

സോഷ്യല്‍മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ് ആണ് മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവര്‍ക്ക് രണ്ട് മിനിറ്റ് കൊണ്ട് ഉറക്കം കിട്ടുന്ന രീതിയെന്ന് അവകാശപ്പെട്ടാണ് ഈ ടെക്‌നിക് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.
മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് എന്നാല്‍, പേരു സൂചിപ്പിക്കുന്നതു പോലെ അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ഏത് സാഹചര്യത്തിലും മികച്ച ഉറക്കം ലഭിക്കാന്‍ വികസിപ്പിച്ച ഒരു ഉറക്ക രീതിയാണ്. 'റിലാക്‌സ് ആന്റ് വിന്‍' എന്ന ബുക്കിലാണ് ഈ ഉറക്കരീതിയെ കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സാധാരണക്കാര്‍ക്ക് എത്രത്തോളം വര്‍ക്ക് ആകും എന്നതാണ് ചോദ്യം!
പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുക: ആദ്യം നിവർന്ന് കിടന്നതിന് ശേഷം കണ്ണുകൾ അടയ്ക്കുക. രണ്ട് കൈകളും ശരീരത്തോട് ചേർത്ത് വയ്ക്കണം. ശേഷം നെറ്റി, കണ്ണുകൾ, കവിളുകൾ, താടിയെല്ലുകൾ, തോൾ, കൈകൾ, കാൽ വിരലുകൾ വരെയുള്ള ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും അയച്ചിടുക.
നിയന്ത്രിതമായ ശ്വസനരീതി: ശേഷം പതിയെ ശ്വാസമെടുക്കുക. ഇങ്ങനെ ചെയ്യമ്പോൾ നെഞ്ച് മുതൽ പാദങ്ങൾ വരെയുള്ള പേശികൾ പതിയെ വിശ്രമിക്കാൻ തുടങ്ങും. ശ്വസിക്കുമ്പോൾ തോളും കൈകളും അയച്ചിടാൻ ശ്രദ്ധിക്കണം. ശരീരത്തിലെ സമ്മർദം ക്രമേണ കുറയാൻ ഇത് സഹായിക്കും.
സങ്കല്‍പ്പിക്കുക: മൂന്നാം ഘട്ടം മനസിനെ ശാന്തമാക്കുകയാണ്. അതിനായി ശാന്തമായ അന്തരീക്ഷത്തിലാണ് താന്‍ ഉള്ളതെന്ന് സങ്കല്‍പ്പിക്കുക. ഇത് മനസിനെ ശാന്തമാക്കാനുള്ള ഒരു ടെക്‌നിക്കാണ്. മനസിൽ നിന്ന് നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കാനും നല്ല ഉറക്കത്തിലേക്ക് നയിക്കാനും ഇത് സഹായിക്കുമെന്നാണ്.
എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ ലോകത്തിലെ സൈന്യങ്ങള്‍ അവരുടെ സ്ലീപ്പിങ് ടെക്‌നിക്കുകള്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജേണലില്‍ പ്രസിദ്ധീകരിക്കണമെന്നില്ല. അതിനാല്‍ തന്നെ, മുഖ്യധാരാ ശാസ്ത്രത്തില്‍ മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്കിന് പ്രത്യേക സ്ഥിരീകരണങ്ങളൊന്നുമില്ല. ഇനി, ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുമായി മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചില സാമ്യങ്ങള്‍ കാണാം.
ഇവ രണ്ടും ഉറക്കത്തെ തടസപ്പെടുത്തുന്ന ചിന്തകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മിലിറ്ററി സ്ലീപ്പിങ് ടെക്നിക്കില്‍ ഉറക്ക ശുചിത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.
ഇവ തമ്മിലുള്ള സാമ്യം കണക്കിലെടുക്കുമ്പോള്‍ മിലിറ്ററി സ്ലീപ്പിങ് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ട് മിനിറ്റില്‍ ഉറങ്ങുമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശാരീരികമായും മാനസികമായ കഠിനമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് മിലിറ്ററി സ്ലീപ്പിങ് ടെക്നിക്ക് വര്‍ക്ക് ആവുക. മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്കിന് ഉദ്ദേശിച്ച മാനസികവും ശാരീരികവുമായ ആവശ്യങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയില്ല.
സാധാരണക്കാരന് രണ്ട് മിനിറ്റില്‍ ഉറങ്ങുക എന്നത് ഒരു യുട്ടോപ്യന്‍ ആശയമാണ്. പൊതുവായ മാര്‍ഗനിര്‍ദേശം അനുസരിച്ച്, എട്ട് മിനിറ്റിനുള്ളില്‍ സ്ഥിരമായി ഉറങ്ങുന്നത് അസാധാരണമായാണ് കണക്കാക്കപ്പെടുന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ സ്ഥിരമായി ഉറങ്ങുന്നത് അമിതമായ പകല്‍ ഉറക്കത്തിന്റെ സൂചനയാണ്.
പകല്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന സാധാരണക്കാരന് ഉറക്കം കിട്ടാന്‍ കുറഞ്ഞത് 20 മിനിറ്റ് സ്ഥിരമായി എടുക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതോ അല്ലെങ്കില്‍ മറ്റ് ഉറക്ക പ്രശ്‌നങ്ങള്‍ നേരിടുന്നതോ ആയ ആളാണെങ്കില്‍ ഈ സമയക്രമത്തില്‍ മാറ്റം ഉണ്ടാകാം. ഉറക്ക ശാസ്ത്രം പരിശോധിച്ചാല്‍ ഉറങ്ങാന്‍ അടിസ്ഥാനമായി ആവശ്യമായ മൂന്ന് ഘടകങ്ങള്‍ ( വിശ്രമം, ശ്വസനം, ദൃശ്യവൽക്കരണം) മിലിറ്ററി സ്ലീപ്പിങ് ടെക്നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിലിറ്ററി സ്ലീപ്പിങ് ടെക്നിക് പരീക്ഷിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കില്ല, എന്നാല്‍ രണ്ട് മിനിറ്റില്‍ ഉറക്കമെന്ന ഗോൾപോസ്റ്റ് മാറ്റേണ്ടതായി വരും. രണ്ട് മിനിറ്റില്‍ ഉറങ്ങുമെന്ന് പ്രതീക്ഷിച്ച് മിലിറ്ററി സ്ലീപ്പിങ് ടെക്നിക്ക് പരീക്ഷിച്ചാല്‍ നിരാശയായിരിക്കും ഫലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates