

നമ്മുടെ ഈ ഇരിപ്പ് തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുമോ? അതെ, എന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇരിക്കുമ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
എല്ലാ ഇരിപ്പും ഒരുപോലെയല്ല. ഉദ്ദാഹരണത്തിന്, സ്ഥിരമായി ടിവി കണ്ടുകൊണ്ട് സോഫയിൽ മാനസികമായി നിഷ്ക്രിയമായി ഇരിക്കുന്ന മുതിർന്നവർക്ക്, പിന്നീട് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇരിക്കുമ്പോൾ വായിക്കുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുക, ഗെയിം അല്ലെങ്കിൽ പസിലുകൾ പരിഹരിക്കുക തുടങ്ങിയ മാനസികമായി ഉത്തേജിപ്പിക്കുന്ന പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് നേരത്തെ പറഞ്ഞ വിഭാഗത്തെ അപേക്ഷിച്ച് ഡിമെൻഷ്യ സാധ്യത കുറവായിരിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
നാം ഇരിക്കുമ്പോൾ ഊർജ്ജ ചെലവ് വളരെ കുറച്ചു മാത്രമാണ് ഉണ്ടാകുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ തോത് അനുസരിച്ച് അതിൽ വ്യത്യാസമുണ്ടാകാമെന്ന് പഠനത്തിന് നേതൃത്വം വഹിച്ച സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ മാറ്റ്സ് ഹാൾഗ്രെൻ പറയുന്നു. നമ്മൾ ഇരിക്കുമ്പോൾ നമ്മുടെ തലച്ചോറ് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ഭാവിയിലെ വൈജ്ഞാനിക പ്രവർത്തനത്തിന്റെ നിർണായക ഘടകമാണെന്ന് പഠനം സൂചിപ്പിക്കുന്നു, ഇത് ഡിമെൻഷ്യയുടെ ആരംഭം പ്രവചിക്കാൻ ഇത് സഹായിക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു.
35 മുതൽ 64 വരെ പ്രായമായ 20,811 പേരാണ് പഠന വിധേയമായത്. ഇവർ ദിവസം മുഴുവൻ എത്ര നേരം ഇരിക്കുന്നുവെന്നതുൾപ്പെടെ അവരുടെ സാധാരണ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചുള്ള സർവേ പൂർത്തിയാക്കി. അവർ എങ്ങനെയാണ് ഉദാസീനമായ സമയം ചെലവഴിച്ചതെന്നതിനെ കുറിച്ചും വിശദമായ വിവരങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. 19 വർഷം നീണ്ടുനിന്ന പഠനത്തിൽ നിഷ്ക്രിയമായി ഉദാസീനമായി ഇരിപ്പ് തുടരുന്നവരിൽ 569 പേർക്ക് അൽഷിമേഴ്സ് രോഗം അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ഡിമെൻഷ്യ ബാധിച്ചതായി കണ്ടെത്തി.
മാനസികമായി നിഷ്ക്രിയമായ ഉദാസീനമായ പെരുമാറ്റങ്ങൾ ഡിമെൻഷ്യ വരാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. ഒരു ദിവസം ഒരു മണിക്കൂർ നിഷ്ക്രിയമായ ഉദാസീനമായ ഇരിപ്പിന് പകരം അതേ അളവിൽ മാനസികമായി സജീവമായ ഉദാസീനമായ പെരുമാറ്റം നടത്തുന്നത് ഡിമെൻഷ്യ സാധ്യതയിൽ ഏഴ് ശതമാനം വരെ കുറയുമെന്ന് ഗവേഷകർ പറയുന്നു. ഒരു ദിവസം മാനസികമായി സജീവമായ പെരുമാറ്റം നടത്തുന്ന ഓരോ അധിക മണിക്കൂറും ഡിമെൻഷ്യ വരാനുള്ള സാധ്യതയിൽ നാല് ശതമാനം കുറവുണ്ടാക്കുന്നു.
എന്നാൽ നിഷ്ക്രിയ ഇരിപ്പും ഡിമെൻഷ്യ അപകടസാധ്യതയും തമ്മിലുള്ള ബന്ധം മാത്രമാണ് പഠനത്തിൽ പറയുന്നത്. ഇതിന് പിന്നിലെ കാരണവും ഫലവും തെളിയിക്കാൻ പഠനത്തിനായിട്ടില്ല. ഭൂരിഭാഗം മുതിർന്നവരും ഒരു ദിവസം ഒമ്പത് മുതൽ 10 മണിക്കൂർ വരെ ഇരിക്കുന്നതിനാൽ, കണ്ടെത്തലുകൾക്ക് വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ദീർഘനേരം തടസ്സമില്ലാതെ ഇരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, വിഷാദം എന്നിവയ്ക്ക് ഒരു അപകട ഘടകമാണെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇവയെല്ലാം അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates