
ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത്. ആരോഗ്യമുള്ള ഒരു ജീവിതം നയിക്കേണ്ടതിന് മികച്ച ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമത്തിൽ നിന്നും 'മോശം' ഭക്ഷണത്തെ ഒഴിവാക്കി, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. നമ്മുടെ ശരീരത്തിന് ഗുണകരമല്ലാത്ത എന്നാൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് മോശം ഭക്ഷണങ്ങൾ. ഏതൊക്കെയാണ് മോശം ഭക്ഷണങ്ങളെന്ന് പരിശോധിക്കാം.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ പഞ്ചസാര ചേർത്ത പാനീയങ്ങളാണ് ഏറ്റവും മോശം ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമത്. സോഡ, എനർജി ഡിങ്കുകൾ തുടങ്ങിയ പാനീയങ്ങളില്‍ യാതൊരു തരത്തിലുള്ള വിറ്റാമിനുകളോ ധാതുക്കളോ നാരുകളോ അടങ്ങിയിട്ടില്ല. ഇത് വെറും കലോറി മാത്രമാണ് ശരീരത്തിന് സംഭാവന ചെയ്യുന്നത്. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നു. ഇത്തരം ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നു.
വെജിറ്റബിൾ ഓയിലിലേക്ക് ഹൈഡ്രജൻ ചേരുമ്പോഴാണ് ട്രാൻസ് ഫാറ്റ് ഉണ്ടാകുന്നത്. അവ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഭക്ഷണത്തിലെ ചെറിയ അളവിലുള്ള ട്രാൻസ് ഫാറ്റ് പോലും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, കൃത്രിമ ഫുഡ് ഷുഗർ, കൊളുപ്പ്, പ്രിസർവേറ്റീവ്സ് എന്നിവ ചേർത്തു ഉണ്ടാക്കുന്ന ബിസ്കറ്റുകൾ ശരീരത്തിന് യാതൊരു തരത്തിലും പോഷകങ്ങൾ നൽകുന്നില്ല. കലോറി മാത്രമാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. മിക്ക ബിസ്‌ക്കറ്റുകളും നിർമ്മിക്കുന്നത് ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നീക്കം ചെയ്ത ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചാണ്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാൻ കാരണമാവുകയും ചെയ്യുന്നു.
സംസ്കരിച്ച ഭക്ഷണങ്ങളിൽ പോഷകങ്ങൾ കുറവായിരിക്കും. രുചിയുണ്ടെങ്കിലും ആരോഗ്യത്തിന് ഗുണമില്ലാത്ത നിരവധി ചേരുവകൾ അടങ്ങിയിട്ടുണ്ടാവും. ഷെൽഫ് ലൈഫ് കിട്ടുന്നതിന് വേണ്ടി ഇത്തരം ഭക്ഷണത്തിൽ സോഡിയം ചേർക്കാറണ്ട്. സോഡിയം ഉയർന്ന അളവിൽ ശരീരത്തിൽ എത്തുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പച്ചക്കറികളും പഴങ്ങളും ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്.
വൈറ്റ് ബ്രെഡ് നാരുകളും പോഷകങ്ങളും നീക്കം ചെയ്ത ശുദ്ധീകരിച്ച മാവു കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കൂട്ടാനും ശരീരഭാരം വർധിക്കാനും കാരണമാകുന്നു. വൈറ്റ് ബ്രഡിന് പകരം ഡയറ്റിൽ ഹോൾ ഗ്രെയിൻ ബ്രെഡ് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാര അളവു നിയന്ത്രിക്കാൻ സഹായിക്കുന്നു.
നാച്ചോ ചീസ്, ചീസ് സിപ്സ് തുടങ്ങിയ ചീസ് ഉൽപന്നങ്ങളെ ഒഴിവാക്കാൻ കഴിയാത്ത നിരവധി ആളുകളുണ്ട്. എന്നാൽ ചീസ് സംസ്കരിക്കുന്ന പ്രക്രിയയിൽ കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റ്, സോഡിയം, പഞ്ചസാര, കളറിംഗ്, ഫ്ലേവറിംഗ് എന്നിവ ചേർക്കുന്നതിനാൽ ഇവ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് വർധിപ്പിക്കും.
മദ്യത്തിൽ പോഷകമൂല്യങ്ങളൊന്നുമില്ലാതെ കലോറി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മദ്യം എത്രത്തോളം ഒഴിവാക്കുന്നോ അത്രത്തോളം നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates