

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, തിരുവനന്തപുരത്ത് ശ്വാസം മുട്ടല്‍ കൊണ്ട് ജീവന്‍ നഷ്ടപ്പെടും എന്ന അവസ്ഥയില്‍ ഒരു കൊച്ചു കുഞ്ഞിനെയും കൊണ്ട് ആകെ പരിഭ്രമിച്ച് അച്ഛനമ്മമാര്‍ ആശുപത്രിയില്‍ എത്തി. സമയത്തു തന്നെയുള്ള ചികിത്സകൊണ്ട് അവന്‍ രക്ഷപ്പെട്ടു. പിന്നീട് മകന്റെ ജീവന്‍ രക്ഷിച്ച ബെറ്റ്‌നിസോള്‍ എന്ന അത്ഭുത മരുന്നിന്റെ പേര് തന്നെ
അച്ഛനമ്മമാര്‍ മകന് നല്‍കി. അന്ന് ബീറ്റമെത്തസോണ്‍ ഇനത്തില്‍ പെട്ട സ്റ്റീറോയ്ഡ് മരുന്നാണ് ആ കുഞ്ഞിന്റെ ശ്വാസം മുട്ടല്‍ ഭേദമാക്കിയത്.
വളരെ കുറച്ചു ദിവസങ്ങള്‍ക്ക് മാത്രം മുന്നേ കോവിഡ് 19 ന് എതിരെയുള്ള അത്ഭുത മരുന്ന് എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടിത്തുടങ്ങിയ ഡെക്‌സാമെത്തസോണ്‍ മേല്പറഞ്ഞ ഗണത്തില്‍ പെട്ട ഒരു സ്റ്റീറോയ്ഡ് മരുന്നാണ്. രോഗാവസ്ഥയിലുള്ള വീക്കങ്ങള്‍ക്കും മറ്റുമെതിരായി നമ്മുടെ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ചില സംയുക്തങ്ങളുടെ കൃത്രിമ പകര്‍പ്പുകളാണ് സ്റ്റിറോയ്ഡ് മരുന്നുകള്‍.
എങ്ങനെയാണ് ഈ മരുന്ന് കോവിഡ് 19 നെ പ്രതിരോധിക്കുക? 'റിക്കവറി' എന്നപേരില്‍ യു. കെയില്‍ നടക്കുന്ന, കോവിഡ് 19 മരുന്ന് കളെ സംബന്ധിച്ച ഏറ്റവും വലിയ ക്ലിനിക്കല്‍ പഠനം മുന്‍ നിര്‍ത്തിയാണ് ഡെക്‌സാമെത്തസോണ്‍ പ്രത്യാശയ്ക്കിടയുള്ള ഒരു കോവിഡ് പ്രതിരോധ മരുന്നായി അറിയപ്പെട്ടു തുടങ്ങുന്നത്. കോവിഡിന് കാരണമായ വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോള്‍ ഇന്‍ഫ്‌ലമേഷന്‍ അഥവാ രോഗിയുടെ പ്രതിരോധ വ്യവസ്ഥയുടെ ഉടനടി സജ്ജമാവല്‍, സംഭവിക്കുന്നു. ഒരു രാജ്യത്തെ അതിക്രമിച്ചു കയറിയിരിക്കുന്ന ശത്രുക്കളോട് എന്നപോലെ രോഗിയുടെ രക്താണുക്കള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലത്തെത്തി വൈറസിനോട് പോരാട്ടം തുടങ്ങുന്നു. ഇങ്ങനെ രോഗാണുക്കളോടു പൊരുതുവാനായി നമ്മുടെ ധവള രക്താണുക്കള്‍ പുറപ്പെടുവിക്കുന്ന ശക്തമായ രാസ വസ്തുക്കളാണ് സൈറ്റോകൈന്‍സ് എന്ന് അറിയപ്പെടുന്നത്. ഈ പറഞ്ഞ സൈറ്റോകൈനുകള്‍ ഒരു ഫീഡ്ബാക്ക് എന്നോണം പ്രതിരോധ വ്യവസ്ഥയെ വീണ്ടും ഉത്തേജിപ്പിക്കുന്നു. പനി, ക്ഷീണം ശ്വാസംമുട്ടല്‍ ഇവയൊക്കെ ഈ ഘട്ടത്തോടെ രോഗിക്ക് അനുഭവപ്പെടുന്നത് വൈറസിനെ ഉന്മൂലനം ചെയ്യാന്‍ ഇളകി പുറപ്പെട്ടിരിക്കുന്ന പ്രതിരോധ കോശങ്ങളുടെ ആകമാനമുള്ള പ്രവര്‍ത്തനം കൊണ്ടാണ്.
അങ്ങനെ വൈറസും ഇമ്മ്യൂണ്‍ സിസ്റ്റവും അഥവാ പ്രതിരോധ വ്യവസ്ഥയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തിരുതകൃതിയില്‍ നടക്കുമ്പോള്‍ ആശയക്കുഴപ്പം കൊണ്ടെന്നോണം ഒരു ആഭ്യന്തര കലാപം രോഗിയുടെ ശരീരത്തിനുള്ളില്‍ തന്നെ പൊട്ടിപ്പുറപ്പെട്ടാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.
അധികമായി അക്രമണോത്സുകമായി നില്‍ക്കുന്ന പ്രതിരോധ വ്യവസ്ഥ, അവശ്യമുള്ളതിലും വളരെയധികം സൈറ്റോകൈന്‍ രാസവസ്തുക്കളെ പുറപ്പെടുവിച്ച് ഒരു സൈറ്റോകൈന്‍ കൊടുങ്കാറ്റ് (cytokine storm) അഴിച്ചുവിടുന്നു. അതോടെ ശത്രു രാജ്യത്തോടുള്ള യുദ്ധത്തിനിടയിലെ ആഭ്യന്തര കലാപമെന്നത് പോലെ വൈറസ് ആക്രമണം കൊണ്ട് ആദ്യമേ തളര്‍ന്നിരിക്കുന്ന ശ്വാസകോശത്തെ സ്വന്തം പട്ടാളക്കാരായ ശ്വേത രക്താണുക്കളും രാസവസ്തുക്കളും ചേര്‍ന്ന് മിന്നലാക്രമണങ്ങള്‍ നടത്തി പരിക്കേല്‍പ്പിക്കുന്നു. ഈ അവസ്ഥയില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട് ARDS അഥവാ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ്സ് സിന്‍ഡ്രോം എന്ന മാരക അവസ്ഥയില്‍ രോഗി എത്തിച്ചേരുന്നു. ഈ അവസ്ഥയില്‍ ആണ് ശ്വാസതടസ്സം കാരണം കോവിഡ് രോഗികളെ വെന്റിലെറ്ററില്‍ ആക്കേണ്ടി വരുന്നത്. മരണം വരെ സംഭവിക്കാം. ഇത്തരമൊരു പ്രതിരോധ അരാജകാവസ്ഥയില്‍ ഡെക്‌സാ മെത്തസോണ്‍ നല്‍കിയപ്പോള്‍ ഉണ്ടായ ആശ്വാസ ഫലങ്ങളാണ് ഈ മരുന്നിനെ ഇപ്പോള്‍ വെളിച്ചത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.
ഡെക്‌സാമെത്തസോണ്‍ രോഗിയുടെ പ്രതിരോധ വ്യവസ്ഥയെ താല്‍ക്കാലികമായി മന്ദീഭവിപ്പിക്കുന്നു. അതായത് ആവശ്യത്തില്‍ കവിഞ്ഞ പ്രതിരോധ രാസവസ്തു എന്ന പടക്കോപ്പ് നിര്‍മ്മാണവും സ്വന്തം കോശങ്ങളോടു തന്നെയുള്ള ആക്രമണവും ഒക്കെ മന്ദീഭവിച്ച് ഇല്ലാതാകുന്നു. അതോടെ വൈറസിനെ ചെറുത്തു നില്‍ക്കാനുള്ള മറ്റു ചികിത്സകളോടൊപ്പം രോഗി, അത്യാസന്നനില യില്‍ നിന്ന് രക്ഷപ്പെടുന്നു. അതിനു ശേഷം ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഈ മരുന്ന് ഡോസ് കുറച്ചു കൊണ്ടു നിര്‍ത്താവുന്നതുമാണ്. അതായത് വൈറസ് ബാധയുടെ പാരമ്യത്തില്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ സ്വന്തം അവയവങ്ങളെ ആക്രമിച്ചു നശിപ്പിക്കല്‍ (ഓട്ടോ ഇമ്മ്യൂണ്‍) പ്രവണതയാണ് ഈ മരുന്ന് കുറച്ചുകളയുന്നത്. അല്ലാതെ വൈറസിനെ നേരിട്ട് ആക്രമിക്കുകയല്ല. അല്ലെങ്കില്‍ തന്നെ വൈറസ് ബാധകൊണ്ട് ടി ലിംഫോസൈറ്റ്‌സ് എന്ന പ്രധാന ഇമ്മ്യൂണ്‍ സെല്ലുകള്‍ കോവിഡ് ബാധയില്‍ കുറഞ്ഞു പോവുന്നുണ്ട്. അപ്പോള്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഏതോ സമ്മോഹനാസ്ത്രം കൊണ്ടെന്നോണം മയക്കിയിട്ടാല്‍ വൈറസിനോട് പിന്നെ ആര് എതിരിടും? ഇതാണ് ഡെക്‌സമെത്തസോണ്‍ കൊണ്ട് ഉണ്ടാകാനിടയുള്ള ദൂഷ്യഫലം. നിലവില്‍ ആര്‍െ്രെതറ്റിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും ആസ്ത്മ അലര്‍ജി തുടങ്ങിയവയ്ക്കും ഉപയോഗിച്ച് വരുന്ന മരുന്നാണിത്.
മേല്‍ പരാമര്‍ശിച്ച റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയല്‍ പ്രകാരം ഇതുവരെ ഗുരുതരമായ കോവിഡ് കേസുകളിലെ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.അത് തികച്ചും ആശാവഹമാണ്. മാത്രമല്ല ഗുരുതരാവസ്ഥയിലായ കോവിഡ് കേസുകളില്‍ മാത്രമാണ് ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ ഈ തലതിരിഞ്ഞ ആക്രമണത്തെ നേരിടേണ്ടി വരുക, അത്തരം സന്ദര്‍ഭങ്ങളില്‍ ഈ മരുന്ന് ഒരു മൃത സഞ്ജീവനി ആയി തന്നെ പ്രവര്‍ത്തിക്കാം. വില വളരെ കുറവാണ്, ഒരുപാട്കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്, ഗുളിക രൂപത്തില്‍ രോഗിക്ക് കൊടുക്കാന്‍ സാധിക്കും എന്നിങ്ങനെ പല മേന്മകളും ഉണ്ട്, എന്നാല്‍ ശക്തി കുറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ള കോവിഡ് രോഗികളില്‍ ഈ മരുന്ന് കൊണ്ട് പ്രത്യേകിച്ച് പ്രയോജനവും ഇല്ല.
ഡെക്‌സാമെത്തസോണ്‍ വൈറസിനെ അല്ല ഇമ്മ്യൂണ്‍ സിസ്റ്റത്തെ ആണ് മയപ്പെടുത്തുന്നത് എന്ന് പറഞ്ഞല്ലോ. ശരിക്കും കോവിഡ് 19 വൈറസിനെ നേരിട്ട് ആക്രമിച്ചു നശിപ്പിക്കാന്‍ കഴിയുന്ന മരുന്ന് റെംഡീസിവിര്‍ തുടങ്ങിയ ആന്റി വൈറല്‍ മരുന്നുകളാണ്. ഫാവിപിരാവിര്‍ എന്നപേരില്‍ ഗ്ലെന്‍മാര്‍ക് കമ്പനി ഗുളികരൂപത്തില്‍ ഉടന്‍ ആന്റിവൈറല്‍ മരുന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
ഡെക്‌സാമെത്തസോണിന്റെ ഉപയോഗത്തെ കുറിച്ച് വളരെ ശ്രദ്ധാപൂര്‍വമായ സമീപനം വേണമെന്നാണ് ഐ സി എം ആര്‍ അഭിപ്രായപ്പെടുന്നത്. മറ്റു രോഗാവസ്ഥകള്‍ കൂടി ഉള്ള കോവിഡ് രോഗികള്‍ അത്യാസന്ന നിലയില്‍ പെട്ടാല്‍ പ്രസ്തുത രോഗാവസ്ഥ കളെ(ഡയബറ്റീസ് ഹൃദ്രോഗം തുടങ്ങിയവ ) കൂടി കണക്കിലെടുത്തു കൊണ്ടു വേണം എമര്‍ജന്‍സി ചികിത്സ നല്‍കാന്‍.
റിക്കവര്‍ എന്ന ക്ലിനിക്കല്‍ ട്രയലിന്റെ വിശദമായ കണ്ടെത്തലുകള്‍ വൈകാതെ പുറത്തു വരും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കോവിഡ് കൊണ്ടുള്ള മരണനിരക്ക് കുറയ്ക്കുവാന്‍ ഈ അത്ഭുതമരുന്നിനു കഴിയും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ലോകം 'റിക്കവര്‍' കണ്ടെത്തലുകളെ ഉറ്റുനോക്കുന്നു.
(എസ്‌സിഎംഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ഡോ. സി സേതുലക്ഷ്മി)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates