

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. പനി, ശ്വാസം മുട്ടല്‍, വിറയല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, കണ്ണുകള്‍ ചുവക്കല്‍, വയര്‍ സ്തംഭനം തുടങ്ങിയവയാണ് മൃഗങ്ങളിലെ പ്രധാന രോഗലക്ഷണങ്ങള്‍. പാലിന് ചുവപ്പോ മഞ്ഞനിറമോ ഉണ്ടാകും. ചോര കലര്‍ന്ന മൂത്രമായിരിക്കും. രോഗലക്ഷണങ്ങള്‍ കാണിച്ചു മണിക്കൂറുകള്‍ക്കകം മരണമുണ്ടാകും.
ആന്ത്രാക്‌സ് ബാധിച്ച ജീവിയുമായുള്ള സംസര്‍ഗംമൂലം രോഗം മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ രോഗം ബാധിച്ചാല്‍ പനി, പേശിവേദന, ശ്വാസതടസ്സം, തൊലിയില്‍ ചൊറിച്ചില്‍, വ്രണം, ഓക്കാനം, ഛര്‍ദി, വയറിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ആന്ത്രാക്‌സ് ബാധയുടെ വിവിധ ലക്ഷണങ്ങള്‍. മുഖം, ശ്വാസകോശം, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകളും ഉണ്ടാകാം.
ആന്ത്രാക്‌സ് ബാധിച്ച മൃഗത്തിന്റെ പാലും ഇറച്ചിയും ഉപയോഗിക്കരുത്. ശവശരീരം കത്തിക്കുകയോ, ആഴമുള്ള കുഴിയില്‍ കുമ്മായമിട്ട് കുഴിച്ചുമൂടുകയോ ആണ് ചെയ്യാറുള്ളത്. ആന്ത്രാക്‌സ് രോഗം വേഗത്തില്‍ പടരാനിടയുള്ളത് വേനല്‍ക്കാലത്താണെന്നും മഴയും തണുത്ത കാലാവസ്ഥയും ഉള്ളതിനാല്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
അയ്യമ്പുഴ പ്രദേശത്ത് ജില്ലാ മെഡിക്കല്‍ വിഭാഗം ബോധവല്‍ക്കരണം നടത്തി. നോട്ടീസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശ്രീദേവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates