

നാട്ടിന്‍പുറത്തെ പറമ്പിലും പാടത്തുമെല്ലാം സുലഭമായി വളരുന്ന ചേമ്പിനെ നമ്മള്‍ വേണ്ടത്ര ഗൗനിക്കാറില്ല. ഈ ചേമ്പിന്റെ വിത്ത് പോലെത്തന്നെ ഭക്ഷ്യയോഗ്യവും പോഷകസമൃദ്ധവുമാണ് അതിന്റെ ഇലകളും. കര്‍ക്കടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ തളിരില ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതാണ്.
ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും ഇല കളയുകയാണു പതിവ്. എന്നാല്‍ ചേമ്പിലയുടെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ചേമ്പില കളയില്ല. ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയില്‍ ജീവകം സി, ബി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയില്‍ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവില്‍ കൊഴുപ്പും ഉണ്ട്.
ജീവകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്.
അര്‍ബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില നല്ലതാണ്. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ അകലും. കൊളസ്‌ട്രോളും കുറയ്ക്കുന്നു.
ചേമ്പിലയില്‍ കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
പൊട്ടാസ്യവും ആന്റി ഇന്‍ഫ്‌ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാല്‍ രക്തസമ്മര്‍ദവും ഇന്‍ഫ്‌ലമേഷനും കുറയ്ക്കുന്നു. ഇതില്‍ ജീവകങ്ങള്‍ ധാരാളം അടങ്ങിയതിനാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും നല്ലതാണ്. ധാതുക്കള്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്.
കൂടാതെ ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ചേമ്പിലയിലെ ഭക്ഷ്യനാരുകള്‍ ശരീരത്തിലെ ഇന്‍സുലിന്റെയും ഗ്ലൂക്കോസിന്റെയും അളവിനെ നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ ചേമ്പില കഴിക്കുന്നത് നല്ലതാണ്. ജീവകം എ ധാരാളം ഉള്ളതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി തിളക്കമുള്ളതാക്കാന്‍ ചേമ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഹൃദയാരോഗ്യമേകുന്നു. ചേമ്പിലയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നു. ധമനികളിലെ സമ്മര്‍ദം അകറ്റുന്നു. ചേമ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ നന്നായി വേവിച്ചു മാത്രം ഉപയോഗിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates