

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. അതുകൊണ്ട് തന്നെ അത് ഒഴിവാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. എന്നാല്‍ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ബ്രേക്ക്ഫാസ്റ്റ് പൂര്‍ത്തിയാക്കാമെന്ന് കരുതിയാണ് തെറ്റി. പ്രഭാത ഭക്ഷണത്തിന്‍റെ അളവും അതിന്‍റെ പോഷക മൂല്യവും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് സ്പാനിഷ് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ പ്രഭാതഭക്ഷണ ശീലങ്ങളുടെ പ്രധാന്യം പഠനം എടുത്തു കാണിക്കുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ദി ജോണല്‍ ഓഫ് ന്യൂട്രിഷന്‍, ഹെല്‍ത്ത്, ഏയ്ജിങ്ങില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കി.
പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സ്പാനിഷ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ച 55നും 75നും ഇടയില്‍ പ്രായമായ 383 പേരാണ് പഠനത്തിന്‍റെ ഭാഗമായത്. മൂന്ന് വര്‍ഷം അവരുടെ പ്രഭാത ഭക്ഷണ ശീലങ്ങളുടെ ആരോഗ്യസൂചിക ഗവേഷകര്‍ നിരീക്ഷിച്ചു. പ്രഭാതഭക്ഷണത്തില്‍ ദിവസേനയുള്ള കലോറിയുടെ 20 മുതല്‍ 30 ശതമാനം രാവിലെ കഴിച്ചവരെ അപേക്ഷിച്ച് വളരെ കുറവ് (20 ശതമാനത്തില്‍ താഴെ) അല്ലെങ്കില്‍ വളരെ അധികം(30 ശതമാനത്തില്‍ കൂടുതല്‍) കഴിച്ചവര്‍ക്ക് ആരോഗ്യപരമായ ഫലങ്ങള്‍ മോശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
മാത്രമല്ല, അളവു പോലെ തന്നെ പ്രധാനമാണ് ബ്രേക്ക്ഫാസ്റ്റിന്‍റെ ഗുണനിലവാരവുമെന്ന് പഠനം പറയുന്നു. വലിപ്പം കണക്കിലെടുക്കാതെ ഗുണനിലവാരമില്ലാത്ത പ്രഭാതഭക്ഷണം കഴിച്ചവരില്‍ കുടവയര്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുക, വൃക്കകളുടെ തകരാറുകള്‍ പോലുള്ള സമാനമായ നെഗറ്റീവ് ആരോഗ്യ പ്രവണതകള്‍ കണ്ടെത്തിയതായി പഠനം വിലയിരുത്തി.
പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ഒമ്പത് പ്രധാന പോഷക ഘടകങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണത്തെ സ്കോർ ചെയ്യുന്ന മീൽ ബാലൻസ് സൂചിക ഉപയോഗിച്ചാണ് പ്രഭാതഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തിയത്. പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളും ഈ സൂചിക പരിഗണിക്കുന്നു. ഉയർന്ന സ്കോറുകൾ മികച്ച പോഷകാഹാര നിലവാരത്തെ സൂചിപ്പിക്കുന്നു.
എന്താണ് മാതൃക ബ്രേക്ക്ഫാസ്റ്റ്
മികച്ച ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ ഐഡിയല്‍ ബ്രേക്ക്ഫാസ്റ്റില്‍ ദൈനംദിന കലോറി ഉപഭോഗത്തിന്‍റെ 20-30 ശതമാനം അടങ്ങിയിരിക്കണമെന്ന് പഠനം ശുപാർശ ചെയ്യുന്നു. ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പഴങ്ങളോ പച്ചക്കറികളോ ഉൾപ്പെടുന്ന സമീകൃതാഹാരത്തിലായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.
അതേസമയം പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലായി അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. ബ്രേക്ക്ഫാസ്റ്റ് ഒപ്റ്റിമൈസ് ചെയ്യുന്നത് മെറ്റബോളിക് സിൻഡ്രോം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നീ ആരോഗ്യ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിലും തടയുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates