രോ​ഗിയുടെ കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ? അറിയേണ്ടതെല്ലാം

മദ്രാസ് ഐ, പിങ്ക് ഐ എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന ചെങ്കണ്ണ് ഇന്ത്യയില്‍ വര്‍ഷാവര്‍ഷം 10 ദശലക്ഷത്തോളം ആളുകളില്‍ ഭീതി സൃഷ്ടിച്ചു പടര്‍ന്നുപിടിക്കാറുണ്ട്
രോ​ഗിയുടെ കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ? അറിയേണ്ടതെല്ലാം
Updated on
2 min read

ഫെബ്രുവരി പകുതിയോടെ ചൂടുകാലത്തിന്റെ വരവായി. ചൂടിനൊപ്പം വേനല്‍ക്കാല രോഗങ്ങളും പിടിമുറുക്കപ്പെടും. പ്രധാനപ്പെട്ട വേനല്‍ക്കാല രോഗങ്ങളിലൊന്നാണ് ചെങ്കണ്ണ്. മദ്രാസ് ഐ, പിങ്ക് ഐ എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന ചെങ്കണ്ണ് ഇന്ത്യയില്‍ വര്‍ഷാവര്‍ഷം 10 ദശലക്ഷത്തോളം ആളുകളില്‍ ഭീതി സൃഷ്ടിച്ചു പടര്‍ന്നുപിടിക്കാറുണ്ട്. 

ചൂടുകാലങ്ങളില്‍ ധാരാളം പേര്‍ക്ക് ഈ രോഗം പടര്‍ന്നു പിടിക്കുന്നതിനുള്ള പ്രധാന കാരണം വൈറസാണ്. അതോടൊപ്പം ചിലര്‍ക്ക് പനിയും ജലദോഷവും വരാം. പിന്നീടതില്‍ ബാക്റ്റീരിയയുടെ കടന്നുകയറ്റവും കൂടിയാകുമ്പോള്‍ രോഗം മൂര്‍ച്ഛിച്ച് ചുവന്ന്, പീളകെട്ടി, കാഴ്ച മങ്ങുന്നതിനും കാരണമാകാം. ബാക്ടീരിയ ഒറ്റയ്ക്കും രോഗമുണ്ടാക്കാറുണ്ട്. അത് സാധാരണയായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിക്കുകയും ചെയ്യും.

നേത്ര ഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേര്‍ത്ത ആവരണമായ Conjunctivaക്കുണ്ടാവുന്ന അണുബാധയും തുടര്‍ന്നുണ്ടാകുന്ന നീര്‍കെട്ടുമാണ് ഇതിന് മൂലകാരണം. അതുകൊണ്ട് രക്തക്കുഴലുകള്‍ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവന്നതായി മാറുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ മുതലായ രോഗാണുക്കളാണ് സാധാരണയായി ചെങ്കണ്ണുണ്ടാക്കുന്നത്.

ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ ചിട്ടവട്ടങ്ങളും മൂലം രോഗബാധയുള്ളവരുടെ കണ്ണിലെ ദ്രവം ഏതെങ്കിലും വിധേന മറ്റുള്ളവരിലേക്കെത്തിയാല്‍, ഉദാഹരണമായി ഉപയോഗിക്കുന്ന തുണികളിലൂടെയും പാത്രങ്ങള്‍, ഗ്ലാസ്, മൊബൈല്‍ ഫോണ്‍, പേന, ടിവി റിമോർട്ട് മുതലായ നിത്യോപയോഗ വസ്തുക്കളിലൂടെയും അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഉണ്ട്. 

കണ്ണിന് ചുവപ്പ്, വേദന, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളമൊഴുകുക, കണ്‍പോളകള്‍ വിങ്ങി വീര്‍ക്കുക, കണ്ണില്‍ പഴുപ്പടിഞ്ഞ് പീളകെട്ടുക, കണ്ണിനകത്തു നിന്ന് കൊഴുത്ത ദ്രാവകം വരിക ചിലപ്പോള്‍ ഈ ദ്രാവകം രാത്രിയില്‍ ഉറഞ്ഞു കട്ടിയാവുകയും തുടര്‍ന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയും വന്നുചേരും, വെളിച്ചത്തില്‍ നോക്കുമ്പോള്‍ കണ്ണിനു വേദനയും കണ്ണുനീരെടുപ്പും അനുഭവപ്പെടുക, കണ്ണിലെ കൃഷ്ണമണിയില്‍ വെളുത്ത തഴമ്പുകള്‍ വീഴുക തുടര്‍ന്ന് കാഴ്ചക്ക് മങ്ങലനുഭവപ്പെടുക. ഒരു കണ്ണിനോ അതോ രണ്ട് കണ്ണുകള്‍ക്കോ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാം.

ചിലരില്‍ ഈ രോഗം നേരിയ ഒരു ചുവപ്പോടുകൂടി വെള്ളമൊഴുക്കും ചൊറിച്ചിലുമായി കൂടുതല്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ അങ്ങനെ തന്നെ അവസാനിക്കാറുണ്ട്. ലക്ഷണങ്ങള്‍ ആദ്യമേതന്നെ കാണിച്ചു തുടങ്ങുമ്പോള്‍ ചികിത്സിക്കുന്നത് രോഗം പരമാവധി മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കുന്നത് തടയും. ആദ്യത്തെ രണ്ടാഴ്ചക്കുള്ളിലാണ് ഈ രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാനുള്ള തീവ്രത കാണിക്കാറുള്ളത്.

ചെങ്കണ്ണ് സ്ഥിരീകരിച്ചാല്‍ വീട്ടിനുള്ളില്‍ തന്നെയിരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കണം. ആന്റിബിയോട്ടിക് , തുള്ളിമരുന്നുകളും അവയുടെ തന്നെ ഓയിന്റ്മെന്റും ആയിരിക്കും ആദ്യമേ തുടങ്ങുന്ന മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നത്. സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് ഉപയോ​ഗിക്കേണ്ടത്. സ്റ്റിറോയ്ഡ് മരുന്നുകള്‍ രോഗം മാറിയതിനു ശേഷം യാതൊരുകാരണവശാലും തുടര്‍ന്ന് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

സാധാരണഗതിയില്‍ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് പെട്ടെന്ന് ദിവസങ്ങള്‍ കൊണ്ട് മാറും. പക്ഷെ വൈറസ് മൂലമാണെങ്കില്‍ അത് മാറാന്‍ ചിലപ്പോള്‍ രണ്ടാഴ്ചയെങ്കിലും എടുക്കും. ഇതില്‍ ജാഗരൂകരാകേണ്ടത് കണ്ണില്‍ വെളുത്ത തഴമ്പുകള്‍ വീണ് കാഴ്ച മങ്ങാന്‍ സാധ്യത ഉണ്ട് എന്നുള്ളതുകൊണ്ടാണ്. അതിനാല്‍ കാഴ്ചക്ക് മങ്ങലോ കണ്ണില്‍ വെളുത്തപാടുകളോ കാണപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. കണ്ണില്‍ ചുവപ്പ് വരാന്‍ കാരണങ്ങള്‍ വേറെയും ഉള്ളതിനാല്‍ സ്വയം ചികിത്സകള്‍ ഒഴിവാക്കി നേത്ര രോഗ വിദഗ്ധന്റെ സഹായം തേടുന്നത് തന്നെയാണ് ഉചിതം.

രോഗ ബാധയുള്ളയാള്‍ പൊതുസ്ഥലങ്ങള്‍, ഉത്സവം, വിവാഹം, മരണവീട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് കഴിവതും ഒഴിവാകാന്‍ ശ്രമിക്കുക. ഈയൊരു സമയത്ത് കോണ്ടാക്റ്റ് ലെന്‍സ് (Contact lens) യാതൊരുകാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷണക്രമത്തില്‍ പ്രത്യേകിച്ചും വിറ്റാമിനുകള്‍ ധാരാളമടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ കണ്ണില്‍ പൊടിയടിക്കാതിരിക്കാനും വെളിച്ചത്തു നോക്കുമ്പോള്‍ കണ്ണുവേദന ലഘൂകരിക്കാനും കറുത്ത കണ്ണട വയ്ക്കുന്നത് നല്ലതായിരിക്കും. 

ചെങ്കണ്ണ് രോ​ഗം സംബന്ധിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണയാണ് ചെങ്കണ്ണുള്ളയൊരാളുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരും എന്നത്. അതൊട്ടും ശരിയല്ല. രോഗിയുടെ കണ്ണുനീരില്‍ നിന്നുള്ള രോഗാണു ഏതെങ്കിലും വിധേന മറ്റൊരാളുടെ കണ്ണില്‍ കയറിയാലേ രോഗമുണ്ടാകൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com