

നല്ല പ്യുവര്‍ ബ്ലാക് കുര്‍ത്തയിട്ട് കിടിലന്‍ ലുക്കില്‍ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴായിരിക്കും കുര്‍ത്തയില്‍ നിറയെ വെളുത്ത നിറത്തില്‍ ഡിസൈന്‍ ചെയ്തതുപോലെ താരന്‍ പൊടിഞ്ഞുവീഴുക. അതുവരെയുണ്ടായിരുന്ന സകല ആത്മവിശ്വാസവും തകര്‍ന്ന് നിരാശയിലേക്കും ഇതൊരിക്കലും തീരില്ലേയെന്നുള്ള വിഷാദത്തിലേക്കുമെല്ലാം കൂപ്പുകുത്താന്‍ പിന്നെ നിമിഷങ്ങള്‍ വേണ്ടിവരില്ല. ഒരിക്കല്‍വന്നുകഴിഞ്ഞാല്‍ പിന്നെ വിടാതെ താരന്‍ പിന്തുടരുമെന്നു വിശ്വസിക്കുന്നവരാണ് കൂടുതലും. പക്ഷേ, അല്‍പ്പം ചില പൊടിക്കൈകള്‍ കൊണ്ട് താരനെ പടിക്കു പുറത്താക്കി മുടിയുടെ ആരോഗ്യം ഉറപ്പു വരുത്താം.
1. മുട്ട നാരങ്ങാനീര് മിശ്രിതം തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
2. സവാള നീര് എടുത്ത് തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഒരു കപ്പു വെള്ളത്തില്‍ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞു ചേര്‍ത്ത മിശ്രിതം കൊണ്ട് കഴുകുക. അഞ്ച് മിനിറ്റിനു ശേഷം തല മുഴുവന്‍ ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുകുക. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ താരനെ ഇല്ലാതാക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇതു ശീലമാക്കാം.
3. മുടി കഴുകിയ ശേഷം ശിരോചര്‍മ്മത്തില്‍ തൈരു തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
4. ത്രിഫല പൊടി കുഴമ്പ് അര മണിക്കൂര്‍ തലയില്‍ ഇട്ട ശേഷം കഴുകിക്കളയുക.
5. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.
6. ഒരു ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
7. തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടി അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയുക.
8. വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ മിക്‌സ് ചെയ്യുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക.
9. ഉലുവ, ഏത്തപ്പഴം, മുട്ട എന്നിവയുടെ മിശ്രിതം തലയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
10. അണുമുക്തമായ ചീപ്പ് ഉപയോഗിക്കുക, സിങ്ക് (ബീന്‍സില്‍ ധാരാളമായി ഉണ്ട്) അടങ്ങിയ ഭക്ഷണം ശീലമാക്കുക.
താരന്‍ വരാതിരിക്കാന്‍
താരന്‍ എന്ന നീറുന്ന പ്രശ്‌നം മറികടക്കാന്‍ താരന്‍ വരാതെ സൂക്ഷിക്കുകയാണ് മാര്‍ഗ്ഗം. എണ്ണ നന്നായി തേച്ച മുടിയില്‍ പൊടിയും അഴുക്കും എളുപ്പം പിടിക്കുന്നു. ഇത് താരന്‍ ഉണ്ടാവാന്‍ കാരണമാവുന്നു. ദിവസവും ഏതെങ്കിലും 'മൈല്‍ഡ് ഷാംപൂ' ഉപയോഗിച്ചാല്‍ താരന്‍ വരാതെ സൂക്ഷിക്കാം. അതും വാട്ടര്‍ ബെയ്‌സ്ഡ് ഷാംപൂ തന്നെ ഉപയോഗിക്കണം. ചെമ്പരത്തി, വെള്ളില എന്നിവയിലേതെങ്കിലും ഒന്ന് താളിയാക്കി ഉപയോഗിക്കുന്നതും ഗുണം ചെയ്യും. തല നന്നായി കഴുകിയതിനു ശേഷം ഡ്രയര്‍ ഉപയോഗിച്ച് ഉണക്കണം. നനഞ്ഞ മുടിയിലും താരന്‍ വളര്‍ന്നേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates