

ജീവിതനിലവാരത്തിൽ മറ്റുള്ളവർക്കൊപ്പത്തിനൊപ്പം എത്താനുള്ള പരിശ്രമത്തിലാണ് ആളുകൾ. അത് ആളുകളെ കൂടുതൽ സമ്മർദങ്ങളിലേക്ക് തള്ളിവിടാനും മാനസിക പിരിമുറുക്കം ഉണ്ടാക്കാനുമിടയാക്കും. സാധാരണ ക്ഷീണമായി തോന്നുന്ന ചില ലക്ഷണങ്ങൾ പലപ്പോഴും മാനസികമായി ബേൺഔട്ട് ആകുന്നതിന്റെ തുടക്ക സൂചനയാകാം.
തിരിച്ചറിയാതെ പോകുന്നത് ആരോഗ്യത്തെയും ജോലിയിലെ പ്രകടനത്തെയും വ്യക്തിബന്ധങ്ങളെയും ബാധിക്കാം. എന്താണ് ബേൺഔട്ട്, പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
അമിത സമ്മർദവും വിശ്രമക്കുറവും മൂലം ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ച അവസ്ഥയാണ് ബേൺഔട്ട്. ഇത് ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ സംഭവിക്കുന്നതല്ല. കാലങ്ങളായി നീണ്ടു നിൽക്കുന്ന പിരിമുറുക്കവും സമ്മർദവുമൊക്കെ ശാരീരികമായും പ്രകടമാകുന്ന അവസ്ഥയാണിത്.
എപ്പോഴും ക്ഷീണം തോന്നുക: രാത്രി മതിയായ ഉറക്കം ലഭിച്ചാലും ശരീരത്തിന് ഊർജമില്ലാത്ത അവസ്ഥ. ചെറിയ കാര്യങ്ങൾ പോലും വലിയ ബുദ്ധിമുട്ടായി തോന്നാം.
ജോലിയോട് താൽപര്യക്കുറവ്: മുൻപ് ഇഷ്ടപ്പെട്ട് ചെയ്തിരുന്ന ജോലിയോ മറ്റ് കാര്യങ്ങളോട് താൽപര്യക്കുറവു തോന്നുക. ഇനി ചെയ്യാൻ പറ്റില്ലെന്ന തോന്നൽ.
പെട്ടെന്ന് ദേഷ്യം വരിക: ചെറിയ കാര്യങ്ങൾ പോലും അസഹനീയമായി തോന്നുക. ദേഷ്യം കൂടുക, ക്ഷമ കുറയുക എന്നിവയൊക്കെ സാധാരണ ലക്ഷണങ്ങളാണ്.
ഉറക്കപ്രശ്നങ്ങൾ: ഉറങ്ങാൻ ബുദ്ധിമുട്ട്, രാത്രി പലവട്ടം ഉണരുക, രാവിലെ എഴുന്നേറ്റിട്ടും വിശ്രമം ലഭിക്കാത്ത തോന്നൽ എന്നിവ ഉണ്ടാകാം.
ഏകാഗ്രത കുറയുക: ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഓർമപ്പിശക്, ചെറിയ തീരുമാനങ്ങൾ പോലും എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
ശരീരവേദന: സമ്മർദം കൂടുമ്പോൾ തലവേദന, കഴുത്ത് വേദന, ശരീരവേദന, വയറുസംബന്ധമായ അസ്വസ്ഥതകൾ എന്നിവ വരാം.
ഒറ്റപ്പെട്ടിരിക്കുക: മുൻപ് സാമൂഹികമായി നന്നായി ഇടപെട്ടിരുന്ന വ്യക്തിക്ക്, ക്രമേണ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാൻ താൽപര്യമില്ലാതാകുക. ഒറ്റയ്ക്ക് ഇരിക്കാൻ കൂടുതൽ ആഗ്രഹം തോന്നുക.
സ്വയം നെഗറ്റീവായി ചിന്തിക്കുക: എന്നെക്കൊണ്ട് കഴിയില്ല, ഞാൻ ചെയ്യുന്നതൊന്നും ശരിയല്ല എന്നു തുടങ്ങിയ ചിന്തകൾ കൂടിവരിക. ആത്മവിശ്വാസം കുറയുക.
നമുക്കുള്ളിൽ പുകയുന്ന മാനസിക സംഘർഷത്തെയും സമ്മർദങ്ങളെയും തിരിച്ചറിയുകയാണ് ഏറ്റവും പ്രധാന കാര്യം. അവസ്ഥ ഗുരുതരമാകുന്നതിന് മുൻപ് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടാം. അതിനൊപ്പം ജീവിതശൈലിയിൽ ചില ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതും ഫലം ചെയ്യും.
സ്ക്രീൻ ടൈം കുറയ്ക്കുക. വായന, ഗാർഡനിങ്, തുന്നൽ, പേയ്ന്റിങ് പോലുള്ള ക്രിയേറ്റീവ് ഹോബികൾ ആരംഭിക്കാം.
ദിവസവും മിതമായ വ്യായാമങ്ങൾ ചെയ്യാം. നടത്തം, സൈകിങ് പോലുള്ള ഗുണകരമാണ്.
രാവിലെ തണുത്ത വെള്ളത്തിലെ കുളി മനസ്സും ശരീരവും ഫ്രഷ് ആകാൻ സഹായിക്കും.
ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ ബാലൻസ് പാലിക്കുക. വീട്ടിൽ വന്ന ശേഷവും ഓഫീസ് ജോലിക്കായി സമയം ചെലവഴിക്കുന്നത് വ്യക്തിജീവിതം പ്രയാസമുള്ളതാക്കും.
ദീർഘനേരം ഇരുന്നുള്ള ജോലിയാണെങ്കിൽ ചെറിയ ഇടവേളയെടുത്ത് ശരീരം സ്ട്രെച്ച് ചെയ്യുന്നതോ നടക്കുന്നതോ നല്ലതാണ്.
യാത്രകൾ മനസ്സിന് ശാന്തമാകാനും, അനുഭവങ്ങൾ ജീവിതം കൂടുതൽ അച്ചടക്കമുള്ളതുമാക്കും.
അമിതമായി കൊഴുപ്പടങ്ങിയതും പഞ്ചസാരയടങ്ങിയതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തി, പച്ചക്കറികളും പഴങ്ങളും ആരോഗ്യകരമായ കൊഴുപ്പും ഡയറ്റിൽ ചേർക്കാം. ദിവസത്തിൽ കാപ്പി അല്ലെങ്കിൽ ചായ ഒരു നേരമായി ചുരുക്കാം. പകരം, വെള്ളം അല്ലെങ്കിൽ പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കാം.
സെൽഫ് കെയർ ടെക്നിക്കുകൾ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഫലപ്രദമാണ്.
ക്ഷീണം, താൽപര്യക്കുറവ്, ദേഷ്യം എന്നിവയെല്ലാം വെറും 'ബിസി ലൈഫ്' എന്ന പേരിൽ അവഗണിക്കരുത്. ശരീരം നൽകുന്ന മുന്നറിയിപ്പുകൾ സമയത്ത് തിരിച്ചറിഞ്ഞ് ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ബേൺഔട്ടിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates