

ഒരാഴ്ചക്കിടെ വെസ്റ്റ് നൈൽ പനി ബാധിച്ച് എറണാകുളത്ത് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിരോധ നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് (West Nile Virus) മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈൽ പനിക്കും ഉണ്ടാവുക. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
എന്നാൽ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുന്നത് രോഗനിർണ്ണയത്തിന് വെല്ലുവിളിയാകാം. ഒരു ശതമാനം ആളുകളിൽ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതു കാരണം ബോധക്ഷയവും മരണം വരെയും സംഭവിക്കാം. വെസ്റ്റ് നൈൽ പനിക്ക് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.
ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോഗം പരത്തുന്ന ക്യൂലക്സ് കൊതുകുകൾ പെറ്റുപെരുകുന്നത്. അതിനാൽ വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാഗം കോട്ടൺ തുണികൊണ്ട് മൂടുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം. കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയും സ്വയംചികിത്സ നടത്താതിരിക്കുകയും വേണം.
രോഗബാധിതരിൽ പലർക്കും ലക്ഷണങ്ങൾ പ്രകടമാകില്ല. വളരെ കുറച്ച് ആളുകളിൽ വൈറസ് തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ:
കഴുത്ത് മുറുകൽ
ആശയക്കുഴപ്പം
ബോധക്ഷയം
വിറയൽ
പേശി ദൗർബല്യം
പക്ഷാഘാതം
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം.
1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2011ൽ കേരളത്തിൽ ആദ്യമായി ആലപ്പുഴയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. 2019-ൽ മലപ്പുറത്ത് ആറുവയസ്സുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരിച്ചിരുന്നു.
കൊതുകുകടി ഒഴിവാക്കുക
കൊതുക് നശീകരണ ലോഷനുകൾ ഉപയോഗിക്കുക.
മുഴുവൻ ശരീരവും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
കൊതുകുവല ഉപയോഗിക്കുക.
ജാലകങ്ങളിലും വാതിലുകളിലും നെറ്റ് സ്ഥാപിക്കുക.
കൊതുകുകളുടെ പ്രജനനം തടയുക
വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
പൂച്ചട്ടികൾ, ടയറുകൾ, ബക്കറ്റുകൾ എന്നിവയിൽ വെള്ളം നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
മഴവെള്ള സംഭരണികൾ മൂടിവയ്ക്കുക.
ആഴ്ചയിൽ ഒരിക്കലെങ്കിലും വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates