'ചിക്കന്‍ ഫ്രൈ മാത്രമല്ല ഏതൊരു ഭക്ഷണവും അപകടകാരിയാകാം ; അശ്രദ്ധ, ജീവിതം കൊണ്ടുള്ള ഭാഗ്യപരീക്ഷണം' ; ഡോക്ടറുടെ വിശദീകരണക്കുറിപ്പ്

പിന്നെ, ചവച്ചരച്ച് കഴിച്ചാലും ചിലപ്പോളീ അപകടം പറ്റാം ബ്രോ
'ചിക്കന്‍ ഫ്രൈ മാത്രമല്ല ഏതൊരു ഭക്ഷണവും അപകടകാരിയാകാം ; അശ്രദ്ധ, ജീവിതം കൊണ്ടുള്ള ഭാഗ്യപരീക്ഷണം' ; ഡോക്ടറുടെ വിശദീകരണക്കുറിപ്പ്
Updated on
2 min read

തട്ടുകടകളിലും മറ്റും നല്ല നിറവും മണവുമായി നിരന്നിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലപ്പോഴും നമ്മുടെ നിയന്ത്രണങ്ങളെ ലംഘിച്ചേക്കാം. ഇത്തരത്തില്‍ തട്ടുകടയില്‍ നിന്നും കഴിച്ച ചിക്കന്‍ പൊരിയുടെ ഒപ്പം ഇരുമ്പുകമ്പി ശരീരത്തിന് അകത്തുപോയ സുഹൃത്തിന് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയ കാര്യം ഡോ. മനോജ് വെള്ളനാട് വെളിപ്പെടുത്തിയിരുന്നു. അന്നത്തെ കുറിപ്പിലുള്ള കാര്യങ്ങള്‍ അത്യപൂര്‍വമായി സംഭവിക്കുന്നതാണെന്നും, പേടിപ്പിക്കുന്നതാണെന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ്, ചിക്കന്‍ ഫ്രൈയില്‍ തുടര്‍കുറിപ്പുമായി ഡോ. മനോജ് വീണ്ടുമെത്തിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഡോക്ടറുടെ വിശദീകരണം.

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ :

ചിക്കന്‍ ഫ്രൈയിലെ കമ്പി'യുടെ തുടര്‍ച്ചയാണ്.

പലരും ആ കുറിപ്പ് ശരിയായൊരര്‍ത്ഥത്തിലല്ലാ എടുത്തതെന്ന് തോന്നിയതിനാലാണീ വാലുകൂടി എഴുതുന്നത്. ചിലരൊക്കെ അയാള്‍ മദ്യപിച്ചിട്ട് കഴിച്ചതിനാലാണ് അങ്ങനെ സംഭവിച്ചതെന്നെഴുതി കണ്ടു. ഒരു ചെറിയ കഷ്ണം കമ്പിയ്ക്കിതിന് മാത്രം വിഷയമാക്കേണ്ടതില്ലെന്നും മര്യാദയ്ക്ക് ചവച്ചരച്ച് കഴിക്കാത്തതാണ് കുഴപ്പമെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നിനെയിങ്ങനെ പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും പല തരത്തിലുള്ള അഭിപ്രായങ്ങളും കണ്ടു. എന്നാലിത് നിങ്ങള്‍ വിചാരിക്കുന്നത്ര സിമ്പിളായ കാര്യമല്ലായെന്ന് പറയാനാണീ കുറിപ്പ്.

ആദ്യമേ ഒരുകാര്യം പറയാം. ആ സുഹൃത്തിന് കഴിക്കുന്ന സമയത്ത് അശ്രദ്ധ പറ്റി, നമുക്കാര്‍ക്കും പറ്റാവുന്നത്. പക്ഷേ അദ്ദേഹം മദ്യപിക്കുന്ന ആളേ അല്ല കേട്ടോ.

ആ 2 സെന്റിമീറ്ററോളം നീളമുള്ള കമ്പി പുറത്തെടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ENT യിലെയും കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറിയിലെയും ഡോക്ടര്‍മാര്‍ക്ക് 8 മണിക്കൂറോളമാണ് വേണ്ടി വന്നത്. കഴുത്തീന്ന് തലച്ചോറിലേക്ക് പോകുന്ന ഏറ്റവും പ്രധാന രക്തക്കുഴലിനും (Carotid Artery) അന്നനാളത്തിനും ഇടയിലിരിക്കുകയായിരുന്നു അത്! ചെറിയൊരശ്രദ്ധ പോലും വലിയൊരു ദുരന്തമാകാവുന്ന സര്‍ജറി. അതവര്‍ ഭംഗിയായി ചെയ്തു. (ഞാനാ പ്രദേശത്തേ ഇല്ലായിരുന്നു. സുഹൃത്തിന്റെ കാര്യമായതിനാല്‍ മാത്രം ഞാനത് എഴുതിയെന്ന് മാത്രം)

ഇനിയാണ് പ്രധാനകാര്യത്തിലേക്ക് വരുന്നത്.

1. എങ്ങനെയാണിത് ഇത്രയും അകത്ത് കയറുന്നത്?
ശരിയാണ്, ഒന്നു കുത്തിക്കയറുമ്പോഴേ നമുക്ക് വേദനിക്കും, തുപ്പിക്കളയായിരുന്നല്ലോ എന്നായിരിക്കും പലരും വിചാരിക്കുന്നത്. എന്നാലതത്ര എളുപ്പമല്ല. കുത്തിക്കയറുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം നമ്മള്‍ വായിലുള്ള ഭക്ഷണം അല്ലെങ്കില്‍ ഉമിനീര്‍ കൂടുതല്‍ വിഴുങ്ങാന്‍ നോക്കും. മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ്. വിഴുങ്ങാന്‍ സഹായിക്കുന്ന മസിലുകളിലാണിത് കുത്തി നിക്കുന്നത്. ഓരോ പ്രാവശ്യം ആ മസില്‍ കണ്‍ട്രാക്റ്റ് ചെയ്യുമ്പോഴും അത് കൂടുതല്‍ അകത്തേക്കകത്തേക്ക് കയറും.

2.ആ കമ്പി സര്‍ജറി ചെയ്‌തെടുത്തില്ലായിരുന്നെങ്കിലോ?
ആ രോഗി മരണപ്പെടാന്‍ പോലും സാധ്യതയുണ്ടായിരുന്നു. കയ്യിലോ കാലിലോ ആണി കൊള്ളുന്ന പോലല്ലാ, ശ്വാസനാളത്തിനടുത്ത്, കരോട്ടിഡ് ആര്‍ട്ടറിക്ക് സമീപം ഒരു കൂര്‍ത്ത വസ്തുവിരിക്കുന്നത്. ആ കമ്പി നേരിട്ട് രക്തക്കുഴലിലേക്ക് തുളഞ്ഞു കയറാം. അണുബാധയുണ്ടായി ചുറ്റും പഴുപ്പ് കെട്ടാം. ഒക്കെ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഡേഞ്ചറസാണ്.

3. ഈ കമ്പി ഇത്രയെങ്കിലും (~2cm) വലിപ്പമുള്ളത് കൊണ്ടാണ് 8 മണിക്കൂറ് കൊണ്ടെങ്കിലും അതെടുക്കാന്‍ സാധിച്ചത്. വളരെ ചെറിയതായിരുന്നെങ്കില്‍ എത്ര മെനക്കെട്ടാലും അത് കണ്ടുപിടിച്ചെടുക്കാന്‍ പറ്റണമെന്നില്ല. അങ്ങനെയെങ്കിലതാണ് കൂടുതല്‍ അപകടകരം.

കാരണം, ചെറുതാണെങ്കിലും അതവിടെയിരുന്ന് ചുറ്റും അണുബാധയുണ്ടാവാം. ശ്വാസനാളത്തിന് വശത്തോ പുറകിലോ പഴുപ്പ് കെട്ടാം. പാരാഫരിഞ്ചല്‍ അല്ലെങ്കില്‍ റിട്രോഫരിഞ്ചല്‍ ആബ്‌സസ് എന്ന് പറയും. അതു വന്നാല്‍ പെട്ടെന്ന് ശ്വാസതടസവും പനിയും വരാം. പഴുപ്പ് കളയാന്‍ കഴുത്തിലോ തൊണ്ടയിലോ ഓപറേഷന്‍ വേണ്ടിവരും. ശ്വാസം നല്‍കാന്‍ കഴുത്തിലൂടെ ട്യൂബിടേണ്ടി വരാം. ഒരുപാട് നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരാം.

4. പിന്നെ, ചവച്ചരച്ച് കഴിച്ചാലും ചിലപ്പോളീ അപകടം പറ്റാം ബ്രോ. മീന്‍ മുള്ളും ചിക്കന്റെ എല്ലുമൊക്കെ ഇങ്ങനെ കയറിയ എത്രയോ രോഗികളിവിടെ ഉണ്ടായിട്ടുണ്ട്.

ഇതൊക്കെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. നിങ്ങളില്‍ പലരും കരുതുന്ന പോലെ ഒട്ടും നിസാരമല്ലാന്ന് പറഞ്ഞുവെന്ന് മാത്രം.

ചിക്കന്‍ പൊരിയെ പറ്റിയുള്ള അഭിപ്രായം നേരത്തെ പറഞ്ഞത് തന്നെയാണ്. ഒട്ടും പോഷകമൂല്യമില്ലാത്ത ഒന്നാണത്. പല ഹോട്ടലുകളും നല്ല എണ്ണയിലൊന്നുമായിരിക്കില്ല അതുണ്ടാക്കുന്നതും. കഴിവതും അതൊഴിവാക്കുന്നതാണ് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലത്.

പിന്നെ അശ്രദ്ധ, ഭക്ഷണം കഴിക്കുമ്പോ കണ്ണും മനസും മൊബൈല്‍ ഫോണിലുളളില്‍ പണയം വയ്ക്കുന്നതും ചിലപ്പോള്‍ ജീവിതം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് പോലൊരു ഭാഗ്യപരീക്ഷണമാണ്. കൂടെ, ചിക്കന്‍ ഫ്രൈയെന്നല്ലാ ഏതൊരു ഭക്ഷണവും ഇതുപോലെ അപകടകാരിയാവാമെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.

നല്ല ഭക്ഷണം, ആസ്വദിച്ച് രുചിയോടെ തന്നെ കഴിക്കൂ, ഇത്തിപ്പോരം ശ്രദ്ധ വേണമെന്ന് മാത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com