ഇന്ന് ലോക പക്ഷാഘാത ദിനമായാണ് ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്. മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള സ്ട്രോക്ക്, മരണകാരണം എന്നതിലുപരി, അതിജീവിക്കുന്നവരിൽ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഏറെയാണ്. സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ അറിയാം.
സ്ട്രോക്ക് അറിയാം
വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്ന് ബലക്ഷയം ഉണ്ടാകുക, മുഖം കോടിപോകുക, സംസാരിക്കാനും ഗ്രഹിക്കാനും ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച മങ്ങുക, ഇതൊക്കെ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
സമയം വിലപ്പെട്ടത്
സ്ട്രോക്കിന് സമയബന്ധിതമായ ചികിത്സ അനിവാര്യമാണ്. രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകാനാകൂ. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെടും. ചിലപ്പോൾ മരണം തന്നെയും സംഭവിച്ചേക്കാം. അതുകൊണ്ട് സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ ഏറെ നിർണായകമാണ്.
കാരണങ്ങൾ
ഒരു ജീവിതശൈലി രോഗമാണ് സ്ട്രോക്ക്. പുകവലി, അമിത മദ്യപാനം, തെറ്റായ ആഹാരക്രമം, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നവ ഉള്ളവർക്കും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാതം ഉണ്ടായിട്ടുള്ളവർക്കും, ഹൃദയ വാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവർക്കുമൊക്കെ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ്
ഈ സാമ്പത്തിക വർഷം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കൽ കോളജുകൾ കൂടാതെ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമഗ്ര സ്ട്രോക്ക് സെന്റർ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
'നിമിഷങ്ങൾക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങൾ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ' എന്നതാണ് ഈ വർഷത്തെ പക്ഷാഘാതദിന സന്ദേശം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates