

ബെയ്ജിങ്: കോവിഡ് 19നെ പിടിച്ചു കെട്ടാനുള്ള കിണഞ്ഞ ശ്രമത്തിലാണ് വൈദ്യശാസ്ത്ര ലോകം. ഇപ്പോഴിതാ കൊറോണ വൈറസിനെതിരെ പുതിയതായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളിലൊന്ന് കുരങ്ങുകളില്‍ പരീക്ഷിച്ച് വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം വിജയിച്ചത്.
പാര്‍ശ്വഫലങ്ങളൊന്നുമുണ്ടാക്കാതെ വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ബെയ്ജിങ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക്ക് കമ്പനിയാണ് പരീക്ഷണത്തിനു പിന്നില്‍.
എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളില്‍ കുറഞ്ഞ അളവിലും നാല് കുരങ്ങുകളിൽ കൂടിയ അളവിലും വാക്‌സിന്‍ ഡോസ് നല്‍കി. വാക്‌സിന്‍ നല്‍കി മൂന്നാഴ്ച്ചയ്ക്ക് ശേഷം ഗവേഷകര്‍ കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ശ്വാസ നാളത്തിലൂടെ ട്യൂബ് വഴിയാണ് വൈറസിനെ സന്നിവേശിപ്പിച്ചത്. എന്നാല്‍ ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ല.
ഏറ്റവും കൂടിയ അളവില്‍ വാക്സിന്‍ ഡോസ് നല്‍കിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി വിട്ട് ഏഴ് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയില്‍ കുരങ്ങുകളുടെ ശ്വാസകോശത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കുറഞ്ഞ അളവില്‍ വാക്സിന്‍ ഡോസ് നല്‍കിയ മൃഗങ്ങളില്‍ നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അണുബാധ നിയന്ത്രിക്കാന്‍ അവയ്ക്കായി.
അതേസമയം, പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ നല്‍കാത്ത നിയന്ത്രിത ഗ്രൂപ്പിലെ നാല് റിസസ് കുരങ്ങുകള്‍ കടുത്ത ന്യൂമോണിയ ലക്ഷണങ്ങളും ഉയര്‍ന്ന അളവിലുള്ള വൈറല്‍ ആര്‍എന്‍എകളുടെ സാന്നിധ്യവും ശരീരത്തില്‍ കാണിച്ചു.
bioRxiv ലാണ് ഏപ്രില്‍ 19 ന് സിനോവാക് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് പോസ്റ്റുചെയ്തത്. പിയര്‍ റിവ്യൂ (peer review) വിന് മുമ്പ് മെഡിക്കല്‍ രംംഗത്തെ ഗവേഷണ പ്രബന്ധങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പോര്‍ട്ടലാണ് bioRxiv. ഇങ്ങനെ ഒരു പഠനം വരുന്ന വിവരം ഈ രംഗത്തുള്ള മറ്റ് ഗവേഷകരെ മുന്‍കൂട്ടി അറിയിക്കാനാണ് ഈ പോസ്റ്റിങ്.
ഫലം വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും മനുഷ്യരില്‍ ഇത് ഫലപ്രദമാകുമെന്നും സിനോവാക് സീനിയര്‍ ഡയറക്ടര്‍ മെങ് വെയ്‌നിങ് പറയുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും ഇത്തരമൊരു വാക്‌സിന്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന മെച്ചം കൂടി ഈ വാക്സിനുണ്ട്.
എന്നാല്‍ പരീക്ഷണത്തിനുപയോഗിച്ച കുരങ്ങുകളുടെ എണ്ണം കുറവായത് കൃത്യമായ ഫലത്തിലെത്തിക്കില്ല എന്ന അഭിപ്രായവും ചില ശാസ്ത്രജ്ഞര്‍ക്കുണ്ട്. മനുഷ്യരില്‍ സാര്‍സ് കോവ് 2 വൈറസ് ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ കുരങ്ങുകള്‍ കാണിക്കില്ല എന്ന തരത്തിലുള്ള ആശങ്കകള്‍ ചില ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. വാക്‌സിന്‍ നല്‍കാത്ത നിയന്ത്രിത ഗ്രൂപ്പിലെ കുരങ്ങുകള്‍ കടുത്ത രോഗ ലക്ഷണങ്ങള്‍ കാണിച്ചത് ഈ ആശങ്കയെ തള്ളിക്കളയാവന്‍ പര്യാപ്തമാക്കുന്നതാണ്. വാക്‌സിന്‍ നല്‍കിയ കുരങ്ങുകളിലെ ശ്വാസകോശത്തിന് കോടുപാടുകള്‍ സംഭവിച്ചതായും സിനോവാക് സംഘം കണ്ടെത്തിയിട്ടില്ല. ഇതും പ്രതീക്ഷ നൽകുന്നു.
കുരങ്ങുകളില്‍ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്ന് ഷാങ്ഹായിലെ ജിയാങ്ഷു പ്രവിശ്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം സിനോവാക്ക് ആരംഭിച്ചിട്ടുണ്ട്. 144 മനുഷ്യരിലാണ് ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത്. ആയിരത്തില്‍ അധികം ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ മെയ് പകുതിയോടെ ആരംഭിക്കും. ഇതും വിജയിക്കുകയാണെങ്കില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കും. ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലും പരീക്ഷണം വ്യാപിപ്പിക്കുന്നതിനെ കുറിച്ചാലോചിക്കുമെന്ന് സിനോവാക്ക് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates