

പാദത്തിനടിയിൽ സ്വാഭാവികമായ വളവ് ഇല്ലാതെ പാദം പൂർണ്ണമായും തറയിൽ അമർന്നിരിക്കുന്ന അവസ്ഥയാണ് 'ഫ്ലാറ്റ് ഫീറ്റ്' അല്ലെങ്കിൽ 'ഫ്ലാറ്റ് ഫൂട്ട്'. കാഴ്ചയിൽ നിരുപദ്രവകരമാണെന്ന് തോന്നിയാലും ഇത് ചിലരിൽ ബാലൻസ് പ്രശ്നങ്ങൾക്കും കഠിനമായ വേദനകൾക്കും നടത്തത്തിലെ വ്യത്യാസങ്ങളർക്കും കാരണമാകാം.
നമ്മുടെ പാദങ്ങളുടെ ഉൾവശത്ത് സ്വാഭാവികമായ ഒരു വളവ് (Arch) ഉണ്ടാകും. നമ്മൾ ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ പോലും പാദത്തിന്റെ ആ ഭാഗം നിലത്തു സ്പർശിക്കാറില്ല. ഇത് പാദത്തിന്റെ സാധാരണ ഘടന നിലനിർത്താൻ സഹായിക്കുന്നു. 'ഫ്ലാറ്റ് ഫീറ്റ്' സാധാരണ ജന്മനാ ഉണ്ടാകുന്നതായിരിക്കും. കുട്ടിക്കാലത്ത് അസ്വസ്ഥതകൾ ഉണ്ടാകില്ലെങ്കിലും വളരുമ്പോഴാണ് ഫ്ലീറ്റ് ഫീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുക.
ഇത്തരക്കാർക്ക് ദീർഘനേരം നിൽക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ കഠിനമായ വേദന അനുഭവപ്പെടാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് ചികിത്സിക്കാതെ വിട്ടാൽ മുട്ട് വേദന, ഇടുപ്പ് വേദന, പിന്നീട് നട്ടെല്ലിന് വേദനയ്ക്കും ഫ്ലീറ്റ് ഫീറ്റ് കാരണമാകാം. ദീർഘദൂര ഓട്ടവും നിർത്തവും സാധിക്കാത്തതു മൂലം സായുധ സേനയിൽ ഫ്ലാറ്റ് ഫീറ്റു ഉള്ളവരെ തിരഞ്ഞെടുക്കാറില്ല.
ഫ്ലാറ്റ് ഫീറ്റ് പ്രധാനമായും രണ്ട് തരത്തിലാണുള്ളത്
ഫ്ലെക്സിബിൾ ഫ്ലാറ്റ് ഫീറ്റ്: പാദം ഉയർത്തി വെക്കുമ്പോൾ വളവ് കാണുകയും നിലത്ത് അമർത്തുമ്പോൾ അത് അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥ.
റിജിഡ് ഫ്ലാറ്റ് ഫീറ്റ്: പാദം എങ്ങനെ വെച്ചാലും വളവ് കാണാത്ത അവസ്ഥയാണിത്. ഇത് പലപ്പോഴും എല്ലുകളുടെ ഘടനയിലുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്നതും കൂടുതൽ വേദനക്ക് കാരണമാകുന്നതുമാണ്.
ഫ്ലാറ്റ് ഫീറ്റ് പൊതുവെ ജനിതക കാരണങ്ങളാലാണ് ഉണ്ടാവുന്നതെങ്കിലും പരിക്കുകൾ, അമിത ശരീരഭാരം, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകൾ കാരണവും ഇത് സംഭവിക്കാം. എല്ലാവരിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എങ്കിലും പാദത്തിലോ ഉപ്പൂറ്റിയിലോ ഉണ്ടാകുന്ന വേദന, കണങ്കാലിന് ചുറ്റുമുള്ള നീർക്കെട്ട്, നടുവേദന പാദങ്ങളിലനുഭവപ്പെടുന്ന തളർച്ച എന്നിവ ശ്രദ്ധിക്കണം.
ഫ്ലാറ്റ് ഫീറ്റ് പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും
ഉചിതമായ പാദരക്ഷകൾ ധരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
പാദത്തിന് കൃത്രിമമായ വളവ് നൽകുന്നതിനായി ഷൂസിനുള്ളിൽ വെക്കാവുന്ന പ്രത്യേക പാഡുകൾ ഉപയോഗിക്കാം.
കൃത്യമായ ആർച്ച് സപ്പോർട്ടും കുഷ്യനും ഉള്ള ഷൂസുകൾ ധരിക്കുക.
ഹൈ ഹീലുകളും പരന്ന ചെരിപ്പുകളും ഒഴിവാക്കുക.
പാദത്തിലെ പേശികളെ ബലപ്പെടുത്തുന്നതിനും ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനുമുള്ള വ്യായാമങ്ങൾ ചെയ്യുക.
അമിതവണ്ണം കുറക്കുന്നത് പാദങ്ങളിലെ സമ്മർദം കുറക്കാൻ സഹായിക്കും.
വ്യായാമങ്ങളോ മറ്റ് ചികിത്സകളോ ഫലിക്കാത്ത അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രമേ ശസ്ത്രക്രിയ നിർദേശിക്കാറുള്ളൂ.
മാത്രവുമല്ല കൃത്യസമയത്ത് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ തേടുന്നത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സന്ധിവേദനകളും നടത്തത്തിലെ വൈകല്യങ്ങളും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates