വരാനിരിക്കുന്നത് മഹാമാരിയോ? 2025 ൽ ആശങ്ക പടർത്തി പക്ഷിപ്പനിയുടെ വ്യാപനം

ഫ്ലു ജീനോമിലെ ഒരൊറ്റ മ്യൂട്ടേഷന്‍ എച്ച്5എന്‍1 വൈറസിനെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ പ്രാപ്തമാക്കും
bird flu
പക്ഷിപ്പനി
Updated on
2 min read

2019ന്റെ അവസാനത്തോടെയാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നു. വാതിലുകള്‍ അടച്ചുപൂട്ടി ലോകം വീടുകളിലേക്ക് ഒതുങ്ങിപ്പോയ ആ കാലം ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇന്നും കോവിഡിന്റെ പല പരിണിതഫലങ്ങളും നാം അനുഭവിക്കുന്നുണ്ട്.

ഇനിയും ഇത്തരം മഹാമാരികള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഭീതിയോടെയാണ് ജനം കാത്തിരിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍. കോവിഡ് പിന്‍വാങ്ങിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌ഐവി, ക്ഷയം എന്നിവയാണ്. ഓരോ വര്‍ഷവും അവ ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ ജീവനെടുക്കുന്നുവെന്നാണ് കണക്കുകള്‍.

അടുത്ത മഹാമാരി

അടുത്തിടെ പക്ഷികളിലും മൃഗങ്ങളിലും വ്യാപിക്കുന്ന ഇന്‍ഫ്ലുവന്‍സ വൈറസ് വരും നാളുകളില്‍ ആശങ്കപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇന്‍ഫ്ലുവന്‍സ എ സബ്‌ടൈപ്പ് എച്ച്5എന്‍1- പക്ഷിപ്പനി എന്ന് വ്യാപകമായി വിളിക്കപ്പെടുന്ന വൈറസ് ബാധ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തിപ്രാപിച്ചിട്ടുണ്ട്.

പക്ഷിപ്പനി

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ1. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വെെറസ് പകരുന്നത് സ്രവങ്ങൾ വഴിയാണ്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷി എന്നിവ വഴിയാണ് രോഗാണുക്കൾ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുക. വൈറസ് വന്യമൃഗങ്ങള്‍ക്കിടയിലും കോഴി പോലുള്ള വളര്‍ത്തു പക്ഷികളിലും വ്യാപകമായി പടര്‍ന്ന് പിടിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പക്ഷിപ്പനി ബാധിച്ച മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യന് ഈ രോഗം ബാധിക്കാം. കോശങ്ങളുടെ പുറത്തുള്ള സിയാലിക് റിസപ്റ്ററുകൾ എന്ന് വിളിക്കപ്പെടുന്ന തന്മാത്രാ ഘടനയിൽ ഇൻഫ്ലുവൻസ വൈറസുകൾ ചേരുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യുമ്പോളാണ് മനുഷ്യരിൽ ഈ രോഗം വരുന്നത്.

അടുത്തിടെ അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ കറവ പശുക്കളിലും എച്ച്5എന്‍1 ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ മംഗോളിയയിലെ കുതിരകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം അമേരിക്കയില്‍ 61 പേര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും ഫാം തൊഴിലാളികളും രോഗബാധിതരായ കന്നുകാലികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും പച്ച പാല്‍ കുടിക്കുന്നവരുമാണ്. മിക്കവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഇതേ വരെ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.

എന്നാല്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ഫ്ലു ജീനോമിലെ ഒരൊറ്റ മ്യൂട്ടേഷന്‍ എച്ച്5എന്‍1 വൈറസിനെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ പ്രാപ്തമാക്കുമെന്നും ഇത് ഒരു മഹാമാരിയുടെ ആരംഭത്തിന് കാരണമാകാമെന്നും നിരീക്ഷിച്ചു. മുൻകരുതലിന്റെ ഭാഗമായി യുകെ പക്ഷിപ്പനിയിൽ നിന്ന് സംരക്ഷിക്കാൻ അഞ്ച് ദശലക്ഷം H5 വാക്സിൻ വാങ്ങിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2003 മുതൽ 19 രാജ്യങ്ങളിലായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 860-ലേറെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചു. 2025ഓടെ ഇത് കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com