സ്തനാര്‍ബുദനിര്‍ണയത്തിന് പുതിയ ഉപകരണം കണ്ടുപിടിച്ച് കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകര്‍. രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയിച്ചതായി അധികൃതര്‍ അറിയിച്ചു. സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോക്ടര്‍ എ സീമയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.
ഇനിമുതല്‍ കാന്‍സര്‍ രോഗനിര്‍ണ്ണയം ഈ വെയറബിള്‍ സ്‌ക്രീനിങ് ഉപകരണം (ബ്രാ) വഴി നടത്താം. ഉപകരണം ഉടന്‍ തന്നെ വിപണിയിലെത്തും. മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സിമേറ്റ്, സിഡാക്ക്, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതുപയോഗിച്ചാല്‍ വേദനയോ ബുദ്ധിമുട്ടോ ഇല്ലെന്ന് ധരിച്ചവര്‍ പറഞ്ഞു.
രോഗമുള്ളവര്‍ ബ്രാ ധരിച്ചാല്‍ സ്തനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയും. പൊതുവെ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് മാമോഗ്രാഫി പരിശോധനയാണ് നടത്തുന്നത്. ബ്രാ വരുന്നതോടെ ഇതുപയോഗിച്ച് സംശയമുള്ളവര്‍ രോഗസ്ഥിരീകരണത്തിന് മാമോഗ്രാഫി പരിശോധന നടത്തിയാല്‍ മതി.
രോഗികളോടൊപ്പം 200 വൊളന്റിയര്‍മാരും ഗവേഷണത്തിന് സഹായികളായി. അരമണിക്കൂര്‍ ബ്രാ ഉപയോഗിച്ചാല്‍ രോഗസാധ്യത തിരിച്ചറിയാം. ബ്രാ വിപണിയിലെത്തിയാല്‍ ഒരാള്‍ക്ക് പരിശോധന നടത്താന്‍ 50 രൂപയില്‍ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ സീമ പറഞ്ഞു.
2014 മുതല്‍ 2018 വരെയായിരുന്നു ഗവേഷണകാലാവധി. മൂന്നരക്കോടി രൂപയാണ് ചെലവായത്. രോഗം തുടക്കത്തിലേ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates