

കോവിഡ് മഹാമാരിയുടെ വ്യത്യസ്ത വകഭേദങ്ങൾ പല രാജ്യങ്ങളിലും ദുരന്തം വിതച്ചു കൊണ്ടിരിക്കുകയാണ്. ആൽഫ, ഡെൽറ്റ, കപ്പ തുടങ്ങി നിരവധി വകഭേദങ്ങൾക്കാണ് യഥാർഥ കൊറോണ വൈറസിന് പുറമേ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്തരത്തിൽ ഒരേ പ്രദേശത്ത് തന്നെ നിരവധി വകഭേദങ്ങൾ പടർന്നിരിക്കുന്ന സാഹചര്യത്തിൽ ഒരു രോഗിക്ക് ഒന്നിലധികം വകഭേദങ്ങൾ ഒരുമിച്ച് പിടിപെടാമോ എന്നതാണ് സംശയം. ബെൽജിയത്തിൽ 90 വയസ്സുകാരിക്ക് പിടിപെട്ട ഇരട്ട അണുബാധ ഈ സംശയങ്ങളെ സ്ഥിരീകരിക്കുകയാണ്
ഒരേ സമയം ആൽഫ, ബീറ്റ വകഭേദങ്ങളാണ് രോഗിയിൽ കണ്ടെത്തിയത്. ഈ വർഷം മാർച്ചിലാണ് ഇവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ചു ദിവസങ്ങൾക്കു ശേഷം ഇവർ മരണത്തിന് കീഴടങ്ങി.
അപൂർവമാണെങ്കിലും ഇരട്ട അണുബാധ അസാധ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗബാധിതരായ ഒന്നിലധികം ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് അവരിൽ നിന്നെല്ലാം വൈറസ് പിടിപെടാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ കയറി എല്ലാ കോശങ്ങളെയും ബാധിക്കാൻ എടുക്കുന്ന സമയത്തിനിടയിൽ മറ്റൊരു വ്യക്തിയിൽ നിന്ന് പുതിയ വകഭേദം ശരീരത്തിലെത്തിയാൽ ഇവയെ സ്വീകരിക്കാനും ചില കോശങ്ങൾ തയാറായേക്കുമെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എഞ്ചിനീയറിങ് ആൻഡ് ബയോടെക്നോളജി മുൻ ഡയറക്ടർ വി എസ് ചൗഹാൻ പറഞ്ഞു.
രണ്ട് സ്രോതസ്സിൽ നിന്നു രണ്ട് വകഭേദം വരുന്നുണ്ടെങ്കിലും ഇത് അധിക പ്രഭാവം ഉണ്ടാക്കില്ലെന്നും ചൗഹാൻ പറയുന്നു. എല്ലാ വകഭേദങ്ങളും ഒരേ തരത്തിലാണ് രോഗിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചായിരിക്കും രോഗത്തിന്റെ തീവ്രത. ഇരട്ട അണുബാധ കേസുകൾ എച്ച്ഐവി രോഗികളിൽ സാധാരണമാണെന്നും ചൗഹാൻ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates