ന്യൂഡല്‍ഹി: പോളിയോ വിമുക്ത രാജ്യം എന്ന ഇന്ത്യയുടെ സല്‍പ്പേര് ഭാവിയില്‍ ഇല്ലാതാകുമോയെന്ന് ആശങ്ക. പോളിയോ രോഗത്തെ പ്രതിരോധിക്കാന്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിനുകളില്‍ അണുബാധ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യവിഭാഗം ആശങ്ക രേഖപ്പെടുത്തുന്നത്. പോളിയോ വാക്‌സിന്റെ മൂന്നു ബാച്ചുകളിലായി 1.5 ലക്ഷം ബോട്ടുകളിലാണ് ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെട്ട പോളിയോ വൈറസ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ഏപ്രില്‍ 2016ന് ശേഷം ജനിച്ച കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്ക പരന്നിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ആഗോളതലത്തില്‍ തുടച്ചുനീക്കിയ ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെട്ട പോളിയോ വൈറസിനെ ചെറുക്കാനുളള രോഗപ്രതിരോധശേഷി ഈ കുട്ടികള്‍ക്ക് ഇല്ലാത്തതാണ് ആരോഗ്യവിഭാഗത്തിന്റെ ഉല്‍കണ്ഠയ്ക്ക് കാരണം.
അണുബാധ കണ്ടെത്തിയ വാക്‌സിന്‍ നല്‍കിയ കുട്ടികള്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ ആരോഗ്യമന്ത്രാലയവും ലോകാരോഗ്യസംഘടനയും കടുത്ത ജാഗ്രതയിലാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നി സംസ്ഥാനങ്ങളാണ് മുഖ്യമായി ഈ വാക്‌സിന്‍ ഉപയോഗിച്ചത്. ഉത്തര്‍പ്രദേശിലാണ് അണുബാധ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നത്. ഗാസിയാബാദ് കേന്ദ്രീകരിച്ചുളള ബയോമെഡാണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചത്. സാര്‍വത്രിക പ്രതിരോധകുത്തിവെയ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കമ്പനിയാണിത്.
ഈ അണുബാധ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യമേഖലയില്‍ നിന്ന് തുടച്ചുനീക്കീയ വൈറസ് തിരിച്ചുവരുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഭയപ്പെടുന്നു. മലിനജലത്തിലും കുട്ടികളുടെ മലവിസര്‍ജ്ജനത്തിലും വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തി വരുകയാണ് അധികൃതര്‍. വെളളത്തില്‍ ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ , വൈറസ് വ്യാപനത്തിനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു മുതല്‍ ആറു മാസം കൊണ്ട് വ്യാപനം സാധ്യമാകും. ഇത് ആരോഗ്യരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് നിന്ന് അപ്രത്യക്ഷമായ വൈറസ് തിരിച്ചുവന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ആരോഗ്യമന്ത്രാലം നിയോഗിച്ചു.ഇതിനിടെ ബയോമെഡ് മാനേജിങ് ഡയറക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു ഡയറക്ടര്‍മാര്‍ ഇപ്പോഴും ഒളിവിലാണ്. ഡ്രഗ്രസ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കമ്പനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു.
ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെട്ട പോളിയോ വൈറസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കിയതിന് ശേഷം ടൈപ്പ് വണ്‍, ടൈപ്പ് ത്രീ വൈറസുകള്‍ ഉള്‍പ്പെടുന്ന വാക്‌സിനുകളില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. 1999ലാണ് ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെട്ട പോളിയോ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates