ആധുനിക ശാസ്ത്രത്തെ അമ്പരപ്പിക്കാന്‍ പോകുന്ന ചികിത്സാരീതികള്‍ ഇപ്പോഴും ഭദ്രമായി ശുശ്രുത സംഹിതയ്ക്കുള്ളിലുണ്ടെന്നതിന്റെ തെളിവാണ് ഷംസയെന്ന അഫ്ഗാന്‍കാരിയുടെ ജീവിതം. വെടിയേറ്റ് മൂക്ക് പൂര്‍ണമായും തകര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിയ്ക്കായി ആശുപത്രിയിലെത്തിയ യുവതിക്കാണ് ശസ്ത്രക്രിയയുടെ പിതാവെന്ന അറിയപ്പെടുന്ന ശുശ്രുതന്റെ ചികിത്സാരീതികളിലൂടെ പുതിയ ജീവിതം ലഭിച്ചത്. ഡല്‍ഹിയിലെ കെഎഎസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അങ്ങേയറ്റം സങ്കീര്‍ണമായിരുന്ന മൂക്ക് പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
നാല് വര്‍ഷം മുമ്പ് വിവാഹം നിശ്ചയിക്കപ്പെട്ട് കഴിഞ്ഞ് ഷോപ്പിംഗിനായി നഗരത്തിലേക്ക് ഇറങ്ങിയ ദിവസമാണ് 24 കാരിയായ യുവതിക്ക് ഭീകരാക്രമണത്തില്‍ മൂക്ക് നഷ്ടപ്പെട്ടത്. വെടിയേറ്റ് പൂര്‍ണമായും മൂക്ക് തകര്‍ന്നതോടെ ഗന്ധം തിരിച്ചറിയാനുള്ള കഴിവും പൂര്‍ണമായി നഷ്ടപ്പെടുകയായിരുന്നു.
ആധുനിക ശാസ്ത്രത്തെ തോല്‍പ്പിച്ച വിജയമാണ് ശുശ്രുതന്റേതെന്ന് ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ അജയ് കശ്യപ് പറഞ്ഞു. കവിളില്‍ നിന്നും തൊലിയെടുത്താണ് ശുശ്രുതശാസ്ത്ര പ്രകാരം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അധികം മുറിവുകളുണ്ടാക്കാതെ മൂക്ക് തിരികെ നിര്‍മ്മിച്ചെടുക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു സംഘത്തിന് മുമ്പിലുണ്ടായിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി.
ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ സഹായിക്കുന്ന പല നൂതന വിവരങ്ങളും സഹസ്രാബ്ദങ്ങള്‍ മുമ്പ് കണ്ടെത്താന്‍ ശുശ്രുതന് സാധിച്ചിരുന്നുവെന്നും മെഡിക്കല്‍ സംഘം പറയുന്നു. 25000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശുശ്രുത സംഹിത എഴുതപ്പെട്ടത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
