ഒറ്റയ്ക്കു നീന്തിക്കടന്ന കടല്‍...; എസ് സിതാര എഴുതിയ കുറിപ്പ്

കാന്‍സര്‍ വരുന്ന എല്ലാരും മരിച്ചു പോകാറില്ല. കാന്‍സര്‍ വന്നിട്ടേ ആളുകള്‍ മരിക്കുള്ളൂ എന്നുമില്ല. പക്ഷെ,അതിലൂടെ കടന്നു പോകുക എന്നത് അത്രത്തോളം ദുഷ്‌കരം തന്നെയാണ്. നൂറു ജന്മങ്ങള്‍ ജീവിച്ചു മരിക്കും പോലെ
ഒറ്റയ്ക്കു നീന്തിക്കടന്ന കടല്‍...; എസ് സിതാര എഴുതിയ കുറിപ്പ്

''കാന്‍സര്‍ വരുന്ന എല്ലാരും മരിച്ചു പോകാറില്ല. കാന്‍സര്‍ വന്നിട്ടേ ആളുകള്‍ മരിക്കുള്ളൂ എന്നുമില്ല. പക്ഷെ,അതിലൂടെ കടന്നു പോകുക എന്നത് അത്രത്തോളം ദുഷ്‌കരം തന്നെയാണ്. നൂറു ജന്മങ്ങള്‍ ജീവിച്ചു മരിക്കും പോലെ.''- കഥാകൃത്ത് എസ് സിതാര ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്.


കാന്‍സര്‍ സെന്ററിലേക്കുള്ള ഓരോ യാത്രയും ഓരോ പാഠങ്ങളാണ് , ഓരോ മുറിവുകളും. ഇന്ന് ,ഡോക്ടറെ കാണാനുള്ള പതിവ് കാത്തിരിപ്പിനിടെ, പല തവണ കണ്ണുകള്‍ നനഞ്ഞു. എനിക്ക് ചുറ്റും, രോഗത്തിന്റെ,വാര്‍ദ്ധക്യത്തിന്റെ,നിസ്സഹായതയുടെ,നിരാശയുടെ നൂറായിരം നിശ്വാസങ്ങള്‍. നോക്കൂ , നീ ഭാഗ്യവതിയാണ്, വരണ്ടു ക്ഷീണിച്ച കണ്ണുകളിലെ നേര്‍ത്ത പ്രത്യാശകള്‍ എന്നോട് പറഞ്ഞു, നീ തീര്‍ച്ചയായും ഭാഗ്യവതിയാണ്. ഒരു കടല്‍ ഒറ്റയ്ക്ക് നീന്തിക്കടന്നതിന്റെ ഓര്‍മ്മകളോടെ ഞാന്‍ പടികളിറങ്ങി. കണ്ണുകള്‍ നൊന്തു. ഇനി അടുത്ത സന്ദര്‍ശനം വരെ ഈ നോവ് ബാക്കിയുണ്ടാവും. ഉണ്ടാവണം. പ്രിയപ്പെട്ടവരേ, കാന്‍സര്‍ എന്ന വാക്കിനെ ഒരിക്കലും അപമാനിക്കരുത്. ലോകത്തു വേറെ രോഗങ്ങളില്ലാതെയല്ല. കാന്‍സര്‍ വരുന്ന എല്ലാരും മരിച്ചു പോകാറില്ല. കാന്‍സര്‍ വന്നിട്ടേ ആളുകള്‍ മരിക്കുള്ളൂ എന്നുമില്ല. പക്ഷെ,അതിലൂടെ കടന്നു പോകുക എന്നത് അത്രത്തോളം ദുഷ്‌കരം തന്നെയാണ്. നൂറു ജന്മങ്ങള്‍ ജീവിച്ചു മരിക്കും പോലെ.
അടുത്ത തവണ വരുന്നോ എന്റെ കൂടെ ബൈസ്റ്റാന്‍ഡര്‍ ആയി? പിന്നീടൊരിക്കലും നിങ്ങള്‍ ഒരാള്‍ക്ക് മേലെ കാന്‍സര്‍ എന്ന 'ശാപ'വാക്കു പരിഹാസത്തോടെയും നിന്ദയോടെയും ചൊരിയില്ല . ഒരിക്കലും. എങ്കിലും ദേഷ്യമില്ല. ഉള്ളത് സ്‌നേഹം മാത്രം. (മനസ്സൊന്നു ശെരിയാക്കാന്‍ വീട്ടില്‍ വന്നു കേറിയ ഉടനെ മോനെ ബലം പ്രയോഗിച്ചു തന്നെ പിടിച്ചു വെച്ച് കൊറേ സെല്‍ഫി എടുത്തു. ഞാന്‍ സെല്ഫിയെടുക്കാനും എഫ്ബിയില്‍ പോസ്റ്റ് ചെയ്യാനും ഓരോ കാരണം നോക്കി നിക്കുകയാ എന്നുള്ള ചീത്തപ്പേര് പുതുക്കാല്ലോ എന്നും കരുതി. അവന്‍ കരഞ്ഞു ലഹള കൂട്ടിയപ്പോ സെല്‍ഫി മഹാമഹം ഉപേക്ഷിച്ചു. ഇനി എല്ലാം മറന്നു കൊറച്ചുനേരം ഉറങ്ങണം. വൈന്നേരംഎണീറ്റു കട്ടന്‍ചായ കുടിക്കണം. ഗിച്ചു നോട് വഴക്കിടണം. അങ്ങനെയങ്ങനെ ഭൂമിയിലേക്ക് തിരിച്ചു നടക്കണം. )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com