

സ്ത്രീകളില്‍ ഓരോ 28 ദിവസം തോറും സംഭവിക്കുന്ന ശാരീരികപ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ പലര്‍ക്കും ഇതെപ്പോഴാണ് വരുന്നതെന്നറിയാന്‍ കഴിയില്ല. ഒരാഴ്ച വൈകിയോ ഒരാഴ്ച നേര്‍ത്തെയോ വന്നേക്കാം. ആര്‍ത്തവം എന്ന് പറയുന്നത് അത്ര സുഖകരവുമല്ല മിക്ക സ്ത്രീകള്‍ക്കും. കഠിനമായ വയറുവേദന, ക്ഷീണം, തലകറക്കം, ശാരീരികവേദന, മാനസിക പിരിമുറുക്കം തുടങ്ങിയ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഈ സമയത്ത് ഉണ്ടായേക്കാം.
അങ്ങനെയെങ്കില്‍ ഒട്ടും മുന്നൊരുക്കമില്ലാത്ത അവസ്ഥയില്‍ ആര്‍ത്തവം വരുകയാണെങ്കില്‍ എന്തു ചെയ്യും. പാഡുപോലും കയ്യിലില്ലാതെ അങ്ങനെ കുടുങ്ങിപ്പോയവരുടെ അനുഭവങ്ങള്‍ കുറവല്ല. വേദനകൊണ്ട് പുളയുന്ന സമയത്ത് നിങ്ങള്‍ ഏതെങ്കിലും ട്രെയിന്‍, ബസ് യാത്രയിലാണെങ്കില്‍ വേദനസംഹാരിയോ വിശ്രമമോ കിട്ടിയെന്ന് വരില്ല. ഇനി പ്രധാനപ്പെട്ട എന്തെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിചാരിക്കുക, ആര്‍ത്തവസംബന്ധമായ മാനസികപിരിമുറുക്കവും ക്ഷീണവുമെല്ലാം നിങ്ങളെ അലട്ടിയാല്‍ എന്ത് ചെയ്യും?..
ഈ പ്രതികൂല സാഹചര്യങ്ങളിലെല്ലാം സ്ത്രീകള്‍ സ്വാഭാവികമായും ഓര്‍ത്തുപോകുന്നതാണ്, ഇതെല്ലാം ഒന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കിലെന്ന്. ബുദ്ധിമുട്ടുകള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കിലും മാനസികമായും ശാരീകമായും ഒന്നൊരുങ്ങിയിരിക്കാമല്ലോ.. നേരത്തേക്കൂട്ടി ലീവെടുത്ത് വീട്ടില്‍ ഇരുന്ന് വിശ്രമിക്കാം. മറ്റാരും ഇല്ലെങ്കില്‍ സ്വയം ശുശ്രൂക്ഷിക്കുകയെങ്കിലും ചെയ്യാം.
എങ്കിലിതാ സ്ത്രീകള്‍ക്ക് ആശ്വാസമായൊരു കണ്ടുപിടുത്തം, ആര്‍ത്തവം നേരത്തേയറിയാനുള്ള ആപ്ലിക്കേഷന്‍. ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്ലിക്കേഷന്‍ ഡേറ്റ് ആകുന്നത് കൃത്യമായി അറിയുക്കുമെന്നാണ് അവകാശപ്പെടുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് ഇതിനെപ്പറ്റി വിവരം കിട്ടിയിട്ടില്ലെന്ന് തോന്നുന്നു. എന്നാല്‍ ഒരുപാടാളുകളിത് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ തങ്ങളുടെ അടുത്ത ആര്‍ത്തവചക്രം പരിശോധിക്കുന്നതിനായി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നുണ്ട്. മാത്രമല്ല, വിശദമായ അപഗ്രഥനത്തിനായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയും ആപ്ലിക്കേഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ശരീരത്തിന്റെ താപനില, തൂക്കം, ശരീരികാവസ്ഥ, മാനസിക വ്യതിയാനങ്ങള്‍, നെഞ്ചുവേദന, ശരീര വേദന തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചാണ് ആപ്ലിക്കേഷന്‍ ആര്‍ത്തവദിനം കണക്കാക്കുന്നത്. ഈ ആപ്ലിക്കേഷന്‍ അണ്ഡോല്‍പാദന ദിവസങ്ങള്‍ വരെ കണക്കാക്കുമെന്നാണ് അവകാശപ്പെടുന്നത്. പിങ്കി കളറിലുള്ളതാണ് ആപ്ലിക്കേഷന്‍. ഇതില്‍ തന്നെ പിങ്കിന്റെ പല ഷേഡുകളില്‍ വ്യതിയാനം വരുത്തിയാണ് ആര്‍ത്തവം, അണ്ഡോല്‍പ്പാദനം തുടങ്ങിയ അവസ്ഥകള്‍ സൂചിപ്പിക്കുന്നത്.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരില്‍ ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. യാത്രയിലും മറ്റും കരുതിയിരിക്കാനും ട്രിപ്പ് പ്ലാന്‍ ചെയ്യാനുമെല്ലാം ഇത് സഹായകമാണെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഗര്‍ഭിണികളാകാന്‍ ഒരുങ്ങുന്ന സ്ത്രീകളും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അണ്ഡോല്‍പ്പദനസമയം അറിയാനാവുന്നതിനാല്‍ ഇതി കുടുംബാസൂത്രണം നടത്തുന്നവര്‍ക്കും സഹായകമാണ്. എന്നാല്‍ ചില സ്ത്രീകള്‍ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മെന്‍സ്ട്രല്‍ കലണ്ടര്‍ എന്ന ഈ ആപ് ചില സൂത്രവിദ്യകളുടെ ബലത്തിലാണ് ഇവയെല്ലാം നിശ്ചയിക്കുന്നത് എന്നും അത് പാളിപ്പോയാല്‍ ഇതിന്റെ വിലയിരുത്തല്‍ തെറ്റുമെന്നുമാണ് അവര്‍ ആരോപിക്കുക്കുന്നത്.
മെന്‍സ്ട്രല്‍ കലണ്ടര്‍ എന്ന ആപ്ലിക്കേഷനെപ്പറ്റി ചോദിച്ചപ്പോള്‍ കേരളത്തില്‍ അതിനത്ര പ്രചാരമില്ലെന്ന് തന്നെയാണ് ഇവിടുത്തെ ഗൈനക്കോളജിസ്റ്റുകളും ഡോക്ടര്‍മാരും പറയുന്നത്. എന്നിരുന്നാലും കേരളത്തിലുള്ള സ്ത്രീകള്‍ക്ക് വേണ്ടിയും ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കേണ്ടതാണ്. ആര്‍ത്തവംമൂലം കഷ്ടപ്പെടുന്നവര്‍ക്കെല്ലാം വലിയ അളവിലുള്ള ആശ്വാസമാകുമത്. മെന്‍സ്ട്രല്‍ കപ്പ് കേരളത്തിലെത്തിയപോലെ ഈ പിങ്ക് കലണ്ടറിനുവേണ്ടിയും നമുക്ക് കാത്തിരിക്കാം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates