ആർത്തവ ദിനങ്ങളെക്കാൾ ദുരിതമാണ് ചില സ്ത്രീകൾക്ക് അതിന് മുൻപുള്ള ദിവസങ്ങൾ. അടിക്കടി മാറിമാറിയുന്ന മാനസികാവസ്ഥകൾ ഉണ്ടാക്കുന്ന നേരിയ ക്ഷോഭം ശക്തമായ ദേഷ്യം അല്ലെങ്കിൽ ഉത്കണ്ഠ വരെയാകാം. ഹോർമോൺ മാറ്റങ്ങൾ അനിവാര്യമായ ഒരു ഘടകമാണെങ്കിലും ജീവിതശൈലി തെരഞ്ഞെടുപ്പുകൾ, പ്രത്യേകിച്ച് ഭക്ഷണക്രമം മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കാനാകും.
പ്രീമെൻസ്ട്രൽ മാനസികാവസ്ഥയെ ബാലൻസ് ചെയ്യാൻ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം.
ചീര, കാലെ, ഉലുവ തുടങ്ങിയ മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രീമെൻസ്ട്രൽ മാനസികാവസ്ഥയെ ബാലൻസ് ചെയ്യാൻ സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിലും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു ധാതുവാണ് മഗ്നീഷ്യം. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മഗ്നീഷ്യം പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊഴുപ്പുള്ള മത്സ്യത്തിൽ അടങ്ങിയ ഒമേഗ-3 മാനസികാവസ്ഥയെ സ്വാധീനിക്കുന്നു. സാൽമൺ, അയല, സാർഡിൻ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ-3 ഫാറ്റി ആസിഡുകൾ വിഷാദരോഗ ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രീമെൻട്രൽ മാനസികാവസ്ഥയുടെ ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാനും ഇത് സഹായിക്കും.
ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവ അവശ്യ ഫാറ്റി ആസിഡുകളുടെയും മഗ്നീഷ്യത്തിന്റെയും മികച്ച ഉറവിടങ്ങളാണ്. ഈ പോഷകങ്ങൾ ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ഇത് മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും പ്രീമെൻട്രൽ മാനസികാവസ്ഥ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
തവിട്ട് അരി, ക്വിനോവ, ഓട്സ് തുടങ്ങിയ തവിടുള്ള ധാന്യങ്ങൾ തലച്ചോറിലെ സെറോടോണിന്റെ അളവ് വർധിപ്പിക്കാനും മാനസികാവസ്ഥയിലെ മാറ്റങ്ങൾ കുറയ്ക്കാനും കഴിയുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ നൽകുന്നു. ആർത്തവ ദിവസങ്ങളിൽ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാകാനുള്ള ഏറ്റവും എളുപ്പ മാർഗമാണിത്.
ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം എന്നാൽ മെച്ചപ്പെട്ട മാനസികാവസ്ഥ എന്നാണ് അർത്ഥം. ഇത് പ്രീമെൻട്രൽ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങൾ എന്നിവ ലഘൂകരിക്കാൻ സഹായിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. തൈര്, ഇഡ്ലി, ദോശ, കെഫീർ തുടങ്ങിയ സാധാരണ പുളിപ്പിച്ച ഭക്ഷണങ്ങളിൽ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വയറും മാനസികാവസ്ഥയും മെച്ചപ്പെടാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates