

ദഹനപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? അതിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ദഹനക്കുറവ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന് ഏറ്റവും പ്രധാനപ്പെട്ടത് ഡയറ്റ് ശ്രദ്ധിക്കുക എന്നതാണ്. ദഹനത്തിന് യോജിക്കുന്ന തരത്തിൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
അങ്ങനെയൊന്നാണ് കുമ്പളങ്ങ. ദഹനത്തെ സഹായിക്കുന്ന ലയിക്കുന്ന നാരുകളാല്‍ സമ്പന്നമാണ് കുമ്പളങ്ങ. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം, ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ദഹനക്കേട് കുറയ്ക്കാനും അതുവഴി വന്‍കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കൂടാതെ കുമ്പളങ്ങയില്‍ ഏകദേശം 96 ശതമാനവും വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും. അസിഡിറ്റി നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും കുമ്പളങ്ങ മികച്ച പ്രതിവിധിയാണ്.
കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പാണ് കുമ്പളങ്ങ. ഇതിൽ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നുകയും വിശപ്പ് അകറ്റിനിര്‍ത്തുകയും ചെയ്യും. കുമ്പളങ്ങയില്‍ വിറ്റാമിന്‍ ബി3 അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമായിരിക്കാനും സഹായിക്കും.
കറിവെച്ചും ജ്യൂസാക്കിയുമെല്ലാം കുമ്പളങ്ങ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുംവയറ്റില്‍ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതും ചെറിയ കഷ്ണങ്ങളാക്കി ലഘുഭക്ഷണമായി കഴിക്കുന്നതും നല്ലതാണ്. ഇതിനുപുറമേ ചോറിനൊപ്പം ചാറുകറിയായും മറ്റ് കറികളില്‍ ചേര്‍ത്തുമെല്ലാം കുമ്പളങ്ങ കഴിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates