

ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ശ്വാസതടസമോ ചുമയോ നമ്മള്‍ കാര്യമാക്കാറില്ല. കഫ് സിറപ്പുകള്‍ കുടിച്ച് താല്‍ക്കാലിക ആശ്വാസം കണ്ടെത്തും. തീവ്രമായ ശേഷമായിരിക്കും പലപ്പോഴും ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുക. ഇത് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത്. ഇന്ന് ലോക ശ്വാസകോശ ദിനം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിന്, ശ്വാസകോശ രോഗ ചികിത്സാ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സമിതികളുടെ കൂട്ടായ്മയായ ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റിസിന്റെ (FIRS) നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 25നാണ് ഈ ദിനാചരണം.
ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (സിഒപിഡി), ശ്വാസകോശ അർബുദം, ക്ഷയം, ന്യൂമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലം ചികിത്സ തേടുന്ന നിരവധി ആളുകളുണ്ട്. ചികിത്സയെക്കാള്‍ പ്രധാനം രോഗം വരാതെ തടയുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 'ആരോഗ്യമുള്ള ശ്വാസകോശങ്ങൾ, ആരോഗ്യകരമായ ജീവിതം' എന്നതാണ് ഈ വർഷത്തെ ലോക ശ്വസാകോശ ദിന പ്രമേയം.
പാരമ്പര്യ ഘടകങ്ങള്‍ മുതല്‍ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ വരെ, അലര്‍ജി മുതല്‍ അണുബാധ വരെ വിവിധ ഘടകങ്ങൾ ശ്വാസകോശ രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ പരിശോധിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്തരീക്ഷ മലിനീകരണം, അടുക്കളയിലെ പുക നിരന്തരം ശ്വസിക്കല്‍, പുകവലിക്കാരുമൊപ്പമുള്ള സഹവാസം തുടങ്ങിയ കാരണങ്ങള്‍ സ്ത്രീകളിലും കുട്ടികളിലും ശ്വാസകോശ രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു.
കുട്ടികളാണ് ഏറ്റവും കൂടുതൽ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക. അതായത്, ഏറ്റവും കൂടുതൽ മലിനമായ വായുവും വിഷമായമുള്ള പുകയും കുട്ടികളുടെ ഉള്ളിലേക്കാണ് എത്തുക. ഇത് ശ്വാസകോശ ആരോഗ്യത്തെ സാരമായി ബാധിക്കാം. കരിയില, കാർഷിക മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതും ശ്വാസകോശ ആരോഗ്യം തകരാറിലാക്കും. നഗരപ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം മറ്റൊരു പ്രധാന ഘടകമാണ്. മെഡിക്കൽ ജേണൽ ആംഡ് ഫോഴ്സസ് ഇന്ത്യയിൽ പ്രസിദ്ധികരിച്ച ഒരു പഠനത്തിൽ ഡൽഹിയിലെ യുവക്കളിൽ 12 മുതൽ 17 ശതമാനം വരെ ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു.
സ്ത്രീകളിൽ ശ്വാസകോശ രോഗങ്ങൾ തീവ്രമാകാനുള്ള ഒരു പ്രധാന കാരണം. വൈകിയുള്ള രോഗനിർണയമാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പലപ്പോഴും നിശബ്ദമായാണ് വരിക, അതുകൊണ്ട് തന്നെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയണമെന്നില്ല. സ്പൈറോമെട്രി, ചെസ്റ്റ് എക്സ്-റേ, സിടി സ്കാനുകൾ, ശ്വാസകോശ ചെക്ക് അപ്പുകൾ തുടങ്ങിയ പരിശോധനകൾ ലളിതവും ഫലപ്രദവുമാണ്. 30 വയസിന് ശേഷം എല്ലാ വർഷവും നടത്തേണ്ട പതിവ് രക്തപരിശോധനകൾ പോലെ ശ്വാസകോശ പരിശോധനകൾ നടത്തണം, പ്രത്യേകിച്ച് മലിനമായ നഗരങ്ങളിൽ താമസിക്കുന്നവർ.
ഒരു ശരാശരി മനുഷ്യൻ പ്രതിദിനം 11,000 ലിറ്റർ വായു ശ്വസിക്കുന്നു. ആ വായു തന്നെ വിഷലിപ്തമായാല്‍ നമ്മുടെ ശ്വാസകോശം സമ്മര്‍ദത്തിലാകും. ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നത് ഒരു ദേശീയ മുൻഗണനയായിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates