

അമ്മമാർ വളരെ വാത്സല്യത്തോടെയാണ് കുഞ്ഞോമനകളെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ടുതൊട്ടു ഒരുക്കിയെടുക്കുന്നത് കാണാൻ തന്നെ നല്ല ചന്തമാണ്. കണ്ണെഴുതുന്നത് കഞ്ഞിക്കണ്ണുകൾ കൂടുതൽ മനോഹരമാകുമെന്ന് മാത്രല്ല, മറ്റുള്ളവരുടെ കണ്ണുകിട്ടാതിരിക്കുക എന്ന ഒരു വിശ്വാസവും ഇതിലുണ്ട്.
കുഞ്ഞിന്റെ കണ്ണുകളെ സൂര്യപ്രകാശത്തിൽ നിന്നും മറ്റ് അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ കണ്‍മഷിയുടെ ഉപയോഗം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കണ്‍മഷിയും സുറുമയുമൊക്കെ കണ്ണുകളുടെ അഴക് കൂട്ടാൻ പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്നതാണ്. എന്നാൽ പൊന്നോമനകളുടെ കണ്ണുകളിൽ കൺമഷി തൊടുമ്പോൾ ഇരട്ടി ശ്രദ്ധവേണം. ഔഷധഗുണങ്ങൾ അടങ്ങിയ ചെടികൾ, സിങ്ക്, തുരിശ് എന്നിവ അടങ്ങിയിട്ടുള്ള മരുന്നായാണ് ആദ്യമൊക്കെ കണ്‍മഷി ഉപയോഗിച്ചിരുന്നത്.
എന്നാൽ കുഞ്ഞുങ്ങൾക്ക് കൺമഷി ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന കണ്‍മഷിയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും കുഞ്ഞിന്റെ ലോലമായ ചർമത്തെയും കാഴ്‌ചകശക്തിയെയും സാഹാരമായി ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു.
കുഞ്ഞുങ്ങളിലെ കണ്ണെഴുത്ത്
സ്ഥിരമായി കുഞ്ഞുങ്ങൾ കൺമഷി ഉപയോഗിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ഈയം അഥവാ ലെഡ് കൂടുതലായി ശരീരത്തിലെത്താന് ഇടവരുമെന്ന് ഗവേഷകർ കണ്ടെത്തി. ഇത് പതിയെ മജ്ജയിലേയ്ക്ക് വ്യാപിക്കുകയും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കുഞ്ഞുങ്ങളിലെ വിളർച്ച, ചെങ്കണ്ണ്, ചൊറിച്ചിൽ, കണ്ണുനീർ ഗ്രന്ഥിയുടെ വീക്കം, വരണ്ട കണ്ണുകൾ, കണ്ണിലെ വ്രണം എന്ന് തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം.
കൂടാതെ ഇത് കുഞ്ഞിന്റെ പല അവയവങ്ങളെയും ദോഷകരമായി ബാധിക്കും. തലച്ചോറ്, മജ്ജ തുടങ്ങിയവയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. കൂടാതെ കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ ദോഷകരമായി ബാധിക്കുന്നു. കുഞ്ഞി കണ്ണുകളിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
നിലവാരമില്ലാത്ത കണ്മഷികൾ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളിൽ പലവിധത്തിലുള്ള അലർജികൾ ഉണ്ടാകാൻ കാരണമാകും. കണ്മഷി ഉപയോഗിച്ച ശേഷം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയാണെങ്കിൽ ഉടനെ തന്നെ അതിന്റെ ഉപയോഗം നിർത്തണം. കുഞ്ഞിന്റെ കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുക.
അതിനു ശേഷവും കൺതടത്തിലെ വീക്കമോ ചൊറിച്ചിലോ കുഞ്ഞിനുണ്ടെങ്കിൽ ഒട്ടും വൈകാതെ തന്നെ ഡോക്ടറെ കാണിക്കണം. കണ്മഷിയുടെ ഉപയോഗം തീർത്തും ഒഴിവാക്കാനാകില്ലെങ്കിൽ വൃത്തിയുള്ള സാഹചര്യത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കണ്മഷിക്കൂട്ട് ഉപയോഗിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates