ഹെപ്പറ്റൈറ്റിസ് എ എങ്ങനെ പകരുന്നു; ലക്ഷണങ്ങളും പ്രതിരോധവും
ദൂരെയാത്രകൾ കഴിഞ്ഞ് മടങ്ങി വന്ന ശേഷം എപ്പോഴെങ്കിലും അസുഖങ്ങൾ പിടിപെട്ടിട്ടുണ്ടോ? ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അതിവേഗം പടരുന്ന ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് ആയിരിക്കാം അതിനുകാരണം. കരളിൽ നീർക്കെട്ടുണ്ടാക്കുന്ന ഈ രോഗം ചിലരിൽ കടുത്ത വെല്ലുവിളിയാകാറുണ്ട്.
എ മുതൽ ഇ വരെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇതിൽ ഹെപ്പറ്റൈറ്റിസ് എയും ഇയും മലിനമായ ഭക്ഷണം, വെള്ളം എന്നിവയിൽ നിന്നും മനുഷ്യവിസർജ്യത്തിൽ നിന്നുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പോലെ ഹെപ്പറ്റൈറ്റിസ് എ കടുത്ത രോഗാവസ്ഥ ഉണ്ടാക്കാറില്ല. വളരെ പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെങ്കിലും എളുപ്പത്തിൽ അതിനെ പ്രതിരോധിക്കാനും കഴിയും എന്നതാണ് ആശ്വാസം. മിക്കരോഗികളും 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ രോഗത്തെ അതിജീവിക്കാറുണ്ട്. രോഗം ഭേദമായിക്കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധശക്തി ഉണ്ടാവുകയും ചെയ്യും.
ഹെപ്പറ്റൈറ്റിസ് എ
മനുഷ്യവിസർജ്യം കലർന്ന വെള്ളത്തിലോ ശരിയായി ശുചിയാക്കാതെ ദീർഘകാലം കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാകാം. ഈ വെള്ളം കുടിക്കാനിടയായാൽ രോഗിയിലേക്ക് വൈറസ് നേരിട്ട് പ്രവേശിക്കും. വൃത്തിയില്ലാത്ത വെള്ളംകൊണ്ട് കഴുകുന്ന പഴങ്ങൾ, പച്ചക്കറികൾ, പുറംതോടുള്ള കടൽ/കായൽ വിഭവങ്ങൾ എന്നിവ കഴിച്ചാലും രോഗം പിടിപെടാം. രോഗബാധയുള്ള ഒരു വ്യക്തിയുമായി നേരിട്ട് ഇടപഴകിയാലും രോഗം പകരും. കൈകൾ ശരിയായി വൃത്തിയാക്കാത്തവർക്കും രോഗസാധ്യതയുണ്ട്.
ലക്ഷണങ്ങൾ
ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ തീവ്രത കുറഞ്ഞതുമാകാം കൂടിയതുമാകാം. രോഗിയുടെ പ്രായവും മൊത്തത്തിലുള്ള ആരോഗ്യവും അനുസരിച്ചായിരിക്കും രോഗത്തിന്റെ തീവ്രത. ചിലരിൽ, പ്രത്യേകിച്ച് കുട്ടികളിൽ, ലക്ഷണങ്ങളൊന്നും ഉണ്ടാകാറുമില്ല. സാധാരണഗതിയിൽ വൈറസ് ശരീരത്തിൽ എത്തിക്കഴിഞ്ഞ് രണ്ട് മുതൽ ആറ് ആഴച വരെ കഴിയുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. വൈറസിന്റെ ഇൻക്യൂബേഷൻ പിരിയഡാണ് ഈ സമയം. ഈ കാലയളവിൽ ശരീരത്തിലുടനീളം ഈ വൈറസ് പെരുകാൻ തുടങ്ങും. മിക്കവാറും രോഗികൾക്ക് 2 മാസത്തിനുള്ളിൽ രോഗം ഭേദമാകാറുണ്ട്. എന്നാൽ ചിലർക്ക് 6 മാസം വരെ വേണ്ടിവരാം. രോഗം മാറിയ ശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്ന അവസ്ഥയും കണ്ടുവരാറുണ്ട്.
പനി, വയറിളക്കം, കടുംനിറത്തിലുള്ള മലവും മൂത്രവും, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, ചൊറിച്ചിൽ എന്നിവയാണ് സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ ലക്ഷണങ്ങൾ. എല്ലാവർക്കും ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ രോഗം പിടിപെടുന്ന നൂറിൽ ഒരാൾക്ക് രോഗം മൂർച്ഛിക്കാനും കരൾ തകരാറിലാവാനും സാധ്യതയുണ്ട്. കരൾ മാറ്റിവെച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
ഇന്നും മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗാവസ്ഥ
ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരെ മരുന്നുകളൊന്നും ലഭ്യമല്ല. രോഗിയുടെ ശരീരത്തിനാവശ്യമായ വിശ്രമവും മറ്റ് ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുള്ള മരുന്നുമാണ് നൽകുന്നത്. നമ്മുടെ ശരീരത്തിന്റെ സ്വന്തം രോഗപ്രതിരോധസംവിധാനത്തിന് ആവശ്യത്തിന് സമയവും വിശ്രമവും കിട്ടിയാൽ ഈ വൈറസിനെ സ്വയം തുരത്താനുള്ള ശേഷിയുണ്ട്. ധാരാളം വെള്ളംകുടിക്കേണ്ടത് വളരെ പ്രധാനമാണ്. എളുപ്പത്തിൽ ദഹിക്കുന്ന, പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ ശരീരത്തിന് സ്വയം വീണ്ടെടുക്കാൻ കഴിയൂ.
ലക്ഷണങ്ങളെ ഓരോന്നായി കൃത്യമായി പരിഹരിച്ച് നിയന്ത്രിച്ച് നിർത്തേണ്ടതുണ്ട്. കരൾ പൂർണമായും ഭേദമാകുന്നത് വരെ സമ്പൂർണവിശ്രമം അനിവാര്യമാണ്. കടുത്ത തലകറക്കമോ, ഛർദിയോ, ഗുരുതരമായ കരൾവീക്കമോ ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ കഴിഞ്ഞാൽ മതിയാകും. കരൾരോഗ ചികിത്സയിൽ വിദഗ്ധനായ ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ അലോപ്പതിയോ ആയുർവേദമോ ഹോമിയോയോ ആയ വേറെ യാതൊരു മരുന്നും കഴിക്കാൻ പാടില്ല. അവ കരളിനെ കൂടുതൽ അപകടത്തിലാക്കാൻ സാധ്യതയുണ്ട്. അനാവശ്യമായി പാരസെറ്റമോളും കഴിക്കരുത്.
എങ്ങനെ പ്രതിരോധിക്കാം?
ഹെപ്പറ്റൈറ്റിസ് എയെക്കതിരായ ഏറ്റവും നല്ല പ്രതിരോധമാർഗം വാക്സിനേഷനാണ്. 12 വയസ് പിന്നിട്ട കുട്ടികൾക്ക് ഉറപ്പായും കൃത്യസമയത്ത് പ്രതിരോധമരുന്ന് നൽകണം. ദൂരെയാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഡോക്ടറെ കണ്ട് വാക്സിൻ എടുക്കാം. കക്കൂസിൽ പോയ ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. ഭക്ഷണം വൃത്തിയായി കൈകാര്യം ചെയ്യുന്നിടത്ത് നിന്ന് മാത്രം കഴിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുൻപ് നന്നായി കഴുകണം. യാത്ര ചെയ്യുമ്പോൾ പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം.
തയ്യാറാക്കിയത്: ഡോ. ചാൾസ് പനക്കൽ, സീനിയർ കൺസൾട്ടൻ്റ് , ഹെപ്പറ്റോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

