
നമ്മുടെ ഡയറ്റിൽ അടുത്തിടെ സ്ഥാനം പിടിച്ച വിത്തിനങ്ങളിൽ പ്രധാനപ്പെട്ടതാണ് ചിയ വിത്തുക്കൾ. ഓമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവയെ ഒരു സൂപ്പർഫുഡ് ആയാണ് വിലയിരുത്തുന്നത്. കാണാൻ ചെറുതാണെങ്കിലും രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയും രക്തസമ്മദവുമൊക്കെ നിയന്ത്രിച്ചു നിർത്താൻ ചിയ വിത്തുകൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ വിത്തുകൾ. കറുപ്പും വെള്ള നിറത്തിലും ലഭ്യമാകുന്ന വിത്തുകൾ വെള്ളത്തിൽ ഏതാണ്ട് എട്ട് മണിക്കൂർ വരെ ദിവസവും കുതിർത്തു കഴിക്കുന്നത് ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകും. ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ കുതിർത്തു കഴിക്കുന്നത് ദൈനംദിന നാരുകളുടെ 20 ശതമാനം ലഭിക്കും.
ചിയ വിത്തുകൾ ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ടൈപ്പ് 2 പ്രമേഹ രോഗികളിൽ ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും സഹായിച്ചതായി പഠനങ്ങൾ പറയുന്നു. കൂടാതെ 12 -ആഴ്ച ദിവസവും 35 ഗ്രാം ചിയ വിത്തു കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു.
മെറ്റബോളിക് ഡിസ്ഫങ്ഷനുമായി ബന്ധപ്പെട്ട സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) നേരത്തെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നാണ് അറിയപ്പെട്ടിരുന്നത്. മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ അവസ്ഥയാണിത്. ചിയ വിത്തുകൾ എട്ട് ആഴ്ച തുടർച്ചയായി കഴിക്കുന്നത് ഈ രോഗ ലക്ഷണങ്ങളിൽ പുരോഗതി റിപ്പോർട്ട് ചെയ്തതായി പഠനങ്ങൾ പറയുന്നു. അതേ പഠനത്തിൽ, എട്ട് ആഴ്ചത്തേക്ക് 25 ഗ്രാം ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് ഉള്ളവരുടെ മൊത്തം കൊളസ്ട്രോൾ കുറഞ്ഞതായും കണ്ടെത്തി.
കൊഴുപ്പ്: ചിയ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഹൃദയാരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA), ഇത് ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയില്ല. ആൽഫ-ലിനോലെനിക് ആസിഡുകൾ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്നു.
നാരുകൾ: ഒരു പിടി ചിയ വിത്തിൽ ഏകദേശം 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീൻ: ചിയ വിത്തുകളിലെ പ്രോട്ടീൻ, ഊർജ്ജം നൽകുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്നു. കൂടാതെ പേശികളുടെ അളവ് വർധിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നു. ചിയ വിത്തുകളിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ, അവയെ ഒരു സമ്പൂർണ്ണ പ്രോട്ടീനായി കണക്കാക്കാം.
മൈക്രോന്യൂട്രിയന്റുകൾ: ചിയ വിത്തുകളിൽ ബി വിറ്റാമിനുകൾ, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ (എ, ഇ), ഒന്നിലധികം ധാതുക്കൾ തുടങ്ങിയ ഗുണകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ഫ്രീ റാഡിക്കലുകൾ കാരണം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദം ഒഴിവാക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, കരള്‍ രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാനും വാര്‍ദ്ധക്യ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കും.
ചിയ വിത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ
ക്ലോറോജെനിക് ആസിഡ്
കഫീക് ആസിഡ്
മൈറിസെറ്റിൻ
ക്വെർസെറ്റിൻ
കെംഫെറോൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates