

എത്ര സമ്മർദ്ദവും ടെൻഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാൽ അത് ഒരുപാട് ആശ്വസം നൽകാറുണ്ട്. മനസ്സുതുറന്ന് ചിരിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ ഓർമിപ്പിക്കുന്ന ദിവസമാണ് ലോക ചിരി ദിനം. എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുന്നത്.
ചിരി മനസ്സിനെ മാത്രമല്ല ശരീരത്തെയും ശാന്തമാക്കും. ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ സംഭവിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും മുഖത്തെ പേശികൾക്ക് വ്യായാമം നൽകാനും ചിരി നല്ലതാണ്.
ചിരിക്കുമ്പോൾ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വർധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പോസിറ്റീവ് മനോഭാവം ആർജ്ജിക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും ചിരി സഹായിക്കും. 1998 ജനുവരി പത്തിന് അന്നത്തെ ബോംബെ എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ മുംബൈയിലാണ് ചിരിദിനത്തിന് തുടക്കം കുറിച്ചത്.
ലോക വ്യാപകമായി ചിരിയോഗ മൂവ്‌മെന്റിനു തുടക്കമിട്ട ഡോ. മദന്‍ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്.
മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates