ചൈനീസ് മൊസ്‌കിറ്റോ ബാറ്റുകള്‍ ഉയര്‍ത്തുന്നത് വന്‍ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍; കുട്ടികളില്‍ ബുദ്ധിവൈകല്യവും സൃഷ്ടിക്കും

കുട്ടികള്‍ ഈ ബാറ്റ് വായില്‍ വയ്ക്കാന്‍ ഇടയായാല്‍ അത് അവരുടെ ബുദ്ധിയെ തന്നെ ബാധിക്കും
ചൈനീസ് മൊസ്‌കിറ്റോ ബാറ്റുകള്‍ ഉയര്‍ത്തുന്നത് വന്‍ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍; കുട്ടികളില്‍ ബുദ്ധിവൈകല്യവും സൃഷ്ടിക്കും

അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ ചൈനീസ് ഉത്പന്നങ്ങളില്‍ ഒന്നായിരുന്നു കൊതുകിനെ കൊല്ലുന്നതിനുള്ള ഇലക്ട്രിക് ബാറ്റ്. വില കുറവായതും, കുറച്ച് കൂടുതല്‍ നാള്‍ ഉപയോഗിക്കാമെന്നതും, കൊതുകിനെ അനയാസം കൊല്ലുന്നതിലുള്ള കൗതുകവുമൊക്കെ കൊണ്ട് ഈ ബാറ്റുകള്‍ വാങ്ങാന്‍ അധികമാരും മടിച്ചില്ല. എന്നാല്‍ ചൈനയില്‍ നിന്നുമുള്ള ഇലക്ട്രിക് ബാറ്റുകള്‍ രാജ്യത്തിന്റെ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ചൈനീസ് ബാറ്റുകളില്‍ വയറിങ്, സര്‍ക്യൂട്ട് ബോര്‍ഡ്‌സ് എന്നിവയില്‍ വലിയ തോതില്‍ മാരകമായ ലെഡ്ഡ് ഉപയോഗിച്ചിരിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ ഹസാര്‍ഡസ് സബ്സ്റ്റന്‍സസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് മൊസ്‌കിറ്റോ ബാറ്റുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള കണ്ടെത്തല്‍. 

ചൈനീസ് ബാറ്റുകളിലെ ലെഡ്ഡിന്റെ സാന്നിധ്യം 3000 പാര്‍ട്ട്‌സ് പെര്‍ മില്യണ്‍ മുതല്‍ 82000 പിപിഎം വരെയാണ്. ഇലക്ട്രോണിക്‌സ് വസ്തുക്കളില്‍ 1000 പിപിഎമ്മില്‍ താഴെ ലെഡ്ഡ് ഉപയോഗിക്കാവു എന്ന യൂറോപ്യന്‍ യൂനിയന്‍ ഉടമ്പടിയാണ് ഇന്ത്യയും പിന്തുടരുന്നത്. എന്നാല്‍ അമിത തോതില്‍ ലെഡ്ഡിന്റെ സാന്നിധ്യം ഉണ്ടായിട്ടും ഇതിനെ പരിശോധന വിധേയമാക്കാനും, വിലക്കേര്‍പ്പെടുത്താനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. 

ഉപയോഗ ശേഷം കളയുന്ന മൊസ്‌കിറ്റോ ബാറ്റിലെ ലെഡ്ഡും മറ്റ് മാരക പദാര്‍ഥങ്ങളും മണ്ണിലും, ഭൂഗര്‍ഭ ജലത്തിലും ലയിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മാത്രമല്ല, കുട്ടികള്‍ ഈ ബാറ്റ് വായില്‍ വയ്ക്കാന്‍ ഇടയായാല്‍ അത് അവരുടെ ബുദ്ധിയെ തന്നെ ബാധിക്കുമെന്നും പഠനം നടത്തിയ ലാബിലെ വിദഗ്ധര്‍ പറയുന്നു. 

2016 ഫെബ്രുവരി മുതല്‍ നവംബര്‍ വരെ രണ്ട് ലക്ഷത്തോളം മൊസ്‌കിറ്റോ ഇലക്ട്രിക്‌സ് ബാറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലെഡ്ഡിലൂടെ വര്‍ഷം 143,000 മരണങ്ങള്‍ ലോകത്ത് സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ലെഡ്ഡിന്റെ അമിത ഉപയോഗത്തിലൂടെ പ്രതിവര്‍ഷം 60000 കുട്ടികളില്‍ ബുദ്ധിവൈകല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com