

ലോകത്ത് 300 ദശലക്ഷം ആളുകളാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ബാധിച്ചിട്ടുണ്ടെന്ന് അറിയാതെ പ്രയാസപ്പെടുന്നത്. 2030-ല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസിനെ തുടച്ചുനീക്കുന്നതിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഇതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന ഓണ്‍ലൈന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടിംഗ് സംവിധാനം (ജിആര്‍എസ്എച്ച്) ഏര്‍പ്പെടുത്തുന്നുണ്ട്.
എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?
കരളിന്റെ വീക്കമാണ് ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്നത്. വൈറസ് മൂലമുള്ള വീക്കമാണെങ്കില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നു പറയും. എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന അഞ്ചുതരം വൈറസുകളാണ് വൈറല്‍ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ജീവന് അപകടമുണ്ടാക്കുന്നതാണ്. ഇവ കരളിന് നാശമുണ്ടാക്കുകയും കരളിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുകയും അര്‍ബുദത്തിന് കാരണമാകുകയും ചെയ്യും. ദീര്‍ഘനാളുകള്‍ക്കുശേഷം മരണത്തിനും കാരണമാകും.
ആഗോളതലത്തില്‍ വളരെ ഗൗരവകരമായ ആരോഗ്യപ്രശ്‌നമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഓരോ വര്‍ഷവും 1.34 ദശലക്ഷം ആളുകളാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ മൂലം മരിക്കുന്നത്. മൂന്നില്‍ രണ്ട് കരള്‍ അര്‍ബുദമരണങ്ങളും വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമാണ്. ഹെപ്പറ്റൈറ്റിസ് ബി രോഗമുള്ളവരില്‍ 90 ശതമാനം പേരും ഹെപ്പറ്റൈറ്റിസ് സി ബാധയുള്ള 80 ശതമാനം പേരും ഈ രോഗമുണ്ടെന്ന് അറിയുന്നില്ല. അതുകൊണ്ടാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ നിശബ്ദ കൊലയാളികള്‍ എന്നറിയപ്പെടുന്നത്.
വൈറല്‍ ഹെപ്പറ്റൈറ്റിസ് പുരോഗമിക്കുന്നതിന് അനുസരിച്ച് കരളിലെ കോശങ്ങള്‍ക്ക് വീക്കമുണ്ടാവുകയും സാധാരണ കരള്‍കോശങ്ങള്‍ക്ക് പകരമായി വടുക്കളുണ്ടാവുകയും ചെയ്യും. ഇതിനെ ഫൈബ്രോസിസ് എന്നാണ് പറയുന്നത്. കരളിന്റെ പ്രധാനഭാഗങ്ങള്‍ നശിക്കുന്നതുവരെ ഇത് തുടരും. അങ്ങനെ വരുമ്പോള്‍ കരളിന്റെ സാധാരണരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. രോഗത്തിന്റെ തുടക്കത്തില്‍ രോഗികളില്‍ മനംപുരട്ടല്‍, ഛര്‍ദ്ദി, വയറ്റിളക്കം, ക്ഷീണം തുടങ്ങിയവ സാധാരണമായിരിക്കും. അതുകൊണ്ടാണ് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് രോഗബാധയുള്ള 300 ദശലക്ഷം ആളുകളെ കണ്ടെത്തേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നത്. അവര്‍ക്ക് കരള്‍നാശവും കരള്‍ അര്‍ബുദവും വരുന്നതിന് മുമ്പുതന്നെ അവരെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇവര്‍ അറിയാതെതന്നെ മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ത്തുകയും ചെയ്യും.
ഹെപ്പറ്റൈറ്റിസ് സി സുഖപ്പെടുത്താവുന്നതും ഹെപ്പറ്റൈറ്റിസ് ബി ചികിത്സിക്കാവുന്നതുമാണ്. ഹെപ്പറ്റൈറ്റിസ് ബി-ക്കായി ഒരു വാക്‌സിനും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് രോഗമുണ്ടെന്ന് അറിയാതെ നടക്കുന്നവരെ തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവരെ തിരിച്ചറിയുന്നത് രോഗത്തെ തുടച്ചുനീക്കാന്‍ സഹായിക്കും. മുകളില്‍ പറഞ്ഞ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പരിശോധനയ്ക്ക് വിധേയരാവുക. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ തിരിച്ചറിയാനായി രക്തപരിശോധന വേണ്ടി വരും.
(ഡോ ഹരികൃഷ്ണന്‍ എസ്
കണ്‍സള്‍ട്ടന്റ്, ഗ്യാസ്‌ട്രോഎന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ആസ്റ്റര്‍ മിംസ്, കോഴിക്കോട്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates