എന്താണ് ഫേയ്സ് വാഷും ഫേയ്സ് ക്ലെൻസറും തമ്മിലുള്ള വ്യത്യാസം? മിക്കയാളുകളും ചോദിക്കുന്ന ഒരു സംശയമാണ്. ഇവ രണ്ടും മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും പൊടിയും നീക്കം ചെയ്യാനുള്ളതാണ്. എന്നാൽ ഇവ ഒന്നല്ല, ഫേയ്സ് വാഷും ഫേയ്സ് ക്ലെൻസറും രണ്ട് വ്യത്യസ്ത ഉൽപ്പന്നങ്ങളാണ്, ഇവ രണ്ടും ചർമം വൃത്തിയാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസങ്ങളുണ്ട്.
പരമ്പരാഗമായി മുഖം വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന സോപ്പിൻ്റെ കൂറച്ചു കൂടി മൃദുവായതും ദ്രാവക രൂപത്തിലുമുള്ള ഒന്നാണ് ഫേയ്സ് വാഷുകൾ. ഉപയോഗത്തിൽ ഏതാണ്ട് സോപ്പിന് സമാനമെന്ന് പറയാം. ഇവ ചർമത്തെ ആഴത്തിൽ വൃത്തിയാക്കുകയും ചർമം ഫ്രഷ് ആകാൻ സഹായിക്കുകയും ചെയ്യുന്നു. അമിത എണ്ണമയവും മുഖക്കുരുവുമുള്ളവർക്ക് ഫേയ്സ് വാഷ് മികച്ച തിരഞ്ഞെടുപ്പാണ്.
ഫേയ്സ് ക്ലെൻസറുകൾ ഫേയ്സ് വാഷുകളെക്കാൾ മൃദുവാണ്. അവ ചർമത്തെ ആഴത്തിൽ വൃത്തിയാക്കാനും ചർമത്തിൽ ഈർപ്പം അല്ലെങ്കിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നതാണ്. ഇവ ഫേയ്സ് വാഷ് പോലെ പതയുന്നതല്ല. മേക്കപ്പ്, മറ്റ് സൗന്ദര്യ വർധക വസ്തുക്കൾ ചർമത്തിൽ നിന്ന് നീക്കാൻ ക്ലെൻസറുകളാണ് നല്ലത്. വരണ്ട സെൻസിറ്റീവ് ആയ ചർമമുള്ളവർക്ക് ഫേയ്സ് വാഷിനെക്കാൾ ഫേയ്സ് ക്ലെൻസറുകളാണ് മികച്ചത്.
സ്കിൻ ടൈപ്പ്
സ്കിൻ ടൈപ്പ് അനുസരിച്ച് ഇവ രണ്ടും തമ്മിൽ തിരിഞ്ഞെടുക്കുന്നതാണ് മികച്ച ഫലം നൽകുക. എണ്ണമയമുള്ള സെൻസിറ്റീവ് ചർമക്കാർക്ക് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ആഴത്തിലുള്ള ക്ലീനിങ് ആവശ്യയമുള്ളവർക്കും ഫേയ്സ് വാഷ് ആണ് നല്ലത്. എന്നാൽ വരണ്ട സെൻസിറ്റീവ് ചർമമുള്ളവർക്ക് ചർമത്തിൽ ജലാംശം നൽകുന്ന ക്ലെൻസറുകളാണ് നല്ലത്.
ടെക്സ്ചർ
പതയുന്നതാണ് ഫേയ്സ് വാഷുകൾ. ഇത് മുഖം ആഴത്തിൽ വൃത്തിയാക്കാൻ ആവശ്യമാണ്. ഇത് ശരിക്കും ഒരു സോപ്പ് ഉപയോഗിക്കുന്നതിന് സമാനമാണ്. എന്നാൽ ഫേയ്സ് ക്ലെൻസറുകൾ പതയില്ല. അതു കൊണ്ട് തന്നെ ഈർപ്പം നിലനിർത്താൻ സഹായിക്കും. മാലിന്യവും എണ്ണമയവും ആഴത്തിൽ വൃത്തിയാക്കുകയും ചെയ്യുന്നു.
ഉപയോഗിക്കേണ്ട സമയം
രാവിലെ ദൈനംദിന പ്രവർത്തനങ്ങൾക്കോ ജോലിക്കോ പോകുന്നതിന് മുൻപ് ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. വൈകുന്നേരം ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫേസ് ക്ലെൻസർ ഉപയോഗിക്കാം. ഇത് മുഖം പുതുക്കാനും വൃത്തിയാക്കാനും ഉറങ്ങാൻ പോകുന്നതിന് മുൻപ് ദിവസത്തിൽ അടിഞ്ഞുകൂടിയ അഴുക്കും മറ്റ് മേക്കപ്പും നീക്കം ചെയ്യാൻ സഹായിക്കുന്നു.
സോപ്പിനെക്കാൾ കുറച്ചു കൂടി മൃദുവാണ് ഫേയ്സ് വാഷുകൾ. ഉപയോഗിക്കാനും കൈകാര്യം ചെയ്യാനുമുള്ള എളുപ്പവും ഫേയ്സ് വാഷുകളെ ജനപ്രിയമാക്കുന്നു. എന്നാൽ സോപ്പിനെക്കാളും ഫേയ്സ് വാഷിനെക്കാളും മൃദുവാണ് ക്ലെൻസറുകൾ. മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മാലിന്യവും ആഴത്തിൽ വൃത്തിയാക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നുവെന്നതാണ് പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates