'പൊളി' സൗണ്ട് എന്ന് കയ്യടിക്കാൻ വരട്ടെ; തിയേറ്ററിൽ കയറുമ്പോഴും വേണം കരുതൽ, ശബ്ദം 100 ഡെസിബെൽ കൂടിയാൽ കേൾവി തകരാറിലാകും

80 മുതൽ 110 ഡെസിബെൽ ശബ്ദത്തിലാണ് തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നത്.
Dr Sulphi Noohu on hearing problems among the people who listening to loud sounds
Dr Sulphi Noohu on World Hearing Day 2025
Updated on
2 min read

സിനിമയ്ക്കുള്ളിലെ ഓരോ ചെറിയ ശബ്ദം പോലും വ്യക്തമായി കേൾപ്പിക്കുന്ന ഡോൾബി അറ്റ്‌മോസ് സാങ്കേതികത ചലച്ചിത്ര ആസ്വാദകർക്ക് പ്രിയപ്പെട്ടതാണെങ്കിലും കേൾവിയെ സാരമായി ബാധിക്കാമെന്ന് പറയുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രി ഇഎൻടി വിദ​ഗ്ധൻ ഡോ. സുൽഫി നൂഹു.

സിനിമ കൂടുതൽ ആകർഷകമാക്കാൻ കൂടുതൽ സൗണ്ട് ഇഫക്ടസ് വേണമെന്നതാണ് പൊതുവായി ധരിച്ചിരിക്കുന്നത്. 80 മുതൽ 110 ഡെസിബെൽ ശബ്ദത്തിലാണ് തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നത്. രണ്ട് മണിക്കൂറിൽ കൂടുതൽ ഇത്രയും വലിയ ശബ്ദം കേൾക്കുന്നത് കേൾവി ക്രമേണ കുറയാനും നഷ്ടമാകാനും കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലെന്ന് ഡോ. സുൽഫി നൂഹു സമകാലിക മലയാളത്തോട് പറഞ്ഞു.

88 ഡെസിബെലിൽ നാല് മണിക്കൂറും, 95 ഡെസിബലിൽ ഒരു മണിക്കൂറും, 105 ഡെസിബലിൽ വെറും 15 മിനിട്ട് നേരവും മതി കേൾവി പോകാൻ. 120 ഡെസിബെലിന് മുകളിലുള്ള ശബ്ദം ഒറ്റത്തവണ കേട്ടാൽ പോലും പെർമനന്റായി കേൾവി നഷ്ടപ്പെട്ടേക്കാമെന്നും ഡോ. സൂൽഫി നൂഹു പറയുന്നു. ഡിജി ഡോൾബി അറ്റ്മോസ് തിയേറ്ററുകളിലെ ശബ്ദം 85ന് താഴെ നിർത്താനാണ് ശ്രമിക്കേണ്ടത്. സിനിമ തിയേറ്റർ മാത്രമല്ല ആഘോഷപാർട്ടികളിലും വെടിക്കെട്ട് പോലുള്ള ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതും കേൾവിയെ ബാധിക്കാം.

an image of a man stressing out by a loud music
പ്രതീകാത്മക ചിത്രം

സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ചെവിയിൽ മൂളൽ പോലെയോ ചെവി അടഞ്ഞിരിക്കുന്നതു പോലെയോ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. ശബ്ദം അരോചകമാകുന്നുവെങ്കിൽ ചെവി സംരക്ഷിക്കുവാൻ ഒരു ഇയർ പ്ലഗ് കരുതുന്നതും നല്ലതാണ്. ഇതുപോലെ തന്നെ നിരന്തരം അവ​ഗണിക്കുന്ന മറ്റൊന്നാണ് ഇയർഫോണുകളുടെ ഉപയോ​ഗം.

ഇയർഫോണിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദതരംഗം കർണപടത്തിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. മണിക്കൂറുകൾ നീളുമ്പോൾ ഇപ്പോഴുള്ള ശബ്ദം പോര എന്ന് തോന്നും. ക്രമേണ ശ്രവണ ശേഷി കുറഞ്ഞു പൂർണമായും നഷ്ടമാകുന്ന അവസ്ഥയിലേക്ക് നയിക്കാം. കുട്ടികളിലും ചെറുപ്പക്കാർക്കുമിടയിൽ വർധിച്ചു വരുന്ന ഇയർഫോൺ ഉപയോ​ഗം മൂലം കേൾവി തകരാറുകൾ സാധാരണമാകുന്ന കാലമാണ് ഉള്ളതെന്ന് ഡോ. സുൽഫി നൂഹു പറയുന്നു.

കേരളത്തിൽ ഈ ട്രെൻഡ് വളരെ കൂടുതലാണ്. ഇയർഫോൺ ഘടിപ്പിക്കാത്ത ചെവികൾ ഇന്ന് വിരളമായിരിക്കും. ദീർഘനേരം ഉച്ചത്തിൽ ഇയർഫോണുകൾ ഉപയോഗിക്കുന്നത് കാലക്രമേണ കേൾവിശക്തി പൂർണമായും ഇല്ലാതാകാൻ കാരണമാകും. ലോകാരോഗ്യ സംഘടനയുടെ 2024-ലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 6.3 ദശലക്ഷം ആളുകൾ കേൾവിക്കുറവു മൂലമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു. നാഷണൽ സാമ്പിൾ സർവേ കണക്ക് പ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി വൈകല്യങ്ങൾ നേരിടുന്നുണ്ട്.

a close image of a man's ear, who has hearing problems
പ്രതീകാത്മക ചിത്രം

നാടും നഗരവും വളരുകളാണ്. അതിവേഗം പായുന്ന ഈ ഡിജിറ്റൽ ലോകത്തിൽ ഇയർഫോണുകളുടെ ഉപയോഗത്തെ പാടെ തള്ളാൽ ആകില്ല. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഇയർഫോണിൽ 60 ശതമാനം വരെ ശബ്ദത്തിൽ കേൾക്കാമെന്നാണ്. എന്നാൽ അത് 40 ശതമാനം വരെ കുറയ്ക്കുന്നതാണ് നല്ലത്. ദീർഘനേരം 60 ശതമാനത്തിന് മുകളിലേക്ക് ശബ്ദം കൂടുന്നത് കേൾവിയെ ബാധിക്കാം. അത് ടിന്നിട്‌സ് (ചെവിയിൽ മൂളൽ) എന്ന അവസ്ഥയിലേക്കും പിന്നീട് കേൾക്കുറവിലേക്കും നയിക്കാം.

പ്രത്യേകിച്ച് കുട്ടികളിൽ, പഠനവും വിനോദവും ഇപ്പോൾ ഓൺലൈനിലേക്ക് ചുരുങ്ങുന്ന കാലമാണ്. ഇയർഫോണിൽ ഉച്ചത്തിൽ ദീർഘനേരം ശബ്ദം കേൾക്കുന്നത് വളരെ ചെറുപ്പത്തിലെ കുട്ടികളിൽ ശ്രവണ ശേഷി കുറയ്ക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ഇയർഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com