉണ്ടാകൂ.
അവയുടെ നിറം പിഗ്മെന്റിൽ നിന്നല്ല, മറിച്ച് ഐറിസിനുള്ളില്‍ പ്രകാശം തട്ടുന്നതിലൂടെയാണ് സംഭവിക്കുന്നത്. ആകാശത്തെ നീല നിറമാക്കുന്ന ടിൻഡാൽ ഇഫക്റ്റിന് സമാനമാണിത്. മെലാനിന്റെ സാന്ദ്രത കുറവായതിനാൽ, പ്രകാശം ആഗിരണം ചെയ്യപ്പെടുന്നതിന്റെ അളവും കുറയുന്നു. പ്രകാശ തട്ടി തെറിക്കുക മൂലം മിതമായ അളവിൽ മെലാനിൻ പാളിയായി കൂടിച്ചേർന്ന് ഒരു സന്തുലിതാവസ്ഥയിൽ നിന്നാണ് പച്ച കണ്ണുകൾ ഉണ്ടാകുന്നത്.
പല ജീനുകളും കണ്ണുകളുടെ നിറം നിർണയിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരേ കുടുംബത്തിലെ കുട്ടികൾക്ക് വ്യത്യസ്ത നിറമുള്ള കണ്ണുകള്‍ ഉണ്ടാകാനുള്ള കാരണവും, നീല കണ്ണുള്ള മാതാപിതാക്കൾക്ക് ചിലപ്പോൾ പച്ചയോ ഇളം തവിട്ടുനിറമോ ആയ കണ്ണുകളുള്ള കുട്ടികൾ ഉണ്ടാകാനുള്ള കാരണവും ഇതാകാമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.
കുട്ടികള്‍ വളരുമ്പോള്‍ കാലക്രമേണ മെലാനിന്‍റെ അളവു കൂടുമ്പോള്‍ കണ്ണുകളുടെ നിറവും കാലക്രമേണ ചെറിയ തോതില്‍ വ്യത്യാസം വരാം. പ്രായപൂർത്തിയായപ്പോൾ, കണ്ണുകളുടെ നിറം കൂടുതൽ സ്ഥിരതയുള്ളതാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates