

അമിതമായി വയാഗ്ര ഉള്ളില്‍ ചെന്നാല്‍ വര്‍ണ്ണാന്ധതയ്ക്ക് കാരണമാകുമെന്ന് പഠനം. നേരിട്ട് നടന്ന ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. യുഎസിലെ മൗണ്ട് സീനായ് ഹെല്‍ത്ത് സിസ്റ്റം ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.
അമിതമായ അളവില്‍ വയാഗ്ര ഉപയോഗിച്ച ശേഷം അടിയന്തരമായി വൈദ്യസഹായം തേടിയെത്തിയ 31 വയസുള്ള ആളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വയാഗ്രയുടെ ഉപയോഗം മൂലം ഇയാള്‍ക്ക് വര്‍ണ്ണാന്ധത ബാധിച്ചതായി സ്ഥിരീകരിച്ചു.
വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കപ്പെടുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. മരുന്ന് കഴിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ കാഴ്ചയെ ബാധിച്ചുവെന്നും രണ്ടു ദിവസം കഴിഞ്ഞിട്ടും ഇത് മാറിയില്ലെന്നും യുവാവ് ചികിത്സ തേടിയ സമയത്ത് പറഞ്ഞിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു സംഭവം.
50 മില്ലിഗ്രാം അളവില്‍ മാത്രമെ മരുന്ന് ഉപയോഗിക്കാവൂ എന്നാണ് ഡോക്ടര്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നത്. അതിലും കൂടുതല്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നു. ചുവപ്പുനിറം കലര്‍ന്ന പോലെയുള്ള കാഴ്ചയാണ് ഇയാള്‍ക്ക് ഉണ്ടായത്. ഇയാള്‍ ഉപയോഗിച്ച ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റ് താത്കാലികമായി കാഴ്ചയെ ബാധിക്കുന്നതാണ്. 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്‌നം സാധാരണഗതിയില്‍ പരിഹരിക്കപ്പെടുകയും ചെയ്യും.
പരിശോധനയില്‍ ഇയാളുടെ റെറ്റിനയില്‍ തകരാര്‍ കണ്ടെത്തി. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പലമരുന്നുകളും ഉപയോഗിച്ചിട്ടും ഇയാളിലെ വര്‍ണ്ണാന്ധതയ്ക്ക് മാറ്റമുണ്ടായില്ല. ഉയര്‍ന്ന അളവില്‍ കഴിച്ച വയാഗ്ര ഇയാളുടെ കണ്ണിലെ റെറ്റിനയുടെ ഘടനയെ മാറ്റിമറിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളെയാണ് ബാധിച്ചത്.
പാരമ്പര്യമായി മൃഗങ്ങളില്‍ ഉണ്ടായേക്കാവുന്ന റെറ്റിനിറ്റിസ് പിഗ്മെന്റോസ, അഥവാ കോണ്‍ റോഡ് ഡിസ്‌ട്രോഫി എന്ന രോഗത്തിന് സമാനമായ അവസ്ഥയാണ് ഇയാള്‍ക്കുമുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates