കല്യാണത്തിനു മുന്നേ തടി കുറയ്ക്കാൻ കുത്തിവയ്പ്പ്; 'മൗഞ്ചാരോ ബ്രൈഡ്സ്' ട്രെൻഡ് സുരക്ഷിതമോ?

ഇന്ത്യയിൽ വിവാഹത്തിന് മുന്നോടിയായി കുത്തിവയ്പ്പിലൂടെ തടി കുറയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Maujaro Brides Trends
Maujaro Brides TrendsMeta AI Image
Updated on
3 min read

'മാനം തെളിഞ്ഞെ നിന്നാൽ മനസ്സും നിറഞ്ഞെ നിന്നാൽ വേണം കല്യാണം...' വർഷങ്ങൾക്ക് മുൻപ് ​ഗിരീഷ് പുത്തഞ്ചേരി എഴുതിവെച്ച വരികൾ പോലെ അത്ര ഈസി അല്ല ഇന്നത്തെ കല്യാണം. മനസ്സിനൊപ്പം ശരീരസൗന്ദര്യത്തിനും കല്യാണമാർക്കറ്റിൽ വലിയ വില കൊടുക്കേണ്ടി വരും. മെലിഞ്ഞ് സുന്ദരിയായ വധു.. അതാണ് എല്ലാവരുടെയും സ്വപ്നം. അതിനായി എന്തു വില കൊടുക്കാനും ആളുകൾ റെഡിയാണ്. ആ വിപണി സാധ്യത തന്നെയാണ് നോവ, എലി ലില്ലി പോലുള്ള വിദേശ മരുന്നു കമ്പനികളെ ഇന്ത്യയിലേക്ക് വലിച്ചടുപ്പിച്ച ​പ്രധാന ഘടകവും.

ലോകത്ത് പൊണ്ണത്തടിയുള്ളവർ ഏറ്റവുമുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 440 ദശലക്ഷത്തിലധികം അമിതഭാരമുള്ളവരുണ്ടാകുമെന്നാണ് ലാൻസെറ്റിൻ്റെ റിപ്പോർട്ട്.

ഇന്ത്യയിൽ ട്രെൻഡ് ആകുന്ന 'മൗഞ്ചാരോ ബ്രൈഡ്സ്'

ഇന്ത്യയിൽ വിവാഹത്തിന് മുന്നോടിയായി കുത്തിവയ്പ്പിലൂടെ തടി കുറയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൗഞ്ചാരോ പോലുള്ള ഒബിസിറ്റി ഡ്രഗ് ഇന്ത്യയിൽ എത്തിയതോടെ അധികം മെനക്കെടാതെ ശരീരഭാരം കുറയ്ക്കാനുള്ള മാർഗം ചെറുപ്പക്കാർക്കിടയിൽ മൗഞ്ചാരോ ബ്രൈഡ്സ് എന്ന ട്രെൻഡിന് തുടക്കം കുറിക്കുകയും ചെയ്തു.

'ടിർസെപറ്റൈഡ്' എന്ന സംയുക്തമാണ് മൗഞ്ചാരോ എന്ന പേരിൽ പുറത്തിറങ്ങുന്ന മരുന്നിൻ്റെ പ്രധാന ചേരുവ. ഇത് ശരീരത്തിലെ ഹോർമോണുകളുമായി പ്രവർത്തിച്ച്, വിശപ്പ് കുറയ്ക്കുകയും ശരീരഭാരം 20 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കൊച്ചി, വിപിഎസ് ലേക്ക് ഷോർ ഹോസ്പ്പിറ്റലിലെ ജനറൽ ഫിസിഷനായ ഡോ. റാണി തെരേസ മാത്യൂ സമകാലിക മലയാളത്തോട് പറഞ്ഞു.

ഡ്യുവൽ ഗ്ലൂക്കോസ്-ഡിപെൻഡന്റ് ഇൻസുലിനോട്രോപിക് പോളിപെപ്റ്റൈഡ് (ജിഐപി)/ഗ്ലൂക്കഗൺ-ലൈക്ക് പെപ്റ്റൈഡ്-1 (ജിഎൽപി-1) റിസപ്റ്റർ അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു ഗ്രൂപ്പിൽ പെടുന്നതാണ് മൗഞ്ചാരോ. ആമാശയം പുറപ്പെടുവിക്കുന്ന ജിഎൽപി-1, ജിഐപി ഹോർമോണുകളെ പോലെ ടിർസെപറ്റൈഡ് പ്രവർത്തിക്കുകയും വിശപ്പിനെ അടിച്ചമർത്തുകയും ചെയ്യുന്നതിലൂടെയാണ് ശരീരഭാരം കുറയ്ക്കാൻ മൗഞ്ചാരോ സഹായിക്കുന്നത്.

കൂടാതെ, ടിർസെപറ്റൈഡ് പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ പുറത്തുവിടുന്നത് ഉത്തേജിപ്പിക്കുകയും ഹൈപ്പർ ഗ്ലൈസീമിയ (ഉയർന്ന രക്തത്തിലെ പഞ്ചസാര) കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പങ്കുവഹിക്കുന്നതും ഗ്ലൂക്കോസ് സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതുമായ അഡിപോനെക്റ്റിൻ എന്ന ഹോർമോണിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.

ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) 30 ന് മുകളിലുള്ളവരെയാണ് അമിതവണ്ണമുള്ളവർ എന്ന് വിശേഷിപ്പിക്കുന്നത്. അത്തരക്കാരിൽ ഡോക്ടർമാരുടെ കൃത്യമായ നിരീക്ഷണത്തിൽ ശരീരഭാരം കുറയ്ക്കാൻ മൗഞ്ചാരോ ഫലപ്രദമാണ്. 10 മുതൽ 20 ശതമാനം വരെ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ഡോ. റാണി വിശദീകരിച്ചു. ടൈപ്പ് 2 പ്രമേഹ രോ​ഗികളിൽ ടിർസെപറ്റൈഡ് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. റാണി പറയുന്നു.

കുത്തിവയ്പ്പിലൂടെയാണ് മൗഞ്ചാരോ ലഭ്യമായിട്ടുള്ളത്. ആഴ്ചയിൽ ഒരിക്കൽ എന്ന നിലയിലാണ് കുത്തിവയ്പ്പ് എടുക്കുന്നത്. ആദ്യം ചെറിയ ഡോസിൽ (2.5 മില്ലി​ഗ്രാം) ആരംഭിച്ച് പിന്നീട് ഡോസ് കൂട്ടിക്കൂട്ടി വരികയാണ് ചെയ്യുന്നത്. പരമാവധി ഡോസ് 15 മില്ലി​ഗ്രാം ആണ്. നാല് ആഴ്ച കൂടുമ്പോഴാണ് ഡോസിൽ മാറ്റം വരുത്തുന്നത്. ഇത് ദീർഘകാലം തുടരുന്ന ചികിത്സയാണ്.

മൗഞ്ചാരോയുടെ ദോഷവശങ്ങൾ

വിശപ്പിനെ അടിച്ചമർത്തുന്നതു കൊണ്ട തന്നെ ഇത് സ്വാഭാവികമായും ക്ഷീണം, പോഷകക്കുറവ്, നിർജ്ജലീകരണം എന്നിവയിലേക്ക് നയിക്കാനുള്ള വലിയ സാധ്യതയുണ്ട്. ഡോക്ടർമാരുടെ മേൽനോട്ടമില്ലെങ്കിൽ ഇത് വഷളാകാമെന്ന് കൊച്ചി, വിപിഎസ് ലേക്ക് ഷോർ ഹോസ്പിറ്റൽ, കോസ്മെറ്റിക് സർജൻ, ഡോ. ഹരി മേനോൻ പറയുന്നു.

വിവാഹത്തിന് മുന്നോടിയായി ആളുകൾ ഷേപ്പ് കറക്ഷനായി എത്താറുണ്ട്. സർജറിയിലൂടെ ശരീരഭാഗങ്ങളിലെ കൊഴുപ്പ് നീക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് ഇത്തരം കുത്തിവയ്പ്പ് ചെറുപ്പക്കാർക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മൗഞ്ചാരോ കുത്തിവയ്പ്പിന് ശേഷം തലകറക്കം, ഓക്കാനം, വയറിളക്കം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ പാന്‍ക്രിയസിന് വീക്കം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാം. ദീര്‍ഘകാല പ്രമേഹരോഗികളില്‍ ഉണ്ടാകാറുള്ള ഡയബറ്റീസ് റെക്റ്റിനോപതിയുള്ളവര്‍ക്ക് കാഴ്ച മങ്ങല്‍ പോലുള്ള അവസ്ഥകൾ ഉണ്ടാകാം. വൃക്ക രോഗികള്‍ക്ക് ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാമെന്നും ഡോ. റാണി പറയുന്നു.

