ശാസ്ത്രം തോറ്റിടത്തു സ്‌നേഹവും തോറ്റു; ഇനിയില്ല ആ ചിരി

ശാസ്ത്രം തോറ്റിടത്തു സ്‌നേഹവും തോറ്റു; ഇനിയില്ല ആ ചിരി

ശാസ്ത്രം തോറ്റിടത്തു സ്‌നേഹം ജയിക്കുമെന്നായിരുന്നു ബ്രാഡ്‌ലി ലൗറിയെന്ന ആറുവയസുകാരന്റെ കാര്യത്തില്‍ ലോകം കരുതിയിരുന്നത്. എന്നാല്‍, അതു വെറുതെയായിരുന്നു. ലൗറി മാലാഖമാര്‍ക്കൊപ്പം പറന്നു. ലൗറിയെ നിങ്ങള്‍ക്കറിയും. അതുമല്ലെങ്കില്‍ ലൗറിയുടെ ചിരിയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

ഇംഗ്ലീഷ് ക്ലബ്ബ് സണ്ടര്‍ലാന്‍ഡിന്റെ കടുത്ത ആരാധകനായിരുന്നു ലൗറി. കളിയും ചിരുമായി ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ലൗറി അസുഖബാധിതനായി. ഡോക്ടറെ കാണിച്ചപ്പോഴാണ് അറിയുന്നത് ലൗറി അര്‍ബുദത്തിന്റെ പിടിയിലായിട്ടുണ്ടെന്ന്. വൃക്കയിലാണ് അര്‍ബുദം കണ്ടെത്തിയത്.

പിന്നീട് ലൗറിക്കു ചികിത്സയുടെ കാലമായിരുന്നു. ഇതിനിടയില്‍ സണ്ടര്‍ലന്‍ഡും തങ്ങളുടെ പ്രിയ ആരാധകനു പിന്തുണയുമായി എത്തി. ലൗറിക്കു വേണ്ടി 'ബ്രാഡ്‌ലി ലൗവ്‌ലീസ് ഫൈറ്റ്' ഫൗണ്ടേഷന്‍ ക്ലബ്ബ് ഒരുക്കി. 

ഈ സംഭവങ്ങള്‍ നടക്കുന്ന സമയമായപ്പോഴേക്കും ബ്രാഡ്‌ലി ലൗറിക്കു ലോകമെമ്പാടുമുള്ള പ്രാര്‍ഥനകളും സ്‌നേഹങ്ങളും വന്നുകൊണ്ടേയിരുന്നു. ആഴ്‌സണല്‍, എവര്‍ട്ടണ്‍, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ വരെ പിന്തുണയുമായി എത്തി. അമേരിക്കയില്‍ വിദഗ്ധ ചികിത്സ നടത്താന്‍ സണ്ടര്‍ലന്‍ഡ് ഒരുക്കിയ ഫൗണ്ടേഷനിലേക്കു ക്ലബ്ബുകളും ആരാധകരും സംഭവനകളെത്തിച്ചുക്കൊണ്ടിരുന്നു.

ഒടുവില്‍ അമേരിക്കയിലെത്തിയ ലൗറിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതു കേട്ടു ഫുട്‌ബോള്‍ ലോകം വീണ്ടും സങ്കടത്തിലായി. അര്‍ബുദം കൂടുതല്‍ ഗുരുതരമായിരിക്കുന്നുവെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ കൈമലര്‍ത്തി. ഇനിയുള്ള ചികത്സ സ്‌നേഹവലും പരിചരണവും മാത്രമെന്ന് ഡോക്ടര്‍മര്‍ കുറിപ്പെഴുതി. 

ഡോക്ടര്‍മാര്‍ കൈവിട്ടെങ്കിലും ഫുട്‌ബോള്‍ ലോകം ലൗറിയെ കൈവിട്ടില്ല. അവന്റെ ആഗ്രഹങ്ങളെല്ലാം സണ്ടര്‍ലന്‍ഡ് സാധിച്ചുകൊടുത്തു. ഇഷ്ട ക്ലബ്ബിനു വേണ്ടി ഗോളടിക്കണമെന്നു പറഞ്ഞപ്പോള്‍ സണ്ടര്‍ലന്‍ഡ് മാനേജ്‌മെന്റിനു വേറെ ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. അവര്‍ അതിനുള്ള അവസരമൊരുക്കി. അതും ചെല്‍സിക്കെതിരേ.

കരുണയുടെ ഉറവ അവിടെയും തീര്‍ന്നില്ല. ആ മാസത്തെ ഗോള്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കി ബിബിസിയും ലൗറിയോടുള്ള പ്രിയം വ്യക്തമാക്കി. 

ക്രിസ്മസിനു എല്ലാവരുടെയും ആശംസവേണമെന്ന് പറഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തോളം ആശംസ കാര്‍ഡാണ് ലൗറിയുടെ വീട്ടിലെത്തിയത്.

ഒടുവില്‍ ഇതെല്ലാം വിട്ടെറിഞ്ഞു ലൗറി അര്‍ബുദത്തിനു കീഴടങ്ങിയിരിക്കുന്നു. സ്‌നേഹവും പ്രാര്‍ത്ഥനയും നിഷ്ഫലമായി തുടര്‍ന്നപ്പോള്‍ അവന്‍ മാലാഖമാര്‍ക്കൊപ്പം പന്തു തട്ടാന്‍ പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com