

രണ്ടാം വരവിൽ അതിവേഗം പടർന്നുപിടിക്കുകയാണ് കോവിഡ് 19 മഹാമാരി. വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളിൽ വായുവിലൂടെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പരിഷ്കരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇൻഡോർ, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളിൽ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കോവിഡിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് 13 മാസം പിന്നിടുമ്പോൾ ആദ്യമായാണ് ഡബ്ല്യുഎച്ച്ഒ വൈറസ് വായുവിലൂടെ പകരാമെന്ന് പറയുന്നത്. സാർസ്-കോവ്-2 ന്റെ ഓരോ പുതിയ വകഭേദവും മുൻപത്തേതിനേക്കാൾ കൂടുതൽ പകർച്ചവ്യാധിയാണെന്നും കണ്ടെത്തിയിരിക്കുന്നു. വായുസഞ്ചാര സ്വഭാവം കണക്കിലെടുത്ത് കോവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നതിനെക്കുറിച്ച് അമേരിക്കയിൽ പഠനം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് പ്രകാരം സാമൂഹ്യ അകലം പാലിക്കാനുള്ള ആറടി നിയമം ഇനി സാധുവായിരിക്കില്ല എന്നാണ് പറയുന്നത്. ഇതോടെയാണ് ലോകാരോഗ്യ സംഘടനയും കോവിഡ് -19 വായുവിലൂടെ പകർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കാമെന്ന് നിരവധി ശാസ്ത്രജ്ഞർ നേരത്തെ വാദിച്ചിരുന്നെങ്കിലും സാർസ്-കോവ്-2 നെ കുറിച്ച് ശാസ്ത്ര സമൂഹത്തിന് ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇന്ത്യയിൽ നേരത്തെ തന്നെ വൈറസ് വ്യാപനം വായുവിലൂടെ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് മുൻകരുതൽ വേണമെന്ന് നിർദേശം നൽകിയിരുന്നു. രോഗം ബാധിച്ച ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിലോ, ഒരു പ്രദേശത്ത് നിരവധി ആളുകൾക്ക് രോഗം ഉണ്ടെങ്കിലോ വീടിനുള്ളിൽ പോലും മാസ്ക് ധരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് നിർദേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates