സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ ആയുര്‍വേദം 

സൂര്യാഘാത സാധ്യത അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആയൂര്‍വേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകും 
സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ ആയുര്‍വേദം 
Updated on
2 min read


സൂര്യാഘാത സാധ്യത അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആയൂര്‍വേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്  ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ വഴി ചികിത്സ ലഭ്യമാക്കുന്നുണ്ട്. വേനലില്‍ ഉണ്ടാകാവുന്ന  ശാരീരിക മാറ്റങ്ങളും വരാന്‍ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ സൂര്യാഘാതത്തെ പ്രതിരോധിക്കാനാകും.

ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം. വേഗം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും  തണുത്ത ഗുണത്തോടു കൂടിയതുമായ  ആഹാരങ്ങള്‍ വേനല്‍കാലത്ത് ആരോഗ്യം നിലനിര്‍ത്തുന്നതിനും വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണം.

കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തില്‍ ധാരാളമായി ഉപയോഗിക്കാം.  മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുക. ഗോതമ്പ്, അരി, കൂവരക്, ചോളം  ചെറുപയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം.കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം.  തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കുടിക്കാം.

മലര്‍പ്പൊടി പഞ്ചസാര ചേര്‍ത്ത് അല്‍പം വീതം കഴിക്കുന്നത് ക്ഷീണമകറ്റുന്നതിനു സഹായിക്കും. വിവിധ തരം പഴച്ചാറുകള്‍ നേര്‍പ്പിച്ചും ഉപയോഗിക്കാം.  തണ്ണിമത്തന്‍, മാങ്ങ, മുന്തിരി, പച്ചക്കറികള്‍, മത്തന്‍ എന്നിവ ജ്യൂസ് ആക്കിയും മോരിന്‍ വെള്ളം, നാരങ്ങാവെള്ളം  എന്നിവയും കുടിക്കാം.

വേനല്‍ക്കാലത്ത് മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം.  സാധാരണ കുടിക്കുന്നതിലും  കൂടുതല്‍ വെള്ളം വേനല്‍കാലത്ത് കുടിക്കണം. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതല്‍ 15 ഗ്ലാസ് വരെ വെള്ളം വേനല്‍ക്കാലത്ത് കുടിക്കണം.ശരീര താപം വര്‍ദ്ധിക്കുന്നതിനാല്‍ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം തുടങ്ങിയ എണ്ണകള്‍ പുരട്ടി കുളിക്കുന്നത് ത്വക്കിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കും.

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യ രശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ആണ് അനുയോജ്യം.സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ലഭ്യമായ ഷഡംഗം കഷായ ചൂര്‍ണം, ഗുളൂച്യാദി കഷായ ചൂര്‍ണ്ണം, ദ്രാക്ഷാദികഷായ ചൂര്‍ണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ഉപയോഗിക്കാം. വേനല്‍ക്കാല രോഗങ്ങള്‍ക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുര്‍വേദ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.

സൂര്യാഘാതം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുംമുന്‍പ് സൂര്യാതപത്തിന്റേതായ ലക്ഷണങ്ങള്‍ രോഗിയില്‍ വന്നു തുടങ്ങും. ശരീരതാപനില സാധാരണയില്‍ കൂടുതല്‍ ഉയരുക, തൊലിക്ക്  ചുവന്ന നിറം വരുക, തലചുറ്റല്‍, ക്ഷീണം, മനംപിരട്ടല്‍, തളര്‍ച്ച, ബോധം നഷ്ടമാകുക എന്നിവയൊക്കെ ഉണ്ടാകാം. ഈ അവസരത്തില്‍ വെയിലത്തു നിന്നും മാറ്റി ആവശ്യമായ ചികിത്സയും മരുന്നുകളും നല്‍കണം.
 സൂര്യാഘാതത്തില്‍ ശരീര താപനില വളരെ കൂടുതല്‍ ഉയരുന്നു, ശ്വാസോഛ്വാസം കൂടുകയും തൊലി ചുവന്ന് പിന്നീട് വരണ്ടതാകുകയും ചെയ്യും. ശരീരം വിയര്‍ക്കുന്നത് നില്‍ക്കുകയും അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. അമിതമായ താപനില ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് ബോധക്ഷയവും മരണവും സംഭവിക്കാം. 

സൂര്യാഘാതമേറ്റ രോഗിയെ താഴെ പറയുന്ന രീതിയില്‍ പരിചരിക്കാം:
സൂര്യതാപമേറ്റ ചുറ്റുപാടില്‍ നിന്നും ഉടന്‍ തന്നെ രോഗിയെ തണലിലേക്ക് മാറ്റണം. ശരീര താപനില ക്രമാനുഗതമായി കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ശരീരം നനഞ്ഞ തുണികൊണ്ട് പൊതിയുക. തല, കഴുത്തിന്റെ പുറകുവശം, കക്ഷഭാഗങ്ങള്‍, തുടയിടുക്കുകള്‍ എന്നിവിടങ്ങളില്‍ നനഞ്ഞ തുണി വയ്ക്കുന്നത് നല്ലതാണ്.

കുടിക്കാനായി മോരില്‍ ഇഞ്ചിയും മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കുക.  നറു നീണ്ടി, രാമച്ചം എന്നിവ ഇട്ട വെള്ളം തിളപ്പിച്ച് ഉപയോഗിക്കാം.കറ്റാര്‍വാഴയുടെ ഉള്ളിലുള്ള ഭാഗം തൊലിപ്പുറത്ത് പുരട്ടുന്നത് ഫലപ്രദമാണ്.  കുറച്ചു കുറച്ചായി വെള്ളം കുടിപ്പിക്കുക. കോളകള്‍, സോഡ ചേര്‍ന്ന പാനീയങ്ങള്‍, മദ്യം എന്നിവ കൊടുക്കരുത്. അത് നിര്‍ജജലീകരണം ഉണ്ടാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com