

അലസത ഒരു രോഗലക്ഷണമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്തെങ്കിലും ചെയ്താൽ ഉടൻ ക്ഷീണം, ഒന്നിനോടും താൽപര്യമില്ലായ്മ എന്നിവ കാണുമ്പോൾ മടിയുടെ ലക്ഷണമാണെന്ന് തെറ്റിദ്ധരിക്കാം. കഠിനമായ ക്ഷീണം, വയറുചാടുന്നത്, പരിശോധനയിൽ ചെറിയതോതിൽ രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും ഉയരുന്നത് തുടങ്ങിയവയെല്ലാം ഒറ്റപ്പെട്ട കാര്യങ്ങളല്ല. എന്നാൽ ഇവയെല്ലാം കാർഡിയോമെറ്റബോളിക് പ്രശ്നങ്ങളുടെ ലക്ഷണങ്ങളിലേക്കാണ് നയിക്കുന്നത്.
കാർഡിയോമെറ്റബോളിക് എന്നത് ഒറ്റരോഗമല്ല. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ അസന്തുലിതാവസ്ഥ, വയറിന് ചുറ്റുമുള്ള അമിതവണ്ണം എന്നിവയെല്ലാം ഒരുമിച്ച് കാണുന്ന അവസ്ഥയാണ് ഇത്. ഓരോന്നായി നോക്കുമ്പോൾ ചെറിയ പ്രശ്‌നങ്ങളായി തോന്നാം. എന്നാൽ ഒരുമിച്ചാൽ ഹൃദ്രോഗം, സ്ട്രോക്ക് പോലുള്ള ഗുരുതരമായ അവസ്ഥകൾക്ക് വഴിയൊരുക്കുമെന്നു വിദഗ്ധർ പറയുന്നു.
ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വ്യായാമം കുറയുന്നത്. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, ഭക്ഷണരീതിയിലെ മാറ്റങ്ങൾ എന്നിങ്ങനെ ജീവിതശൈലിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളിൽ നിന്നാണ് കാർഡിയോമെറ്റബോളിക് പ്രശ്നങ്ങൾ രൂപപ്പെടുന്നത്. ലക്ഷണങ്ങൾ പുറത്തേക്ക് പ്രകടമായില്ലെങ്കിലും ആരോഗ്യത്തെ ഇത് നിശബ്ദമായി ബാധിക്കുന്നു.
ക്ഷീണം, വയറിന് ചുറ്റുമുള്ള കൊഴുപ്പ്, ബോർഡർലൈൻ പരിശോധനാഫലങ്ങൾ, ശരീരഭാരം വർധിക്കുന്നത് എന്നിവയെല്ലാം ശരീരം നൽകുന്ന മുന്നറിയിപ്പാണ്. ഇത്തരം പ്രശ്‌നങ്ങൾ ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. പുറമേ ആരോഗ്യമുള്ളവരായി തോന്നുന്നവർക്കും ശരീരത്തിനുള്ളിൽ കൊഴുപ്പ് കൂടിയിരിക്കാം.
അതുകൊണ്ട് പുറമെ കുഴപ്പമില്ലെന്ന് കരുതി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കരുതരുത്. ജീവിതശൈലിയിൽ ശരിയായ മാറ്റങ്ങൾ വരുത്തുന്നത് കാർഡിയോമെറ്റബോളിക് പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. വ്യായാമത്തിനായി ദിവസവും സമയം കണ്ടെത്തുക, ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക കൂടാതെ കൃത്യമായ ആരോഗ്യപരിശോധനകളും അപകടങ്ങൾക്കുള്ള സാധ്യത കുറയ്ക്കും.