പ്രായമായവര്‍ക്കുണ്ടാകുന്ന സ്ഥിരം പ്രശ്‌നവുമായാണ് 84 കാരന്‍ ആശുപത്രിയില്‍ എത്തിയത്. ശരിക്കൊന്ന് നില്‍ക്കാന്‍ പോലും കഴിയുന്നില്ല, ഒരു അസ്ഥിരാവസ്ഥ. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്റെ അവസ്ഥ ഇതാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ബാലന്‍സ് നഷ്ടപ്പെട്ട് തുടര്‍ച്ചയായി വീഴാന്‍ തുടങ്ങിയതോടെയാണ് ചികിത്സക്കായി അദ്ദേഹം ആശുപത്രിയില്‍ എത്തുന്നത്.
മൂന്ന് ദിവസത്തെ ആശുപത്രി വാസത്തില്‍ വിശദമായി പരിശോധന നടത്തി. കാര്യമായി ഒരു പ്രശ്‌നവുമില്ല. അദ്ദേഹം പുകവലിക്കില്ല, ഇടയ്ക്ക് മാത്രമേ മദ്യപിക്കൂ. രക്ത പരിശോധനയിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. കാഴ്ചയ്‌ക്കോ കേള്‍വിക്കോ സംസാരത്തിനോ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഇടത്തേ കൈയും കാലും വളരെ അധികം തളര്‍ച്ച ബാധിച്ചിരിക്കുന്നതല്ലാതെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു അദ്ദേഹം.
എന്നാല്‍ സ്ഥിരതയില്ലാത്ത അവസ്ഥ വിട്ടുമാറാതായതോടെ സിടി, എംആര്‍ഐ സ്‌കാനുകള്‍ ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇതിലൂടെ പുറത്തുവന്നത്. അദ്ദേഹത്തിന്റെ തലച്ചോറിന്റെ മുന്നോട്ട് ഉന്തിനില്‍ക്കുന്ന ഭാഗത്തിന്റെ ഇടതുവശത്ത് വലിയ ശൂന്യത. തലച്ചോറില്ലാതെ വെറുതെ ഒഴിഞ്ഞു കിടക്കുന്ന ഒരു ഭാഗം. വടക്കേ അയര്‍ലന്റിലെ കോളറീനിലുള്ള കോസ്വേ ഹോസ്പിറ്റലിലാണ് അപൂര്‍വ്വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
തലയോട്ടിയില്‍ വായു സാന്നിധ്യം കാണുന്ന അവസ്ഥയാണിത്. ബ്രെയിന്‍ സര്‍ജറി നടത്തുന്നവരിലാണ് ഇത് കാണുന്നത്. എന്നാല്‍ ഇദ്ദേഹം ഇതിന് മുമ്പ് ഇത്തരം ശസ്ത്രക്രിയകളൊന്നും നടത്തിയിട്ടില്ല. സാധാരണ വളരെ ചെറിയ എയര്‍ഹോളുകളാണ് തലയോട്ടിയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ കേസില്‍ മൂന്നര ഇഞ്ച് നീളത്തിലുള്ള എയര്‍ പോക്കറ്റാണ് കണ്ടെത്തിയത്. തലയിലെ ശൂന്യഭാഗത്തിന് പിന്നിലെ രഹസ്യം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് മെഡിക്കല്‍ രംഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates