

എഴുതുമ്പോഴോ വായിക്കുമ്പോഴോ സ്ഥിരമായി ഓരേ തെറ്റുകൾ ആവർത്തിക്കുന്ന കുട്ടികൾ ക്ലാസിലുണ്ടാകാം. അവരെ ഉഴപ്പന്മാരെന്ന് വിളിച്ച് അവഗണിക്കുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കാം. 'ഡിസ്‌ലെക്സിയ' എന്ന പഠനവൈകല്യം കുട്ടികളിൽ ഇപ്പോൾ വ്യാപകമാണ്. വായന, എഴുത്ത്, അക്ഷരവിന്യാസം (Spelling), ഉച്ചാരണം എന്നിവയിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു തലച്ചോറ് അധിഷ്ഠിത പഠന വൈകല്യമാണിത്.
വിവരങ്ങൾ സ്വീകരിച്ച്, സംസ്കരിച്ച്, സംഭരിച്ച് ആവശ്യാനുസരണം പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥ (ഇൻഫർമേഷൻ പ്രോസസിങ് ഡിഫെക്റ്റ്) എന്നു വിശേഷിപ്പിക്കാം. ഇത് ബുദ്ധിശക്തി കുറവായതുകൊണ്ടല്ല, മറിച്ച് തലച്ചോറ് ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വ്യത്യാസം മൂലമാണ് ഉണ്ടാകുന്നത്.
സാമ്യമുള്ള അക്കങ്ങളും, അക്ഷരങ്ങളും തെറ്റിക്കുന്നത് ഇതിനുദാഹരണം. ’ധ’യ്ക്കുപകരം ’ന’ എഴുതുക, ’ഡ’ യ്ക്കു പകരം ’സ’, ഇംഗ്ലീഷിലാണെങ്കിൽ ’p’ പകരം q എഴുതുക, കണക്കിൽ 6 ഉം, 9 ഉം ഇവർക്ക് പ്രശ്നമാണ്. ചിലപ്പോൾ ശരിയായി ചെയ്ത ഉത്തരം പകർത്തിയെഴുതുമ്പോൾ വ്യത്യാസങ്ങൾ വരുന്നു. 824 പകർത്തിയെഴുതുമ്പോൾ 842 എന്നെഴുതും. കുട്ടിക്ക് വ്യത്യാസം മനസ്സിലാകുന്നില്ല.
ചിലർക്ക് വായനയായിരിക്കും പ്രശ്നം, വാക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാതെ വാക്കിന്റെ ആദ്യഭാഗം മാത്രം കണ്ട് ബാക്കി ഊഹിച്ച് വായിക്കാനുള്ള പ്രവണത ഈ കുട്ടികൾക്കുണ്ട്.
പഠനവൈകല്യം എപ്പോൾ സംശയിക്കണം ?
നല്ല കഴിവ്, പക്ഷേ താഴ്ന്ന പഠനനിലവാരം.
ചോദിച്ചാൽ എല്ലാ ഉത്തരവും നൽകുന്ന കുട്ടി എഴുതാൻ ബുദ്ധിമുട്ടുന്നു.
3, 4 ക്ലാസുകളിലായിട്ടും വായന, എഴുത്ത്, വാക്കുകളുടെ അക്ഷരക്രമം, കണക്ക് എന്നിവ പഠിക്കാനായി ബുദ്ധിമുട്ടുക
പഠനവൈകല്യമുള്ള കുട്ടികളിൽ 20 ശതമാനം പേർക്ക് പിരുപിരുപ്പ്, ശ്രദ്ധകുറവ് എന്നീ ലക്ഷണങ്ങൾ കാണാം.
ഡിസ്‌ലെക്സിയ ഉള്ള കുട്ടികൾ പലപ്പോഴും സർഗ്ഗാത്മകത, യുക്തിചിന്ത (Reasoning), പ്രശ്നപരിഹാര കഴിവ് എന്നിവയിൽ മിടുക്കരായിരിക്കും. നേരത്തെയുള്ള തിരിച്ചറിയലും പിന്തുണയും അവരുടെ പഠനത്തെ ലഘൂകരിക്കാൻ സഹായിക്കും.
10 ശതമാനത്തോളം കുട്ടികളിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഈ വൈകല്യത്തെപ്പറ്റിയുള്ള ബോധവത്കരണമാണ് ഏറ്റവും പ്രധാനം. അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, സാമൂഹികപ്രവർത്തകർ, ശിശുരോഗവിദഗ്ധർ എന്നിവർക്കെല്ലാം ഇതിൽ കാര്യമായ പങ്കുണ്ട്. ക്ലാസിലെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപകർക്ക് ഇങ്ങനെയുള്ള കുട്ടികളെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ശിശുരോഗ വിദഗ്ധർ കുട്ടികൾ മറ്റു പരിശോധനകൾക്കായി വരുമ്പോൾ കുട്ടികളുടെ പഠനത്തെപ്പറ്റി ചോദിച്ചറിയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates