
അടുത്തകാലത്തായി പോഷകക്കുറവു മൂലമുണ്ടാകുന്ന രോഗങ്ങളുടെ നിരക്ക് വർധിച്ചു വരികയാണ്. ഭക്ഷണക്രമത്തില്‍ നിന്ന് ശരീരത്തിന് ആവശ്യമായ പോഷങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് പോഷകക്കുറവ് ഉണ്ടാകുന്നത്. വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഓര്‍മക്കുറവ് മുതല്‍ വിഷാദ രോഗത്തിന് വരെ പോഷകക്കുറവ് കാരണമാകാം. ചില പോഷകങ്ങളുടെ അഭാവം നിങ്ങളെ നിത്യ രോഗിയാക്കാം.
വിളർച്ചയുടെ പ്രധാന കാരണം ശരീരത്തിൽ ഇരുമ്പിന്റെ അഭാവമാണ്. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ പ്രോട്ടീൻ ഘടനകകളുടെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു.
ക്ഷീണം, കുട്ടിക്കാലത്തെ വൈജ്ഞാനികവും സാമൂഹികവുമായ വളർച്ച മന്ദഗതിയിലാകുക, ശരീര താപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക, നാവിൻ്റെ വീക്കം എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ.
ഭക്ഷണത്തില്‍ ഇരുമ്പിന്‍റെ അംശം മതിയായ അളവില്‍ ഇല്ലാത്തത്, ഗർഭധാരണം, ആർത്തവം, ആന്തരിക രക്തസ്രാവം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ, എൻഡോമെട്രിയോസിസ് എന്നിവ ശരീത്തില്‍ ഇരുമ്പിന്‍റെ അഭാവത്തിന് കാരണമാകാം.
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ പോഷകമാണ് വിറ്റാമിന്‍ ബി 12. ജനസംഖ്യയുടെ 15 ശതമാനത്തോളം ആളുകളിൽ വിറ്റാമിൻ 12-ന്റെ അഭാവം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിളർച്ച, ക്ഷീണം, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. കൈകളിലും കാലുകളിലും മരവിപ്പ്, തരിപ്പ് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ചിലരിൽ ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുക, വിഷാദം, ആശയക്കുഴപ്പം, ഡിമെൻഷ്യ തുടങ്ങിയവയും വിറ്റാമിൻ ബി12ന്റെ അഭാവത്തെ തുടർന്ന് സംഭവിക്കാം.
കൊളാജൻ, എൽ-കാർനിറ്റൈൻ, ചില ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നിവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകമാണ് വിറ്റാമിൻ സി. കൂടാതെ പ്രോട്ടീൻ മെറ്റബോളിസത്തിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും വിറ്റിമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സിയുടെ കുറവ് സ്കർവിക്ക് എന്ന രോഗാവസ്ഥയിലേക്ക് നയിക്കും.
സിട്രസ് പഴങ്ങൾ, തക്കാളി, ഉരുളക്കിഴങ്ങ്, ബെൽ പെപ്പർ, കിവി, ബ്രോക്കോളി, സ്ട്രോബെറി തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്നത് പലതരത്തിലുള്ള രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്ന അവസ്ഥയാണ് ഹൈപ്പോകാല്‍സീമിയ.
മാംസപേശികള്‍ക്ക് വേദന, ആശയക്കുഴപ്പം, ക്ഷീണം, ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുക തുടങ്ങിയവയാണ് ഹൈപ്പോകാല്‍സീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനത്തെയും മാനസികവ്യക്തതയെയും കാല്‍സ്യത്തിന്‍റെ അഭാവം ബാധിക്കാം.
ശരീരത്തിലെ കാൽസ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിർത്താനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. ഇത് പേശികളുടെ ചലനത്തിനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും സഹായിക്കും. വിറ്റാമിൻ ഡിയുടെ അഭാവം ഓസ്റ്റിയോമലാസിയ എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അസ്ഥി വേദനയ്ക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു.
ക്ഷീണം, അസ്ഥി വേദന, പേശികൾക്ക് ബലക്കുറവ്, പേശി വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ.
സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുക. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ്, സോയ പാൽ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates