CERVICAL CANCER
സെർവിക്കൽ കാൻസർ

എല്ലാ എച്ച്പിവി വൈറസുകളും സെർവിക്കൽ കാൻസർ ആകില്ല, 80 ശതമാനം സ്ത്രീകളും പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കുന്നു

വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്.
Published on

സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന കാൻസർ ആണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്‌സിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളർച്ചയാണ് സെർവിക്കൽ കാൻസർ. വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്.

കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. നേരത്തെ കണ്ടെത്തുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ സഹായിക്കും. എന്നാൽ സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ പ്രകടമാകാത്തതും ലക്ഷണങ്ങൾ അ​വ​ഗണിക്കുന്നതും രോ​ഗാവസ്ഥയെ തുടക്കത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നു.

80 ശതമാനം സ്ത്രീകളും രോഗാവസ്ഥ വഷളായ ശേഷമാണ് ചികിത്സ തേടുന്നത്. ഇത് കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളിയാണ്.

സെര്‍വിക്കല്‍ കാന്‍സര്‍; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍

എച്ച്പിവി അണുബാധ

എച്ച്പിവി വൈറസ് മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്. വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ എല്ലാ എച്ച്പിവി അണുബാധകളും സ്ത്രീകളിൽ കാൻസറിലേക്ക് നയിക്കുന്നില്ല എന്നതും അറിഞ്ഞിരിക്കണം.

14 തരം എച്ച്പിവി വൈറസുകളാണ് അപകടം. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്പിവി 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

പതിവ് പരിശോധന ജീവൻ രക്ഷിക്കും

80 ശതമാനത്തോളം സ്ത്രീകളും പതിവ് കാന്‍സര്‍ പരിശോധനകള്‍ നടത്താറില്ല. ഇത് ജീവൻ രക്ഷിക്കാനും കാൻസർ നേരത്തേ കണ്ടെത്താനും സഹായിക്കും.

പതിവ് സ്ക്രീനിങ്ങിലൂടെ സെര്‍വിക്കല്‍ കോശങ്ങളിലുണ്ടാകുന്ന മാറ്റം നേരത്തെ തിരിച്ചറിയാനും ഇത് കാന്‍സര്‍ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും. പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പതിവ് പരിശോധനകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും. 21 വയസ്സിനു മുകളിലുള്ള സ്ത്രീകൾ സെർവിക്കൽ കാൻസർ സ്ക്രീനിങ് നടത്തേണ്ടത് പ്രധാനമാണ്.

ലക്ഷണങ്ങൾ അവഗണിക്കരുത്

സെർവിക്കൽ കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാകണമെന്നില്ല. എന്നാല്‍ ചില സൂചനകള്‍ അവഗണിക്കരുത്.

ലൈംഗിക ബന്ധത്തിന് ശേഷം അസാധാരണമായ രക്തസ്രാവം, അമിതമായ പെൽവിക് വേദന അല്ലെങ്കിൽ പതിവ് ഡിസ്ചാർജ് തുടങ്ങിയ ലക്ഷണങ്ങൾ ചിലപ്പോള്‍ സെര്‍വിക്കല്‍ കാന്‍സറിന്‍റെ സൂചനയാകാം.

ജീവിതശൈലി തിരഞ്ഞെടുപ്പുകൾ

ജീവിതശൈലിയും ശീലങ്ങളും സെർവിക്കൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പുകവലി രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും എച്ച്പിവി അണുബാധയെ ചെറുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് കാന്‍സറായി രൂപപ്പെടാനും കാരണമാകുന്നു.

സുരക്ഷിതമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com