സിനിമാ പ്രചരണ മേഖലയിലെ പെണ്‍ തിളക്കം

ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം പുലിമുരുകനടക്കം 35ഓളം ചിത്രങ്ങളുടെ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തത് പപ്പെറ്റ് മീഡിയയുടെ സ്ഥാപകയായ സീതലക്ഷ്മിയാണ്.
സീതാലക്ഷ്മി
സീതാലക്ഷ്മി

ഒരു സിനിമ വിജയിപ്പെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാവരും എഴുത്തുകാരും വിമര്‍ശകരുമൊക്കെയാകുന്ന സോഷ്യല്‍ മീഡിയക്കാലത്ത് തകര്‍ക്കണം എന്നുദ്ദേശിച്ച് എഴുത്തു തുടങ്ങിയാല്‍ തീരും. എന്നാല്‍ ഇതേ സാധ്യതകളെ പോസിറ്റീവായെടുത്തുകൊണ്ടാണ് പ്രമോഷന്‍ ടീമുകളുടെ വരവ്. 

എല്ലാ മേഖലയിലേതെന്നതു പോലെ ചലച്ചിത്ര മേഖലയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലും സ്ത്രീ പ്രാധിനിത്യം ഇക്കാലത്ത് പ്രകടമാണ്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ക്ക് ആകെയുള്ള സാധ്യത അഭിനയം മാത്രമല്ല. സിനിമയില്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാനുണ്ടെന്ന് സീതാ ലക്ഷ്മിയെന്ന വനിതയിലൂടെ മനസിലാക്കാം. ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം പുലിമുരുകനടക്കം 35ഓളം ചിത്രങ്ങളുടെ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തത് പപ്പെറ്റ് മീഡിയയുടെ സ്ഥാപകയായ സീതലക്ഷ്മിയാണ്..

2013ല്‍ ഹണീ ബി എന്ന ചിത്രത്തിലൂടെയാണ് സീത സിനിമാ മേഖലയിലേക്ക് ചുവടു വയ്ക്കുന്നത്. അവിടെ നിന്നങ്ങോട്ട് തിരക്കൊഴിഞ്ഞിട്ടില്ല. 2016ലാണ് പപ്പെറ്റ് മീഡിയ എന്ന സ്ഥാപനം ആയി മാറിയത്. സീതയുടെ സഹോദരന്‍ ശ്യാം മോഹനടക്കം ആറു പേരടങ്ങുന്ന ഒരു ടീം സീതയുടെ കൂടെയുണ്ട്. ഋഷി കാര്‍ത്തിക്, പാര്‍വതി പ്രകാശ്, വൈശാഖ്, വിഷ്ണു ശങ്കര്‍, പ്രണവ് രാജ് എന്നിവര്‍ അടങ്ങുന്നതാണ് സീതയുടെ ടീം. ഇവരെല്ലാം ഫ്രീലാന്‍സായാണ് പപ്പെറ്റ് മീഡിയയ്‌ക്കൊപ്പം ചേരുന്നത്.  എല്ലാവര്‍ക്കും ഒരേ സ്പിരിറ്റും ചടുലതയുമായാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുമല്ലോ.. മീഡിയാ മാനേജ്‌മെന്റിന് പുറമെ മീഡിയാ പ്ലാനിങ്, പിആര്‍ വര്‍ക്കുകള്‍, മൂവി പ്രമോഷന്‍സ്, പബ്ലിസിറ്റി, പ്രൊജക്റ്റ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡിസൈനിങ്, അഡ്വര്‍ടൈസിങ് മാനേജ്‌മെന്റ്, സെലിബ്രിറ്റി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളും പപ്പെറ്റ് മീഡിയ കൈകാര്യം ചെയ്യുന്നുണ്ട്.

സീതാലക്ഷ്മിയും ടീമംഗങ്ങളും
സീതാലക്ഷ്മിയും ടീമംഗങ്ങളും

നടനും നിര്‍മ്മാതാവും മുന്‍ സഹപ്രവര്‍ത്തകനുമായ വിജയ് ബാബുവാണ് സീതയെ ഹണീ ബിയുടെ പ്രമോഷന്‍ ജോലികള്‍ ചെയ്യാന്‍ ക്ഷണിക്കുന്നത്. പിന്നീടത് പപ്പെറ്റ് മീഡിയ എന്ന പ്രസ്ഥാനമായി വളരുകയായിരുന്നു. ഹണീ ബീ, ജംമ്‌നാ പ്യാരി, ചാര്‍ളി, പുലിമുരുകന്‍, അങ്കമാലി ഡയറീസ്, എബി, ഊഴം, ജെയിംസ് ആന്‍ഡ് ആലീസ്, ജോര്‍ജ്ജേട്ടന്‍സ് പൂരം, കാംബോജി, അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ 35ഓളം സിനിമകളുടെ പ്രമോഷന്‍ ജോലികള്‍ സീതലക്ഷ്മിയാണ് ചെയ്തത്. കൂടാതെ ലക്ഷ്യം, കെയര്‍ഫുള്‍, അവരുടെ രാവുകള്‍, ചങ്ക്‌സ് എന്നിവയോക്കെയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. 

സിനിമയുടെ പ്രമോഷന്‍ ജോലികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല പപ്പെറ്റ് മീഡിയ. ലോഞ്ച് ഇവന്റ്‌സ്, ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെല്ലാം ഈ സ്ഥാപനം കഴിവ് തെളിയിച്ചു കഴിഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ മീഡിയാ മാനേജ്‌മെന്റിന്റെ അനന്തമായ സാധ്യതകളിലേക്ക് ഇനിയും വ്യാപിപ്പിക്കാനാണ് സീതാലക്ഷ്മി ശ്രമിക്കുന്നത്. 

സിനിമാ മേഖലയിലേക്ക് വരുന്നതിനു മുന്‍പേ തന്നെ സീതയ്ക്ക് സുപരിചിതമായ മേഖലയാണ് മീഡിയ. ഏഷ്യാനെറ്റ്, സൂര്യ ടിവി, ഫ്‌ളവര്‍സ് ചാനല്‍ തുടങ്ങിയ മലയാളം ചാനലിലെല്ലാം ജോലി ചെയ്തിരുന്നു. 2005ല്‍ മാര്‍ ഇവാനിയസ് കോളജില്‍ പഠിയ്ക്കുന്ന സമയത്ത് പാര്‍ട് ടൈം ആയി ചെയ്ത് തുടങ്ങിയതാണ് സീത തന്റെ മീഡിയാ കരിയര്‍. പിന്നെ കൊച്ചി, കാക്കനാട്ടെ കേരള പ്രസ് അക്കാദമിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ട്ടൈസിങ്ങില്‍ പിജി ഡിപ്ലോമയും എടുത്തു. മീഡിയാ പ്രമോഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവസാന വാക്കായി പപ്പെറ്റ് മീഡിയ വളരണമെന്നതാണ് ഇവരുടെ സ്വപ്‌നം. 

ഒരു സ്ഥാപനം ഒറ്റയ്ക്ക് നടത്തുന്നതിന്റെ എല്ലാവിധ ബുദ്ധിമുട്ടുകളും സ്ത്രീയെന്ന നിലയിലും അല്ലാതെയും സ്വാഭാവികമായും നേരിടേണ്ടി വന്നിട്ടുണ്ട്. പെണ്ണായതുകൊണ്ട് ചെയ്യാനാവില്ല എന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന സ്വഭാവക്കാരിയല്ല സീതാലക്ഷ്മി... അതിനു കാരണം സീതയുടെ വീട്ടുകാര്‍ തന്നെയാണ്. കുടുംബത്തില്‍ നിന്നും തുടങ്ങുന്ന ആണ്‍ പ്രിവിലേജുകള്‍ക്കിടയില്‍ മുങ്ങി പോകേണ്ട അവസ്ഥയായിരുന്നില്ല സീതയ്ക്ക് തന്റെ കുടുംബത്തില്‍ നിന്നും ലഭിച്ചത്. പെണ്‍ കുട്ടിയായതിനാല്‍ നീ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും അച്ചനും അമ്മയും ഇത് വരെ എന്നോട് പറഞ്ഞട്ടില്ല. പൂര്‍ണ്ണ സ്വാതന്ത്രം നല്‍കിക്കൊണ്ടാണ് വളരാന്‍ അനുവദിച്ചത്. ഇത് ചുരുക്കം ചില സ്ത്രീകള്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യം മാത്രമാണെന്നു കൂടി സീതാലക്ഷ്മി ഓര്‍മ്മിപ്പിക്കുന്നു. 

സീതാലക്ഷ്മി
സീതാലക്ഷ്മി

പൊതുവെ സ്ത്രീ സാന്നിധ്യം കുറവുള്ള മേഖലയിലേക്കാണ് സീത കടന്നുവന്നത്... ഇതോടെ സിനിമയില്‍ പെണ്‍കുട്ടികള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്ന കാര്യം അഭിനയമാണെന്നുള്ള വാദം പാടെ പൊളിച്ചെഴുതാന്‍ സീതയ്ക്ക് കഴിഞ്ഞു. എപ്പോഴും പുതുതായി എന്തെങ്കിലും ചെയ്യണമെന്നുള്ള നിര്‍ബന്ധമാണ് വളര്‍ച്ചയുടെ പള്‍സ്. ആ പള്‍സ് സീതാലക്ഷ്മിയ്ക്കുണ്ട്. രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചു വരുന്ന സര്‍ക്കാര്‍ ജോലി ചെയ്യാനാവില്ല. എന്നും പുതിയ കാര്യങ്ങള്‍ പഠിക്കാനിഷ്ടമാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കണം. സ്വന്തമായി സ്‌പെയ്‌സ് കിട്ടുന്ന.. പരീക്ഷണങ്ങള്‍ക്ക് സാഹചര്യമുള്ള സ്വതന്ത്ര ഇടങ്ങള്‍ തേടുന്നവര്‍ക്ക് തികച്ചും പ്രചോദനം തന്നെയാണ് ഈ തൃശൂര്‍കാരി സിനിമാക്കാരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com