പ്രമേഹ രോ​ഗികൾ ഇൻസുലിൻ ഇഞ്ചക്ഷനോ മരുന്നുകളോ കഴിക്കുന്നുണ്ടെങ്കിൽ മൗഞ്ചാരോ കുത്തിവയ്പ്പ് എടുക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതിൽ കുറയാൻ കാരണമാകും. അതുകൊണ്ട്, ഡോക്ടറുടെ നിരീക്ഷണം ആവശ്യമാണ്. കൂടാതെ കുത്തിവയ്പ്പെടുക്കുന്ന സമയം ഗര്‍ഭനിരോധന മരുന്നുകളുടെ ഫലപ്രാപ്തി കുറയാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു. മൃ​ഗങ്ങളിൽ നടത്തിയ പഠനത്തിൽ ടിർസെപറ്റൈഡ് ​ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു.

ബിഎംഐ 30തിന് മുകളിലാണെങ്കില്‍ കുത്തിവയ്പ്പ് എടുക്കുന്നതിൽ പ്രശ്നമില്ല. 2.05 മില്ലിഗ്രാം ഡോസ് ആണ് ആദ്യ കുത്തിവയ്പ്പിൽ നൽകുന്നത്. പിന്നീട് അത് കൂട്ടിക്കൂട്ടി വരികയാണ് ചെയ്യുന്നത്. നാല് ആഴ്ച കൂടുമ്പോള്‍ ഡോസ് കൂട്ടും. ശരീരഭാരം കുറഞ്ഞ ശേഷം കുത്തിവയ്പ്പ് പൂർണമായും നിർത്താവുന്നതാണ്. എന്നാൽ ഹോർമോണുകളുടെ പ്രവർത്തനം പഴയപടിയാകാനും ശരീരഭാരം കൂടാനും സാധ്യതയുള്ളതിനാൽ. പിന്നീട് ഡയറ്റും വ്യായാമവും കൃത്യമായി തുടരേണ്ടതുണ്ട്. കൂടാതെ ഡോക്ടറിനെ സമീപിച്ച് ഫോളോഅപ്പും ചെയ്യേണ്ടതാണ്. 18 വയസ്സിന് താഴെ പ്രായമായ കുട്ടികളിലും ​ഗർഭണികളിലും മുലയൂട്ടുന്ന അമ്മമാരും മൗഞ്ചാരോ കുത്തിവയ്പ്പെടുക്കാൻ പാടില്ലെന്നും ഡോ. റാണി പറയുന്നു.

എന്നാല്‍ സെമാഗ്ലൂട്ടന്‍ എന്ന ഘടകം പ്രധന ചേരുവയായി വരുന്ന ഒസെംപിക് പോലുള്ള മരുന്നുകൾ വിപണിയിൽ കുറഞ്ഞ നിരക്കിൽ എത്തുന്നത് ആളുകൾക്കിടയിൽ ഇത്തരം മരുന്നുകളുടെ ദുരുപയോഗം വർധിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വിദേശ കമ്പനികളായ നോവോയും ലില്ലിയും ഓബിസിറ്റി ഡ്രഗ്‌സ് ഇന്ത്യയില്‍ എത്തിച്ചത്. 2030 ഓടെ വിപണി 80 ബില്യൺ രൂപയിൽ (851.79 മില്യൺ ഡോളർ) എത്തുമെന്നാണ് ലക്ഷ്യമിടുന്നത്.

മൗഞ്ചാരോ ഇന്ത്യയിൽ

എലി ലില്ലി എന്ന കമ്പനിയാണ് മൗഞ്ചാരോ മരുന്ന് നിർമാണത്തിനുള്ള പെറ്റന്റ് എടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ മൗഞ്ചാരോ ഇഞ്ചക്ഷൻ ഡോസിന് പ്രതിമാസം 13,125 രൂപ ആണ്. ഏറ്റവും ഉയർന്ന ഡോസിന് 25,781 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നായി മൗഞ്ചാരോ മാറിയെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ അമിതവണ്ണമുള്ളവരുടെ നിരക്ക് വർധിക്കുന്നവെന്നതിൻ്റെ ഖേദകരമായ ഒരു സഹാചര്യം കൂടിയാണ് ഇത്തരം മരുന്നുകളുടെ ഉയർന്ന വിൽപ്പന നിരക്ക് ചൂണ്ടിക്കാണിക്കുന്നത്.

Summary

India's 'Mounjaro brides': weight-loss injections become part of pre-wedding preparation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com