

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന ഒരു യാത്രക്കാരന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ സംഭവിച്ച യുവാവിന് സമയോചിതമായി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ അടിയന്തര വൈദ്യ സഹായം നൽകി താടിയെല്ലുകൾ പഴയരീതിയിലാക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്താണെന്നതിനെ സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ.
തലയോട്ടിയെയും താടിയെല്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സന്ധിയാണ് ടെംപറോമാൻഡിബ്യൂലർ ജോയിന്റ് അഥവാ ടിഎംജെ. കീഴ്ത്താടിയെല്ലിന്റെ ബോൾ-ആൻഡ്-സോക്കറ്റ് സന്ധി സ്ഥാനത്തു നിന്നു തെറ്റിപ്പോകുമ്പോഴാണ് ടിഎംജെ ഡിസ്‌ലൊക്കേഷൻ സംഭവിക്കുന്നത്. ഇത് വായ അടയ്ക്കാൻ കഴിയാതെ സ്തംഭിച്ച അവസ്ഥ ഉണ്ടാവുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും.
അമിതമായി കോട്ടുവായ് ഇടുമ്പോഴോ അപകടങ്ങളിലോ പ്രത്യേക രോഗാവസ്ഥകളിലോ ആണ് ഇങ്ങനെ സംഭവിക്കുക. ഡോക്ടർക്ക് കൈകൊണ്ടു തന്നെ ഇതു പൂർവസ്ഥിതിയിലാക്കാൻ സാധിക്കും. എന്നാൽ ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
മാത്രമല്ല, സന്ധികളിലെ കണക്ടീവ് ടിഷ്യൂകൾക്ക് (ബന്ധിത കോശകലകൾ) ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ ഡിസ്‌ലൊക്കേഷനുള്ള സാധ്യത കൂടുതലാണ്. എഹ്ലേഴ്‌സ്-ഡാൻലോസ് സിൻഡ്രോം പോലുള്ള അവസ്ഥകളുള്ളവരിൽ ഇത് സാധാരണമാണ്.
ടിഎംജെ ഭാഗത്തും താടിയെല്ലിനും മുഖം മുഴുവനും കടുത്ത വേദന അനുഭവപ്പെടുന്നതും വായ അടയ്ക്കാൻ കഴിയാത്തതും ആണ് ഡിസ്‌ലൊക്കേഷന്റെ പ്രധാന ലക്ഷണം. പെട്ടെന്ന് സംഭവിക്കുന്ന ഡിസ് ലൊക്കേഷനുകളിൽ ഇത് വ്യക്തമായിരിക്കും. പെട്ടെന്നല്ലാതെയും ഡിസ്‌ലൊക്കേഷന്‍ സംഭവിക്കാം. ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഡിസ്‌ലൊക്കേഷന്റെ തുടക്ക ലക്ഷണങ്ങളിൽ ഒന്നാണ്. താടിയെല്ലിന് ചുറ്റും നീരും വേദനയും തടിപ്പും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates